പ്രണയാഭ്യർഥന നിരസിച്ചതിന് ഭീഷണി; യുവാവിന് ഒന്നരവർഷം തടവും പിഴയും

Mail This Article
പട്ടാമ്പി∙ പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ നിരന്തര ഭീഷണി മുഴക്കിയെന്ന കേസില്‍ യുവാവിന് ഒന്നര വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം സ്വദേശി ഉണ്ണിക്കത്തൊടി വീട്ടിൽ കൃഷ്ണദാസിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജി സതീഷ് കുമാന്റേതാണ് വിധി.
2021 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കൃഷ്ണദാസ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് മൊഴി. കൃഷ്ണദാസിന്റെ വിവാഹ അഭ്യർഥന പെൺകുട്ടി നിരസിച്ചതിലുള്ള വിദ്വേഷമായിരുന്നു കാരണം. വീട് അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയതോടെയാണ് പെണ്‍കുട്ടിയും കുടുംബവും ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്. ഒറ്റപ്പാലം എസ്ഐയായിരുന്ന അനൂപാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ഒന്‍പത് സാക്ഷികളെ വിസ്തരിച്ചു. നിഷ വിജയകുമാർ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിനെച്ചൊല്ലി പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം പതിവാകുന്ന കാലഘട്ടത്തില്‍ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
English Summary: Threat against girl in Pattambi, Court verdict