രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യുപി എംഎൽഎയും തമിഴ്നാട് എംപിയും വോട്ട് ചെയ്തത് കേരളത്തിൽ
Mail This Article
തിരുവനന്തപുരം∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 എംഎൽഎമാരും വോട്ടു ചെയ്തു. നിയമസഭാ സമുച്ചയത്തിലെ മൂന്നാം നിലയിൽ സജ്ജീകരിച്ച ബൂത്തിലായിരുന്നു എംഎൽഎമാർ വോട്ടു രേഖപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്കാണ് കേരളത്തിൽ നിന്നുള്ള മുഴുവൻ വോട്ടുകളും ലഭിക്കേണ്ടത്.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നുള്ള എംപി ജി.ജ്ഞാന തിരുവിയവും ഉത്തർപ്രദേശിലെ സേവാപുരി എംഎൽഎ നീൽ രത്തൻ സിങ്ങും കേരള നിയമസഭയിലാണ് വോട്ടു ചെയ്തത്. കോവിഡ് ബാധിതനായ ജ്ഞാന തിരുവിയം പിപിഇ കിറ്റ് അണിഞ്ഞാണ് വോട്ടു ചെയ്യാൻ എത്തിയത്.
പാലക്കാട് ചികിത്സയിലായിരുന്ന യുപി എംഎൽഎ അവിടെ നിന്നാണ് വോട്ടു ചെയ്യാൻ എത്തിയത്. വീൽ ചെയറിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. ടി.പി.രാമകൃഷ്ണൻ എംഎൽഎയാണ് ആദ്യം വോട്ടു ചെയ്തത്. കോവിഡ് ബാധിതനായ ജ്ഞാന തിരുവിയം ആണ് അവസാനം വോട്ടു ചെയ്തത്.
English Summary : President Election : All 140 MLAs of Kerala voted