ADVERTISEMENT

കൊച്ചി ∙ ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ ശ്രീജിത്ത് രവിക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചികിത്സ ഉറപ്പാക്കുമെന്നു ശ്രീജിത്തിന്റെ പിതാവും ഭാര്യയും മജിസ്ട്രേട്ടിനു മുന്നിൽ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടെ നൽകിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നതിന്റെ രേഖകൾ കോടതിയിൽ നൽകിയിരുന്നു. ഇത് പരിഗണിച്ചാണു ജാമ്യം.

പ്രതി കൃത്യം ആവർത്തിക്കാൻ ഇടയുള്ളതിനാൽ ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകാമെന്നു കോടതി വ്യക്തമാക്കി. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ തുടങ്ങിയവ പ്രകാരമാണു നടനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഈ മാസം നാലിനു നടന്ന സംഭവത്തിൽ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ അഡീഷനൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തിരുന്നു. തൃശൂർ അഡീഷനൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജയിലിൽ തുടരേണ്ടിവരുന്നതു മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ മാസം നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. അയ്യന്തോൾ എസ്എൻ പാർക്കിനു സമീപത്തെ ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പതിനൊന്നും പതിനാലും വയസ്സുള്ള പെൺകുട്ടികൾക്കു മുന്നിൽ ശ്രീജിത്ത് രവി നഗ്നത പ്രദർശിപ്പിച്ചെന്നാണു പരാതി. ആഡംബര വാഹനത്തിലെത്തിയയാൾ അശ്ലീല പ്രദർശനം നടത്തിയെന്നു കുട്ടികൾ രക്ഷിതാക്കളോടു പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദർശനം നടത്തി. ഇതോടെ രക്ഷിതാക്കൾ വെസ്റ്റ് പൊലീസിനു പരാതി നൽകി. പാർക്കിനു സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ നടനെ തിരിച്ചറിഞ്ഞു.

സമാന കേസിൽ മുൻപു പാലക്കാട്ടും ശ്ര‍ീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഇതു ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രതിക്കു ജാമ്യം നൽകരുതെന്നു നിലപാടെടുത്തു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 3 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.

English Summary: Bail for Actor Sreejith Ravi in Pocso Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com