വീണ്ടും പേവിഷബാധ മരണം; തൃശൂരിൽ വളർത്തുനായയുടെ കടിയേറ്റയാൾ മരിച്ചു
Mail This Article
കയ്പമംഗലം (തൃശൂര്‍)∙ വീട്ടിൽ വളർത്തിയ നായക്കുട്ടിയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റു മരിച്ചു. പെരിഞ്ഞനത്ത് കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണനാണ് (60) വ്യാഴാഴ്ച വൈകിട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മൂന്നു മാസം മുൻപാണ് ഇദ്ദേഹത്തിന് നായയുടെ കടിയേറ്റത്. തെരുവിൽനിന്നു വീട്ടിൽ വന്നുകയറിയ നാല് മാസത്തോളം പ്രായമുള്ള നായക്കുട്ടിയെയാണ് ഇവർ വളർത്തിയത്.
കടിച്ചെങ്കിലും നായക്കുട്ടി ആയതിനാൽ ഉണ്ണികൃഷ്ണൻ സാരമായി എടുത്തില്ല. കുത്തിവയ്പ് എടുത്തില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നായ പിന്നീട് ചത്തു. ഏതാനും ദിവസം മുൻപു പനി തുടങ്ങി. വെള്ളം കുടിച്ചപ്പോൾ അസ്വസ്ഥത തോന്നിയതോടെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. ചികിത്സ നൽകിയെങ്കിലും വ്യാഴാഴ്ച സ്ഥിതി ഗുരുതരമായി. ഉച്ചയോടെ മരിച്ചെന്ന വിവരം പ്രചരിച്ചതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോഴാണു വിവരം തെറ്റാണെന്നു മെഡിക്കൽ കോളജിൽ നിന്നു സ്ഥിരീകരണമുണ്ടായത്. എന്നാൽ വൈകിട്ട് അഞ്ചിനു മരിച്ചു. ഭാര്യ: ദീപ. മകൾ:ആരതി കൃഷ്ണ. മരുമകൻ:വൈഷ്ണവ്.
English Summary: 60 year old man dies of rabies, three months after dog bite