ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ഗോത്രവിഭാഗക്കാരിയായ ദ്രൗപദി മുർമു, ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന കോൺഗ്രസ് നേതാവ് അജോയ് കുമാറിന്റെ പരാമർശം വിവാദത്തിൽ. ദ്രൗപദി മുർമുവിനെതിരായ അജോയ് കുമാറിന്റെ പരാമർശത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം രാജ്യത്തെ ഗോത്രവിഭാഗക്കാരോട് മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി നേതാവ് അമിത് മാളവ്യ ഉൾപ്പെടെയുള്ളവർ അജോയ് കുമാർ നടത്തിയ പരാമർശത്തിന്റെ വിഡിയോ സഹിതം പങ്കുവച്ചാണ് വിമർശിച്ചത്.

ചൊവ്വാഴ്ചയാണ് ‘ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തിന്റെ പ്രതിനിധി’യായി അജോയ് കുമാർ ദ്രൗപദി മുർമുവിനെ വിശേഷിപ്പിച്ചത്. ബിജെപി സ്ഥാനാർഥിയെന്ന നിലയിലായിരുന്നു അജോയ് കുമാറിന്റെ വിമർശനം. ദ്രൗപദിയെ ആദിവാസികളുടെ പ്രതീകമാക്കി അവതരിപ്പിക്കുന്നതിനെയും അദ്ദേഹം എതിർത്തിരുന്നു. അതേസമയം, അമിത് മാളവ്യ ഉൾപ്പെടെയുള്ളവർ തന്റെ പരാമർശത്തിൽനിന്ന് ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുന്നുവെന്നാണ് അജോയ് കുമാറിന്റെ നിലപാട്. തന്റെ പ്രസ്താവനയുടെ സമ്പൂർണരൂപം അദ്ദേഹം ട്വീറ്റും ചെയ്തിട്ടുണ്ട്.

‘‘ഞാൻ ഈ പറയുന്നത് ദ്രൗപദി മുർമുവിന്റെ മാത്രം കാര്യമല്ല. യശ്വന്ത് സിൻഹ മികച്ച സ്ഥാനാർഥിയാണ്. ദ്രൗപദി മുർമുവും നല്ല സ്ഥാനാർഥി തന്നെ. പക്ഷേ, ഇന്ത്യയുടെ തീർത്തും ദുഷിച്ച തത്വശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് അവർ. അവരെ ആദിവാസികളുടെ പ്രതീകമായി അവതരിപ്പിക്കുന്നത് ശരിയല്ല. റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കുന്ന സമയത്താണ് ഹത്രസ് സംഭവം ഉണ്ടായത്. അദ്ദേഹം ഒരു വാക്കെങ്കിലും മിണ്ടിയോ? പട്ടിക വിഭാഗക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി മാറിയിരിക്കുന്നു. ഇതുപോലുള്ള പ്രതീകങ്ങൾ സൃഷ്ടിച്ച് ഇന്ത്യയിലെ ആളുകളെ മണ്ടൻമാരാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. അതുകൊണ്ട് ഇത് ഇന്ത്യയുടെ ആത്മാവിനായുള്ള പോരാട്ടമാണ്. എല്ലാവരും യശ്വന്ത് സിൻഹയ്ക്കു വോട്ടു ചെയ്യണം.’ – ഇതായിരുന്നു അജോയ് കുമാറിന്റെ വാക്കുകൾ.

അജോയ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. തീർത്തും മോശം സാഹചര്യത്തിൽനിന്ന് പലവിധ വെല്ലുവിളികളെ തരണം ചെയ്ത് ഇത്രത്തോളമെത്തിയ ദ്രൗപദി മുർമുവിനെതിരായ കുമാറിന്റെ പരാമർശം അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചൂണ്ടിക്കാട്ടി.

‘‘ഏറ്റവും താഴേത്തട്ടിൽനിന്ന് പലവിധ വെല്ലുവിളികൾ തരണം ചെയ്ത് ഉയർന്നുവന്ന ഒരാളുടെ തത്വശാസ്ത്രവുമായി ബന്ധപ്പെട്ട് എന്ത് ദുഷിപ്പാണ് അദ്ദേഹം കണ്ടെത്തിയത്? എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമു മികച്ച എംഎൽഎയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇതുവരെ അഴിമതിയുടെ ചെറുകണിക പോലും അവർക്കെതിരെ ചൂണ്ടിക്കാണിക്കാനില്ല. അങ്ങനെയൊരു വ്യക്തിയെക്കുറിച്ച് എന്തു ദുഷിപ്പാണ് പറയാനുള്ളത്’ – പൂനവാല ചോദിച്ചു.

‘കോൺഗ്രസ് പാർട്ടി, പ്രത്യേകിച്ച് അജോയ് കുമാർ ഉപയോഗിച്ച ഭാഷ ദ്രൗപദി മുർമുവിനും താഴേത്തട്ടിൽനിന്നുള്ള അവരുടെ ഉയർച്ചയ്ക്കും അതിനായുള്ള അവരുടെ അധ്വാനത്തിനും മാത്രമുള്ള അപമാനമല്ല. രാജ്യത്തെ ആദിവാസി സമൂഹത്തിനു മുഴുവനുമുള്ള അപമാനമാണിത്. ഈ പരാമർശത്തിൽ കോൺഗ്രസ് പാർട്ടി വിശദീകരണം നൽകുകയോ അല്ലെങ്കിൽ ആദിവാസി സമൂഹത്തോടു മാപ്പു പറയുകയോ വേണം’ – പൂനവാല ആവശ്യപ്പെട്ടു.

English Summary: Droupadi Murmu represents 'evil philosophy of India', says Congress leader Ajoy Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com