‘ഇത്രയും തള്ളിയ ഞാനിനി ഇവിടെ ഇറങ്ങട്ടെ, കപ്പൽ യാത്ര തുടരട്ടെ’; പടിയിറങ്ങി പ്രശാന്ത്
Mail This Article
തിരുവനന്തപുരം∙ കേരള ഷിപ്പിങ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെഎസ്ഐഎൻസി) എംഡി സ്ഥാനത്തുനിന്നു പടിയിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് എന്‍.പ്രശാന്ത് ഐഎഎസ്. കെഎസ്ഐഎൻസിലെ മൂന്നു വർഷത്തിലധികം നീണ്ട സേവനത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചാണ് ‘കപ്പൽ വിടുമ്പോൾ...’ എന്ന കുറിപ്പ്.
ഫയൽനീക്കം വേഗത്തിലാക്കാനും മുടങ്ങിക്കിടന്ന പല പ്രോജക്ടുകളും തീർപ്പാക്കാനും പുതിയ കപ്പലുകളും ബോട്ടുകളും നീറ്റിലിറക്കാനും ഇക്കാലയളവിൽ സാധിച്ചെന്ന് പ്രശാന്ത് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും കഴിഞ്ഞു. ഈയൊരു കപ്പലിനെ വെള്ളാനയിൽ നിന്ന് കറവപ്പശുവാക്കിയത് പലരും ഒത്ത് പിടിച്ചിട്ടാണ്. ഈ കപ്പലിന്റെ പ്രയാണം തുടങ്ങിയിട്ടേ ഉള്ളൂവെന്നും പ്രശാന്ത് കുറിച്ചു. പട്ടികജാതി/പട്ടികവർഗ വികസന വകുപ്പിൽ സെപ്‌ഷൽ സെക്രട്ടറിയായിട്ടാണ് പ്രശാന്തിന്റെ പുതിയ നിയമനം.
കുറിപ്പിന്റെ പൂർണരൂപം:
കപ്പൽ വിടുമ്പോൾ...
KSINC കുടുംബത്തിൽ ഞാൻ ചെന്ന് കൂടുന്നത് 2019 ഫെബ്രുവരി 18 നാണ്. ഒരുപാട് വെല്ലുവിളികളും അനുഭവങ്ങളും തന്ന 3 വർഷങ്ങൾ അതിവേഗം കടന്ന് പോയി. (ഇതിൽ 2 വർഷം കോവിഡ് എടുത്തു! ) ഇന്നലെ യാത്ര പറഞ്ഞ് ഓഫീസിൽ നിന്നിറങ്ങുമ്പോൾ ജീവിതത്തിലെ ഏറ്റവും രസകരമായ ഒരു അദ്ധ്യായത്തിന് തിരശ്ശീല വീണു. 16 വർഷത്തെ സർവ്വീസിൽ ചുമതല വഹിച്ച ഏറ്റവും ചെറിയ സ്ഥാപനം കൂടിയാണ് KSINC - ജോയിൻ ചെയ്യുമ്പോൾ കഷ്ടിച്ച് 10 കോടി ടേണോവർ ഉള്ള കൊച്ചു കമ്പനി. ചെറുതായതിനാലാവാം സഹപ്രവർത്തകരോട് കൂടുതൽ വ്യക്തിപരമായ അടുപ്പം തോന്നിയ ജോലി കൂടിയായിരുന്നു ഇത്. Actually I miss my staff today morning - പ്രദീപേട്ടനെ പ്രത്യേകിച്ച്!
നമ്മൾ നമുക്ക് വേണ്ടി രൂപീകരിച്ച KSINC whatsapp ഗ്രൂപ്പ് വഴി പ്രശ്നങ്ങളും അനുഭവങ്ങളും നേരിട്ട് പങ്കുവക്കാനും അത് ഭംഗിയായി പരിഹരിക്കാനുമായി. കുടുംബവിശേഷങ്ങൾ പോലും അവിടെ പങ്ക് വെക്കാറുണ്ട്. ജിവനക്കാരുടെ സന്ദേശങ്ങളോ അഭിപ്രായങ്ങളോ, പരാതികളോ, പരിഭവങ്ങളോ വരാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഈ കെട്ടുറപ്പ് KSINCയുടെ ഭാവി പുരോഗതിക്ക് കാരണമാകട്ടെ.
സെക്ഷനുകൾക്കും ടാസ്കുകൾക്കും സമാനമായ ഗ്രൂപ്പുകൾ സൃഷ്ടിച്ചതും നമ്മുടെ ജോലി സുഗമമാക്കി. ഏത് ജീവനക്കാരനും നേരിട്ട് MDക്ക് നേരിട്ട് മെസേജ് അയക്കാനും പരസ്യമായോ രഹസ്യമായോ കാര്യങ്ങൾ ചോദിക്കനും അറിയിക്കാനും സാധിച്ചത് എനിക്ക് ഏറെ ഗുണം ചെയ്‌തു. പരസ്പര വിശ്വാസമല്ലേ പ്രധാനം!
പേപ്പർരഹിത സംവിധാനമായ ഇ-ഓഫീസ് കൊണ്ടുവന്നതോടെ ഫയൽ നിക്കങ്ങൾ വേഗത്തിലാക്കാൻ നമുക്ക് കഴിഞ്ഞു. “ഫയൽ കാണാതാവൽ പ്രതിഭാസം” ഇതോടെ ഈ സ്ഥാപനത്തിൽ അവസാനിച്ചു. അഞ്ച് ദിവസത്തിൽ കൂടുതൽ ഫയൽ കൈവശം വെച്ചാൽ ഫൈൻ ഈടാക്കുന്ന ഏക പൊതുമേഖല സ്ഥാപനമായി KSINC.
100% ഇ-ടെൻഡറിംഗ് നടപ്പിലാക്കിയതോടെ നമ്മുടെ വർക്കുകളുടെ ടെൻഡറിംഗ് സംവിധാനം സുതാര്യമാക്കാൻ കഴിഞ്ഞു. കൂടുതൽ കോൺട്രാക്ടർമാർ ഇ-ടെണ്ടറിൽ പങ്കെടുക്കുകയും ചെലവുകൾ കുറയുകയും ചെയ്തു. അനാവശ്യമായ വാഹനങ്ങൾ വിറ്റ് ഒഴിവാക്കുകയും, സോളാർ പാനലുകൾ സ്ഥാപിക്കുകയും വഴി അനാവശ്യ ചെലവുകൾ കുറക്കാനായി. ഈ ആശയങ്ങൾ പലതും നമ്മുടെ ജീവനക്കാർ തന്നതാണ്!
NEFERTITI ക്രൂയിസ് കപ്പൽ വിജയമായതോടെ നമ്മുടെ കമ്പനി കേരളത്തിന് അകത്തും പുറത്തും ശ്രദ്ധ പിടിച്ചുപറ്റി. ഫൈൻ ആർട്സ് ഹാൾനു സമീപം നമ്മുടെ സ്വന്തം ജെട്ടി പുതുതായി പണിത് വരുന്നുണ്ട്. ഇത് പൂർത്തിയായാൽ ചെലവ് കുറച്ച്, കൂടുതൽ ട്രിപ്പുകൾ എടുക്കാനാവും. ഈയൊരു കപ്പലിനെ വെള്ളാനയിൽ നിന്ന് കറവപ്പശുവാക്കിയത് പലരും ഒത്ത് പിടിച്ചിട്ടാണ്. ഈ കപ്പലിന്റെ പ്രയാണം തുടങ്ങിയിട്ടേ ഉള്ളൂ!
അറിഞ്ഞ് കൊണ്ട് ആരെയും വേദനിപ്പിക്കാതിരിക്കാനും ഉപദ്രവിക്കാതിരിക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ ജോലിയുടെ ഭാഗമായി കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിയും വന്നിട്ടുണ്ട്. എന്നെ കൂടുതലും സഹിക്കേണ്ടി വന്നത് ഹെഡോഫീസിലെ ജീവനക്കാരാണ്. ചീഫ് പ്രോജക്ട് ഓഫീസറും, ചീഫ് എഞ്ചിനിയറും, കമ്പനി സെക്രട്ടറിയും, ഫിനാൻസ് മാനേജറും, കമേഷ്യൽ മാനേജറും, ടെക്നിക്കൽ മാനേജറും ഒക്കെയാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചവർ. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. സഹിക്ക്യന്നെ!
കോവിഡ് 19 ന് ശേഷം ഒരുപാട് വെല്ലുവിളികൾ ഉണ്ടായിട്ടും കൃത്യമായതും ശക്തമായതുമായ പ്ലാനിംങിലൂടെ വരുമാനക്കുറവ് നമ്മെ വല്ലാതെ ബാധിക്കാത്ത രീതിയിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ നടത്തികൊണ്ട് പോകാൻ നമുക്ക് കഴിഞ്ഞു. സർക്കാർ നൽകിയ നയപരമായ ആനുകൂല്യങ്ങളും പിന്തുണയും ഈ ഘട്ടത്തിൽ അമൂല്യമായിരുന്നു. ഞങ്ങളുടെ വകുപ്പ് മന്ത്രി മുഖ്യമന്ത്രി തന്നെയാണെന്നതും ഏറെ ഗുണം ചെയ്തു. ജീവനക്കാരുടെ ശമ്പളമോ ആനുകൂല്യങ്ങളോ മുടങ്ങിയില്ലെന്ന് മാത്രമല്ല, വർദ്ധനവ് നടപ്പിലാക്കുകയും ചെയ്യാനായത് വൈവിദ്ധ്യവൽകരണം വഴി കിട്ടിയ അധികവരുമാനം കൊണ്ടാണ്. മുടങ്ങിക്കിടന്ന പല പ്രോജക്ടുകളും തീർപ്പാക്കാനും, പുതിയ കപ്പലുകളും ബോട്ടുകളും നീറ്റിലിറക്കാനും, മറ്റ് സംസ്ഥാനങ്ങളിൽ ബിസിനസ് പിടിക്കാനും നമുക്കായി. ടൂറിസം വകുപ്പുമായി ചേർന്ന് ഒട്ടനവധി പ്രോജക്ടുകൾ മലബാർ മേഖലയ്ക്ക് വേണ്ടി ചെയ്യാനായി. KSINC യുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബോട്ടുകൾ ഇറക്കിയത് ഈ വർഷമാണ് - വർഷം തുടങ്ങിയിട്ടേ ഉള്ളൂ!
ഒരു സ്ഥാപനത്തിന്റെ മുന്നേറ്റം അവിടെ ജോലി ചെയ്യുന്നവരുടെയും ഒരുമിച്ചുള്ള മുന്നേറ്റമാണ്. ഇതിൽ യൂണിയനുകൾ വളരെ ക്രിയാത്മകമായ പങ്ക് വഹിക്കുന്നത് KSINC യുടെ ഭാഗ്യമാണ്. വരുമാനം വർദ്ധിപ്പിക്കാനുള്ള നല്ല പല ആശയങ്ങളും യൂണിയനുകൾ സജ്സ്റ്റ് ചെയ്തതാണ്. ബോധപൂർവ്വം എടുത്ത ചില സ്റ്റ്രാറ്റജികൾ ഫലം ചെയ്തു:
1. കുറഞ്ഞ ആസ്തി മോഡൽ (Low asset model) സ്വീകരിക്കുക.
2. കേരളത്തിന് പുറത്തേക്കു ബിസിനസ്സ് വ്യാപിപ്പിക്കുക.
3. കൺസൾട്ടൻസികൾ ഏറ്റെടുക്കുക.
4. കമ്പനിയുടെ കീഴിലുള്ള ഓരോ വിഭാഗത്തിന്റെയും അവലോകനങ്ങൾ, അച്ചടക്കനടപടികൾ എന്നിവ പിന്നീടുള്ള ആവശ്യത്തിനായി കൃത്യമായി ഡിജിറ്റലി റെക്കോഡ് ചെയ്യുക.
5. വല്ലപ്പോഴും കൂടിയിരുന്ന ബോർഡ് മീറ്റിങ്ങുകൾ മാസത്തിൽ ഒന്നോ രണ്ടോ ആയി കൂട്ടുക.
6. സ്വകാര്യസ്ഥാപനങ്ങളുമായി ബിസിനസ് ബന്ധം സ്ഥാപിക്കുക.
7. ബാർജുകളിൽ GPS സംവിധാനം കൊണ്ടു വന്ന് സമയബന്ധിതമായി ഇടപാടുകൾ നടത്തുക.
8. സാമ്പത്തിക അച്ചടക്കം സാധ്യമാക്കാൻ ഉപയോഗശൂന്യമായ സാധനങ്ങൾ ഒഴിവാക്കുക. ലഭ്യമായ ആസ്തിയിൽ നിന്ന് വാടക സ്വരൂപിക്കുക.
9. പ്രോജക്ട് സെൽ, സാങ്കേതിക സമിതി എന്നിവ രൂപീകരിച്ച് പ്രവൃത്തികൾ 100% സർക്കാർ നിയമാവലിക്ക് അനുസൃതമാക്കുക.
10. ചീഫ് എഞ്ചിനീയറെ വിജിലൻസ് ഓഫീസർ ആയി നിയമിക്കുക വഴി കൂടുതൽ ജാഗ്രത ഉറപ്പാക്കുക.
11. Tally യുടെ പുതിയ പകർപ്പിലേക്കു മാറുക. പേറോൾ മാനേജ്മെന്റ്ിലൂടെ കണക്കുകൂട്ടൽ ഏകീകൃതമാക്കുക. പരമാവധി ചോർച്ച തടയാൻ CCTV & automation നടപ്പിലാക്കുക.
12. ട്രിപ്പ് തിരിച്ചുള്ള ക്ലോഷർ ഓരോ വെസ്സെലിനും പ്രവർത്തികമാക്കി വരവ്ചെലവ് കണക്കുകൾ തെറ്റുകൂടാതെ കണക്കിൽ പെടുത്തുക.
13. അക്കൗണ്ട് ബുക്സ് ഓഡിറ്റിനു സമയബന്ധിതമായി തയാറാക്കുക. (2017 മുതൽ പെന്റിംഗ് ആയിരുന്ന നമ്മുടെ അക്കൗണ്ട്സ് ഇന്ന് അപ് ടു ഡേറ്റ് ആണ്) ഇന്റേണൽ ഓഡിറ്റ് കാര്യക്ഷമമാക്കുക.
ഒരുപാട് കാര്യങ്ങൾ നമ്മൾ കൂട്ടായി തുടങ്ങിവച്ചു. ചിലതൊക്കെ ചെയ്തുകഴിഞ്ഞു. അതിലേറെ കാര്യങ്ങൾ പാതിവഴിയിലാണ്. KSINC ക്ക് സമാനമായ മറ്റൊരു പൊതുമേഖല സ്ഥാപനം ഇന്ത്യയിൽ ഇല്ല എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല! വലിയ ഭാവിയുള്ള കമ്പനിയാണ്. കമ്പനിയുടെ സാധ്യതകൾ പൂർണ്ണതയിലേക്ക് എത്തിക്കാനും, ഈ വർഷം തന്നെ കമ്പനി ടേണോവർ 100 കോടി കടക്കാനും, അഭിമാനത്തോടെ കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി മനസ്സന്തോഷത്തോടെ ജോലി ചെയ്യാനും എല്ലാ ജീവനക്കാർക്കും ആവട്ടെ!
ഇത്രയും തള്ളിയ ഞാനിനി ഇവിടെ ഇറങ്ങട്ടെ, കപ്പൽ യാത്ര തുടരട്ടെ...Bon voyage!
- പ്രശാന്ത്
Edit: പലരും പുതിയ പോസ്റ്റ് എന്തെന്ന് കമന്റിൽ ചോദിച്ചു. സെപ്ഷ്യൽ സെക്രട്ടറി, SC Dev Dept, ST Dev Dept, OBC Dev Dept.
English Summary: N Prasanth's SM Post