വിക്ടർ ജോർജ് പുരസ്കാരം ജിതിൻ ജോയൽ ഹാരിമിന്
Mail This Article
കോട്ടയം ∙ വിഖ്യാത ഫൊട്ടോ ജേണലിസ്റ്റ് വിക്ടർ ജോർജിന്റെ സ്മരണാർഥം കെയുഡബ്ല്യുജെ ട്രസ്റ്റ് ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ വയനാട് ബ്യൂറോ ഫൊട്ടോ ജേണലിസ്റ്റ് ജിതിൻ ജോയൽ ഹാരിമിന്. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് സെപ്റ്റംബർ ആദ്യവാരം സമ്മാനിക്കും. മംഗളം ദിനപത്രം തൊടുപുഴ ബ്യൂറോ ഫൊട്ടോ ജേണലിസ്റ്റ് എയ്ഞ്ചൽ അടിമാലി, കേരളകൗമുദി കോട്ടയം യൂണിറ്റ് സീനിയർ ഫൊട്ടോ ജേണലിസ്റ്റ് ശ്രീകുമാർ ആലപ്ര എന്നിവർ പ്രത്യേക പരാമർശത്തിനും അർഹരായി.
കശ്മീരിൽ മഞ്ഞു മലയിടിഞ്ഞ് മരിച്ച സുബൈദാർ സി.പി.ഷിജിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സല്യൂട്ട് ചെയ്യുന്ന മകൻ അഭിനവിന്റെ വികാരനിർഭരമായ ചിത്രമാണ് ജിതിൻ ജോയൽ ഹാരിമിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. മീഡിയ അക്കാദമി കോഴ്സ് കോ-ഓർഡിനേറ്റർ ലീൻ തോബിയാസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് ടി.തോമസ്, ദ് ഹിന്ദു മുൻ സീനിയർ ഫൊട്ടോഗ്രാഫർ എസ്.ഗോപൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ഫൊട്ടോ ജേണലിസ്റ്റുകൾ അയച്ച 79 എൻട്രികളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ചേർന്ന വിക്ടർ ജോർജ് അനുസ്മരണ യോഗത്തിൽ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായരാണ് അവാർഡ് പ്രഖ്യാപിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ എംപി സുരേഷ് കുറുപ്പ്, വിക്ടർ ജോർജ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. വിക്ടർ ജോർജിന്റെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഒത്തുചേർന്ന അനുസ്മരണ സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ചിത്ര കൃഷ്ണൻകുട്ടി, ക്ലബ് സെക്രട്ടറി റോബിൻ തോമസ് പണിക്കർ, ജില്ലാ കമ്മിറ്റിയംഗം ജോൺ മാത്യു എന്നിവർ സംസാരിച്ചു. മുതിർന്ന ഫൊട്ടോ ജേണലിസ്റ്റുകളെ ചടങ്ങിൽ ആദരിച്ചു.
English Summary :Jithin Joel Harim bags Victor George award