ADVERTISEMENT

തൃശൂർ ∙ കേരള ആരോഗ്യ സർവകലാശാലയിൽനിന്നു ബിരുദം നേടിയവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇന്നു നടന്ന 15–ാമത് ബിരുദദാന ചടങ്ങിൽ 6812 പേർ ബിരുദധാരികളായതോടെ ഈ സർവകലാശാലയിൽനിന്ന് ഇതുവരെ ബിരുദം പൂർത്തിയാക്കിയവരുടെ എണ്ണം 1,06,478 ആയി. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ വളർച്ച ഉപയോഗപ്പെടുത്തി മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിൽ ഇന്ത്യ വലിയ മുന്നേറ്റമാണു നടത്താനിരിക്കുന്നതെന്നും കേരളത്തി‍ലും ഇത്തരം സംരംഭങ്ങൾ ധാരാളമായി ഉണ്ടാകണമെന്നും ബിരുദദാന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

വിദേശത്തേതടക്കമുള്ള മറ്റു സർവകലാശാലകളുമായി ചേർന്ന് ഗവേഷണ പദ്ധതികൾ വിപുലീകരിക്കാൻ ആരോഗ്യ സർവകലാശാല മുൻകയ്യെടുക്കണമെന്നും ഗവർണർ പറഞ്ഞു. 317 സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയ്ക്ക്, രാജ്യാന്തര നിലവാരത്തിലുള്ള പഠന വിലയിരുത്തലുകൾ ആവശ്യമുണ്ട്. അറിവു കൊണ്ടു മാത്രം ആരോഗ്യ പ്രവർത്തകരാവുന്നില്ലെന്നും അറിവ് മറ്റുള്ളവർക്കു വേണ്ടി എങ്ങനെ വിനിയോഗിക്കുന്നുവെന്നതും പ്രധാനമാണെന്നും ഗവർണർ പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ റാങ്ക് ജേതാക്കൾക്ക് ഗവർണർ സർട്ടിഫിക്കറ്റുകൾ കൈമാറി. സി.കെ.ജയറാം പണിക്കർ എൻഡോവ്മെന്റും വിതരണം ചെയ്തു.

കോവിഡ് കാലമായിട്ടും പരീക്ഷയിലും പഠനത്തിലും വിട്ടുവീഴ്ച ചെയ്യാതെയാണ് ആരോഗ്യ സർവകലാശാല മുന്നോട്ടു പോയതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. റജിസ്ട്രാർ ഡോ. എ.കെ.മനോജ് കുമാർ, പരീക്ഷ കൺട്രോളർ ഡോ.എസ്.അനിൽകുമാർ, ഡീൻമാരായ ഡോ.കെ.എസ്.ഷാജി, ഡോ.വി.എം.ഇക്ബാൽ, ഡോ.ആർ.ബിനോജ് എന്നിവർ പ്രസംഗിച്ചു.

English Summary : Number of graduates from Kerala University of Health Sciences crossed one lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com