‘ഇതു ജീവിതത്തിനായുള്ള പോരാട്ടമാണ്’: സർക്കാരിനെതിരെ സമരവുമായി ആദിത്യ
Mail This Article
മുംബൈ ∙ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാരിനെതിരെ തെരുവിൽ സമരത്തിനിറങ്ങി ശിവസേന നേതാവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ. മുംബൈ മെട്രോ ലൈൻ–3 കാർഷെഡ് ആരെ കോളനി വനമേഖലയിൽ കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെയാണ് ആദിത്യ സമരം നയിച്ചത്. യുവാക്കളടക്കം നിരവധിപേർ സമരത്തിൽ അണിനിരന്നു.
‘ഇതു മുംബൈയ്ക്കു വേണ്ടിയുള്ള സമരമാണ്, ജീവിതത്തിനായുള്ള പോരാട്ടമാണ്. നമ്മുടെ വനങ്ങളെയും ഗോത്ര വിഭാഗങ്ങളെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണിത്. ഞങ്ങളോടുള്ള ദേഷ്യം സർക്കാർ മുംബൈയ്ക്കുമേൽ തീർക്കരുത്. കാടും പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം മുന്നിലുണ്ട്. മനുഷ്യന്റെ ആർത്തിയും അനുകമ്പയില്ലായ്മയും നഗരത്തിലെ ജൈവവൈവിധ്യത്തെ നശിപ്പിക്കാൻ അനുവദിച്ചുകൂടാ’– ആദിത്യ താക്കറെ പറഞ്ഞു.
മെട്രോ കാർ ഷെഡ് മുംബൈയിൽത്തന്നെ നിലനിർത്തണമെന്നും വനത്തെ ബാധിക്കരുതെന്നും നേരത്തേയും ആദിത്യ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ തീരുമാനത്തിനെതിരെ പ്ലക്കാർഡുയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണു സമരക്കാർ പ്രതിഷേധിച്ചത്. 2018ൽ ആലോചിച്ചതുപോലെ കൻജുൻമാർഗിലോ പഹാഡി ഗോറെഗാവിലോ കാർഷെഡ് സ്ഥാപിക്കണമെന്നാണു സമരക്കാരുടെ ആവശ്യം.
മുംബൈയുടെ ഹരിത ശ്വാസകോശമെന്നു വിശേഷിപ്പിക്കുന്ന 1800 ഏക്കർ ആരെ കോളനിയെന്ന വനത്തെ നശിപ്പിച്ചു കാർഷെഡ് സ്ഥാപിക്കാൻ ഷിൻഡെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന്റെ കാലത്ത് ഈ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പിന്നീട് അധികാരത്തിലെത്തിയ ഉദ്ധവ് താക്കറെ സർക്കാർ ആരെ കോളനിക്കു പകരം കൻജുൻമാർഗിൽ കാർഷെഡ് സ്ഥാപിക്കാൻ നിർദേശം നൽകി.
English Summary: "Fight For Life": Aaditya Thackeray Leads Protest Against Metro Car Shed