സമരം ശക്തമാക്കാൻ യൂണിയനുകൾ; വ്യാപാരത്തെ വലിയ രീതിയില്‍ ബാധിച്ചു: നെസ്റ്റോ
Mail This Article
കൽപറ്റ∙ കയറ്റിറക്ക് തര്‍ക്കത്തെ തുടര്‍ന്ന് വയനാട് കല്‍പറ്റയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ ചുമട്ടു തൊഴിലാളി യൂണിയനുകൾ തുടങ്ങിയ പന്തല്‍ കെട്ടി സമരം രണ്ടാഴ്ച പിന്നിടുന്നു. ചരക്കുമായി വരുന്ന വാഹനങ്ങളില്‍ നിന്നും സാധനം ഇറക്കാന്‍ അനുവദിക്കാതെ തൊഴില്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം നടക്കുന്നത്. എന്നാല്‍ കയറ്റിറക്ക് ലൈസന്‍സ് ഉള്ള ജീവനക്കാര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടെന്നും ഉപഭോക്താക്കളെയും ലോഡുമായി എത്തിയ വാഹനങ്ങളെയും തടഞ്ഞ തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്നും നെസ്റ്റോ വ്യക്തമാക്കി.
കല്‍പറ്റയില്‍ ഒരു മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിനു മുന്നിലാണു ഭരണ പ്രതിപക്ഷ ചുമട്ടു തൊഴിലാളി യൂണിയനുകള്‍ പന്തല്‍ കെട്ടി സമരം തുടങ്ങിയത്. നെസ്റ്റോയുടെ വാഹനങ്ങളില്‍ എത്തുന്ന ചരക്ക് അവരുടെ ജീവനക്കാരും മറ്റുള്ളവ തൊഴിലാളി യൂണിയനില്‍ പെട്ടവരും ഇറക്കുമെന്നായിരുന്നു ധാരണയെന്നു സമരക്കാര്‍ പറയുന്നു. മൊത്തം സാധനത്തിന്‍റെ അഞ്ച് ശതമാനം മാത്രമേ നെസ്റ്റോയുടെ വാഹനങ്ങളില്‍ എത്തിക്കൂ എന്നതായായിരുന്നു മാനേജ്മെന്‍റിന്‍റെ ഉറപ്പെന്നും വാദമുണ്ട്.
എന്നാല്‍ നെസ്റ്റോ തൊഴിലാളികളെ വഞ്ചിച്ചെന്നു യൂണിയനുകള്‍ ആരോപിക്കുന്നു. നെസ്റ്റോയുടേത് ഒഴികെയുള്ള വാഹനങ്ങളില്‍ സാധനങ്ങള്‍ എത്തുന്നത് അപൂര്‍വമായെന്നും അഞ്ച് ശതമാനം ലോഡ് പോലും തൊഴിലാളികള്‍ക്ക് ഇറക്കാന്‍ ലഭിച്ചില്ലെന്നുമാണു പരാതി. തൊഴിലവകാശം സംരക്ഷിക്കപ്പെടും വരെ സമരം തുടരാനാണു തീരുമാനം.
കയറ്റിറക്ക് ലൈസന്‍സ് ഉള്ള നാല് ജീവനക്കാര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ട്. സ്വന്തം നിലയ്ക്ക് സാധനങ്ങള്‍ ഇറക്കാന്‍ ഹൈക്കോടതിയുടെ അനുമതി ഉണ്ടെന്നും നെസ്റ്റോ വ്യക്തമാക്കി. എന്നാല്‍ മറ്റുള്ളവരെ കൊണ്ട് ലോഡ് ഇറക്കില്ല എന്നതാണ് തൊഴിലാളി യൂണിയനുകളുടെ നിലപാടെന്ന് മാനേജ്മെന്‍റ് ആരോപിക്കുന്നു. സമരം വ്യാപാരത്തെ വലിയ രീതിയില്‍ ബാധിക്കുന്നുവെന്നാണ് പരാതി. ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ തൊഴിലാളി യൂണിയനുകള്‍ തടയുകയാണെന്ന് നെസ്റ്റോ ആരോപിക്കുന്നു. പൊലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ സാധനങ്ങള്‍ ഇറക്കുന്നതെന്നും മാനേജ്മെന്‍റ് പറയുന്നു.
English Summary: Unloading row: Stir at Kalpetta hypermarket continuous