ADVERTISEMENT

ചെന്നൈ ∙ തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവിൽ പോയതായി പൊലീസ്. ഇന്നലെ രാത്രിയോടെയാണ് പെൺകുട്ടിയുടെ റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും പെട്ടെന്ന് ഏറ്റെടുത്തു സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വിദ്യാർഥിനിയുടെ വീട്ടിൽ നോട്ടിസ് പതിച്ചു.

സുപ്രീം കോടതി നിർദേശിച്ചിട്ടു പോലും പെൺകുട്ടിയുടെ കുടുംബം പോസ്റ്റ്മോർട്ടം നടപടികളുമായി സഹകരിച്ചില്ലെന്നായിരുന്നു പൊലീസിന്റെ ആരോപണം. ചൊവ്വാഴ്ച രാവിലെ കുടുംബം നിർദേശിക്കുന്ന ഡോക്ടർമാരെ കൂടി മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി തള്ളി. 

മദ്രാസ് ഹൈക്കോടതിയുടെ നിർദേശങ്ങൾ അനുസരിച്ച് റീ പോസ്റ്റ്മോർട്ടം നടത്താനും തുടർനടപടികളിൽ സഹകരിക്കാനും കോടതി നിർദേശം നൽകുകയും ചെയ്‌തു. പോസ്റ്റ്മോർട്ടം നടക്കുന്ന കള്ളക്കുറിച്ചി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വരികയാണെന്നു പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ജില്ലാ ഭരണകൂടത്തെ അറിയിച്ചുവെങ്കിലും എത്തിയില്ല.

മൃതദേഹം ഏറ്റെടുക്കാൻ എത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ പലകുറി ബന്ധപ്പെടാൻ പൊലീസും ജില്ലാഭരണകൂടവും ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ വീട്ടിൽ നോട്ടിസ് പതിച്ചത്. കുടുംബം ഒളിവിൽ പോയതായി പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഇന്നലെ വൈകിട്ടു പെൺകുട്ടിയുടെ കുടുംബത്തിന്റെ അസാന്നിധ്യത്തിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ കോടതി അനുവദിച്ചത്. 

കള്ളക്കുറിച്ചി ചിന്നസേലം ഇന്റർനാഷനൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയെ കഴിഞ്ഞ ബുധനാഴ്ചയാണു ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം നിലയിൽനിന്നു ചാടുകയായിരുന്നു എന്നാണു സ്കൂൾ അധികൃതർ അറിയിച്ചത്. മരണത്തിനു മുൻപു പെൺകുട്ടിയുടെ ശരീരത്തിൽ പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം തുടങ്ങി.

വിദ്യാർഥിനി എഴുതിയതെന്നു പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ശനിയാഴ്ച വിട്ടയച്ചതോടെ പ്രക്ഷോഭം ശക്തമായി. പെൺകുട്ടിയുടെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം. 

English Sumamry: Kallakurichi student death: Family demands justice, says 'no funeral till arrest of accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com