ADVERTISEMENT

വാഷിങ്ടൻ ∙ നമ്മുടെ പ്രപഞ്ചത്തിന്റെ ആദ്യ രൂപം എങ്ങനെയായിരുന്നു? മനുഷ്യരാശിയുടെ ഏറ്റവും വലിയ ആ ചോദ്യത്തിന് ഉത്തരമാകുന്ന സൂചനകൾ പുറത്തുവിട്ടിരിക്കുകയാണു നാസ. ലോകത്തിലെ ഏറ്റവും ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പായ ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ചിത്രങ്ങളാണു പ്രപഞ്ചത്തിന്റെ ആദിയിലേക്കു വെളിച്ചം വീശുന്നത്.

ജയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ അനേകം ചിത്രങ്ങൾ ആറു മാസമെടുത്തു സംയോജിപ്പിച്ച് ഒറ്റച്ചിത്രമാക്കുകയായിരുന്നു. ആയിരക്കണക്കിന് ആകാശഗംഗകൾ ഉൾച്ചേർന്ന ചിത്രം ഏവരെയും അമ്പരപ്പിക്കും. നീല, ഓറഞ്ച്, വെള്ള നിറങ്ങളുടെ സമ്മേളനമാണു ചിത്രം. ‘ഭൂമിയിൽ നിന്നൊരാൾ കയ്യിലെടുക്കുന്ന മണൽത്തരികളോളം വലുപ്പമുള്ള ആകാശഭാഗം’ എന്നാണു ചിത്രത്തെപ്പറ്റി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസന്റെ വിശേഷണം.

‘ചിത്രത്തിൽ കാണുന്ന പ്രകാശം 13 ബില്യൻ വർഷം മുൻപ് സഞ്ചാരം തുടങ്ങിയതാണ്. അതായത്, 13 ബില്യൻ വർഷങ്ങൾക്കു മുൻപുള്ള മഹത്തായ കാഴ്ചയാണു നമ്മൾ കാണുന്നത്’– അദ്ദേഹം പറഞ്ഞു. ബിഗ് ബാങ്ങിനു ശേഷം പ്രപഞ്ചം വികസിക്കാൻ തുടങ്ങിയത് 13.8 ബില്യൻ വർഷങ്ങൾക്കു മുൻപാണെന്നു ശാസ്ത്രസമൂഹം വിശ്വസിക്കുന്നു. ബിഗ് ബാങ്ങിനേക്കാൾ 800 ദശലക്ഷം വർഷങ്ങളുടെ കുറവേ ഇപ്പോൾ കാണുന്ന പ്രകാശത്തിനുള്ളൂ എന്നതാണു വലിയ സവിശേഷത.

‘ഇതു ചരിത്ര ദിവസമാണ്. അമേരിക്കയ്ക്കും മനുഷ്യരാശിക്ക് ആകെയും ചരിത്ര നിമിഷമാണിത്’– ചിത്രം പുറത്തുവിട്ടു കൊണ്ടു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ‘നമുക്കെല്ലാവർക്കും ആശ്ചര്യകരമായ നിമിഷമാണിത്. പ്രപഞ്ചത്തെ സംബന്ധിച്ചു പുതിയ അധ്യായം ഇന്നു തുറക്കുകയാണ്’– വൈസ് പ്രസിഡന്റ് കമല ഹാരിസ് അഭിപ്രായപ്പെട്ടു. ‘ആദ്യഘട്ട ചിത്രങ്ങളിലൂടെ വെബിന്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കമാണ്’ എന്നായിരുന്നു നാസയുടെ പ്രഖ്യാപനം.

വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിംസ് വെബ്, ആദിമ പ്രപഞ്ച ഘടന, തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്‌, നെപ്ട്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുമെന്നാണു പ്രതീക്ഷ. 31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്.

ചിത്രത്തിന് കടപ്പാട് :  നാസ
ജയിംസ് വെബ് ടെലിസ്കോപ്.

ഹബ്ബിൾ പ്രകാശ, യുവി കിരണങ്ങൾ ഉപയോഗിച്ചാണു ചിത്രങ്ങളെടുത്തതെങ്കിൽ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. ടെലിസ്‌കോപ്പിലെ വമ്പൻ സോളർ പാനലുകളാണ് ഊർജം നൽകുന്നത്. ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണു ജയിംസ് വെബുള്ളത്.

English Summary: First Pic Of Earliest Galaxies Formed After Big Bang By Webb Telescope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com