ബിജെപിയോട് അഭിപ്രായ വ്യത്യാസമുണ്ട്, ദ്രൗപദി മുർമുവിന് പിന്തുണ: നിലപാടറിയിച്ച് അകാലിദൾ
Mail This Article
ന്യൂഡൽഹി ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ ദ്രൗപദി മുർമുവിനു പിന്തുണയുമായി ശിരോമണി അകാലിദളും. ന്യൂനപക്ഷങ്ങളുടെയും ചൂഷിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെ അന്തസ്സിന്റെയും പ്രതീകമായാണ് ദ്രൗപദിയെ കാണുന്നതെന്ന് അകാലിദൾ പറഞ്ഞു. വെള്ളിയാഴ്ച ചണ്ഡിഗഡിൽ നടന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗം ദ്രൗപദിയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചു പ്രമേയം പാസാക്കി.
ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ, ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളായ ബൽവീന്ദർ സിങ് ഭുന്ദർ, ചരൺജിത് സിങ് അത്വാൾ, പ്രേം സിങ് ചന്ദുമജ്ര, ഹർചരൺ ബെയിൻസ് എന്നിവരും ബാദലിനൊപ്പം ഉണ്ടായിരുന്നു.
‘ന്യൂനപക്ഷങ്ങളുടെ മനസ്സിൽനിന്ന് അരക്ഷിതാവസ്ഥ ഇല്ലാതാക്കുക, പഞ്ചാബിന്, പ്രത്യേകിച്ച് സിഖുകാരുടെ നീതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീകമായാണ് ദ്രൗപദി മുർമുവിനെ കാണുന്നത്. ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മഹാനായ ഗുരു സാഹിബിന്റേത്’– ശിരോമണി അകാലിദൾ വ്യക്തമാക്കി.
English Summary: "Despite Differences," Former BJP Ally Akali Dal Backs Droupadi Murmu For President