ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ ബോർഡിങ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംഘര്‍ഷം തുടരുന്ന തമിഴ്നാട് കളളക്കുറിച്ചിയില്‍ നിരോധനാജ്ഞ ഏർപ്പെടുത്തി. സ്കൂള്‍ പരിസരത്തുണ്ടായിരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും പൊലീസ് വ്യക്തമാക്കി. 

സ്കൂളിനകത്ത് കടക്കുന്നതിൽനിന്ന് പൊലീസിനെ തടഞ്ഞ സമരക്കാർ, സ്കൂളിനകത്തു കയറി അക്രമം അഴിച്ചുവിട്ടിരുന്നു. തമിഴ്നാട് പൊലീസ് മേധാവി സി.ശൈലേന്ദ്ര ബാബുവിനോടും ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും കള്ളക്കുറിച്ചിയിലെത്താൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശിച്ചു. മന്ത്രിതല സംഘവും സംഘർഷം നിയന്ത്രിക്കാൻ കള്ളക്കുറിച്ചിയിലെത്തും. അക്രമം തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും പ്രതികൾ ശിക്ഷിക്കപ്പെടുമെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു. സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാർഥിനിയുടെ ആത്മഹത്യയിൽ കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. സ്കൂൾ ബസും പൊലീസ് വാഹനവും ഉൾപ്പെടെ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഗ്രാമത്തിൽനിന്ന് കൊണ്ടുവന്ന ട്രാക്ടർ ഉപയോഗിച്ച് നിരവധി ബസുകൾ നശിപ്പിക്കുകയും മറിച്ചിടുകയും ചെയ്തു. ശേഷം പെട്രോളൊഴിച്ച് തീയിട്ടു. സ്കൂൾ കെട്ടിടത്തിനും തീയിട്ടു. 

പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്കുൾപ്പെടെ പരുക്കേറ്റെന്നാണ് വിവരം. രാവിലെ ചെന്നൈ–സേലം ദേശീയപാത പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. അതിനുശേഷമാണ് പ്രതിഷേധവുമായി സ്കൂളിനു മുന്നിലെത്തിയത്. 

ജൂലൈ 12ന് രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച ഉച്ചയോടെ മരിച്ചു. പഠിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകർ മാനസിക പീഡനം നടത്തിയെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സ്കൂളിലെ മറ്റു കുട്ടികളും ഇതേരീതിൽ പെരുമാറിയെന്നും കുറിപ്പിലുണ്ട്. കത്തിൽ സൂചിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അധ്യാപകരെ വിട്ടയച്ചു.

English Summary: Violence breaks out over Class 12 student's death in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com