കരുവന്നൂരിൽ പ്ലസ്ടു വിദ്യാർഥി പാലത്തിൽനിന്ന് പുഴയിൽ ചാടി; പ്രണയ നൈരാശ്യമെന്ന് കുറിപ്പ്
Mail This Article
കരുവന്നൂര്‍ ∙ വലിയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാർഥിയെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ സൈക്കിളിലെത്തിയ അലൻ ക്രിസ്റ്റോ എന്ന വിദ്യാർഥിയാണ് പുഴയിൽ ചാടിയതെന്നാണ് വിവരം. പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പും കണ്ടെത്തി. ഇരിങ്ങാലക്കുടയിൽ നിന്ന് അഗ്നിരക്ഷാ സേനയും തൃശൂരിൽ നിന്ന് സ്കൂബാ ടീമും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥിയെ കണ്ടെത്താനായില്ല. ചിമ്മിനി ഡാം തുറന്നതിനാല്‍ പുഴയില്‍ നല്ല ഒഴുക്കുണ്ട്. ഇരിങ്ങാലക്കുട, ചേർപ്പ് പൊലീസ് സ്ഥലത്തെത്തിയാണ് തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
പാലത്തിന്റെ പകുതിയിൽ സൈക്കിൾ നിർത്തിയ വിദ്യാർഥി പാലത്തിന്റെ കൈവരികൾക്കു സമീപം നിൽക്കുന്നത് പാലത്തിനടിയിൽ പുഴക്കരയിലെ വീട്ടിലെ യുവാവ് കണ്ടു. ഇയാൾ ഉച്ചത്തിൽ ശകാരിച്ചതോടെ ആദ്യം ഒന്ന് അമാന്തിച്ചെങ്കിലും വിദ്യാർഥി വീണ്ടും കൈവരികളിലേക്കു പിടിച്ച് കയറുകയായിരുന്നു. ഇതു കണ്ട പാലത്തിനു സമീപത്തെ
ഒാട്ടോറിക്ഷ തൊഴിലാളികൾ പിടിക്കാൻ ഒാടിയെത്തുമ്പോഴേയ്ക്കും പുഴയിലേക്ക് എടുത്തുചാടി.
ഇൗ വഴി സ്കൂട്ടറിൽ പോകുകയായിരുന്ന മൂർക്കനാട് സ്വദേശി അജയൻ സ്കൂട്ടർ നിർത്തി പിടിക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ തെടാനേ കഴിഞ്ഞുള്ളൂ. താഴെ പോയി വഞ്ചിയെടുത്ത് പുഴയിലേക്ക് ഇറങ്ങിയെങ്കിലും വിദ്യാർഥി മുങ്ങിപ്പോയി.
സൈക്കിളിൽ ഉണ്ടായിരുന്ന നോട്ട് ബുക്കില്‍ അലന്‍ ക്രിസ്റ്റോ എന്ന പേര് എഴുതിയിട്ടുണ്ടെന്നും ആത്മഹത്യ കുറിപ്പു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി ചുങ്കത്ത് ജോസിന്റെ മകനാണ് അലൻ ക്രിസ്റ്റോ. അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂളിലെ വിദ്യാര്‍ഥിയാണ്. അലനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
English Summary: Plus Two Student Jumps Into River In Irinjalakuda