ചോരവീണു കറുത്ത ആ ജൂലൈ; കൊളംബോ നടുങ്ങിയ ദിനങ്ങൾ, പുലികളുടെ കടന്നുവരവ്
Mail This Article
ശ്രീലങ്കൻ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുത്തു. 44 വർഷത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുത്തതും. ജനരോഷത്തെത്തുടർന്ന് ഗോട്ടബയ രാജപക്സെ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ആക്ടിങ് പ്രസിഡന്റായി ചുമതല വഹിച്ചിരുന്ന വിക്രമസിംഗെ ദ്വീപുരാഷ്ട്രത്തിന്റെ തലപ്പത്തെത്തിയെങ്കിലും ശ്രീലങ്ക നേരിടുന്ന ഭരണപ്രതിസന്ധി പൂർണമായും ഒഴിഞ്ഞതായി കണക്കാക്കാനാവില്ല. പാർലമെന്റിൽ നൂറ് അംഗങ്ങളുള്ള ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമനയിലെ(എസ്എൽപിപി) ഒരു വിഭാഗത്തിന്റെ പിന്തുണ റനിലിനായിരുന്നതിനാൽ ഈ ഫലം അംഗീകരിക്കാനാവില്ലെന്നാണ് പ്രക്ഷോഭകർ പറയുന്നത്. രാജപക്സെ കുടുംബത്തിന്റെ തന്നെ നോമിനിയാണ് റനിലെന്നാണ് ആക്ഷേപം. അനിശ്ചിത ഭരണസഖ്യങ്ങളിലൂടെയും ആഭ്യന്തരകലാപങ്ങളിലൂടെയും മുന്നോട്ടുപോയ രാജ്യത്തിന് പുതിയ ദിശാബോധം നൽകാൻ റനിലിനാകുമോ. നാഥനില്ലാത്ത മരതകദ്വീപ് പരമ്പര തുടരുന്നു....
ഒന്നാം ഭാഗം: ക്ഷോഭമടങ്ങാതെ ലങ്ക; ‘അരി വില’ ഹർത്താൽ, കുടുംബവാഴ്ച
രണ്ടാം ഭാഗം: ബന്ദാരനായകെയെ വെടിവച്ചിട്ട ബുദ്ധസന്യാസി; ലങ്കയിൽ ‘സിംഹള മാത്രം’ എന്ന ദുർഭൂതം
മൂന്നാം ഭാഗം: ലങ്ക പിടിക്കാൻ മാർക്സിസം, ലെനിനിസം!
∙ സിരിമാവോ നേരിട്ട പ്രതിസന്ധി
ശ്രീലങ്കൻ ഗ്രാമങ്ങളും നഗരങ്ങളും കീഴടക്കി മുന്നേറിയ ജനതാ വിമുക്തി പെരുമനയെ തടയാൻ സൈന്യത്തിനു കഴിഞ്ഞില്ല. മുൻപു നടന്ന അട്ടിമറി ശ്രമങ്ങളെ തുടർന്ന് സൈന്യത്തിനുള്ള എല്ലാ സഹായങ്ങളും സർക്കാർ നിർത്തിവച്ചിരുന്നു. സൈന്യത്തിന് കലാപം നേരിടാൻ കഴിയില്ല എന്ന് മനസ്സിലായതോടെ സിരിമാവോ സർക്കാർ സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി. 14 രാജ്യങ്ങൾ അതിവേഗം സൈനിക സഹായമെത്തിച്ചു. ഇന്ത്യയും അതിവേഗം പ്രതികരിച്ചു.
യുദ്ധവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളും പടക്കോപ്പുകളുമായി ഇന്ത്യൻ വ്യോമസേന ശ്രീലങ്കയിൽ പറന്നിറങ്ങി. ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുകളും ശ്രീലങ്കയ്ക്കു സമീപം നിലയുറപ്പിച്ചു. ഇന്ത്യൻ സേനാവിഭാഗങ്ങൾ കൊളംബോ വിമാനത്താവളം ഉൾപ്പെടെ തന്ത്രപ്രധാനമായ സ്ഥലങ്ങൾക്ക് സുരക്ഷയൊരുക്കി. ആവശ്യത്തിന് വെടിക്കോപ്പുകളും ശ്രീലങ്കൻ സൈനികർക്ക് നൽകി. സോവിയറ്റ് യൂണിയന്റെ മിഗ് വിമാനങ്ങൾ കലാപകാരികളുടെ ഒളിത്താവളങ്ങൾ ആക്രമിച്ചു. പാക്കിസ്ഥാനും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ സഹായമെത്തിച്ചു.
അതോടെ ശ്രീലങ്കൻ സേനയ്ക്ക് ജൂൺ മാസത്തോടെ കലാപം പൂർണമായും അടിച്ചമർത്തുവാൻ കഴിഞ്ഞു. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിരുന്നു. 20,000 ൽപരം കലാപകാരികൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഏകദേശം 5,000 പേർ മരിച്ചെന്നും അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കലാപകാരികൾക്ക് രഹസ്യമായി ആയുധമെത്തിച്ചു എന്നാരോപിച്ച് ഉത്തര കൊറിയയുമായുള്ള നയതന്ത്രബന്ധം കലാപശേഷം ശ്രീലങ്ക വിച്ഛേദിച്ചു.
∙ എന്തുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും റഷ്യയും മാത്രം?
കലാപകാരികളെ നേരിടുവാൻ എന്തുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും റഷ്യയും മാത്രം പ്രത്യക്ഷത്തിൽ മുന്നിട്ടിറങ്ങി എന്ന ചോദ്യം അക്കാലത്ത് ഏറെ കേട്ടിരുന്നു. അതിനു ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയെ ശത്രുവായാണ് ജനതാ വിമുക്തി പെരുമന കണ്ടിരുന്നത്. ശ്രീലങ്കയിൽ വിജേവീരയുടെ നേതൃത്വത്തിൽ ഒരു മാവോയിസ്റ്റ് ഏകാധിപത്യ ഭരണകൂടം വന്നാൽ ഇന്ത്യയ്ക്കത് സുരക്ഷാ ഭീഷണിയാകുമായിരുന്നു. യുഎസ്എസ്ആറിനെ ഒരു അവസരവാദ കമ്യൂണിസ്റ്റ് രാജ്യമായാണ് ജനതാ വിമുക്തി പെരുമന വിലയിരുത്തിയിരുന്നത്. റഷ്യൻ കമ്യൂണിസ്റ് പാർട്ടിയെ വിമർശിക്കുവാൻ കിട്ടിയിരുന്ന ഒരവസരവും അവർ പാഴാക്കിയിരുന്നില്ല. റഷ്യയും ചൈനയുമായി കടുത്ത അതിർത്തി സംഘർഷങ്ങളും പ്രത്യയശാസ്ത്ര ഭിന്നതകളും നിലനിന്നിരുന്നതിനാൽ ചൈനയുടെ പിന്തുണയുള്ള ഒരു മാവോയിസ്റ്റ് ഭരണം ശ്രീലങ്കയിൽ റഷ്യ ആഗ്രഹിച്ചിരുന്നില്ല.
ശത്രുവായ ഇന്ത്യയുടെ അയൽ രാജ്യമാണ് ശ്രീലങ്ക എന്നതായിരുന്നു പാക്കിസ്ഥാന്റെ ശ്രീലങ്കൻ സൗഹൃദത്തിന്റെ കാതൽ. നയതന്ത്രപരവും യുദ്ധതന്ത്രപരവുമായ പല കാര്യങ്ങളിലും പാക്കിസ്ഥാന് നിലവിലെ ശ്രീലങ്കൻ സർക്കാരിന്റെ സഹായം വേണമായിരുന്നു. കടുത്ത ശത്രു രാജ്യങ്ങളായ ഇന്ത്യയെയും പാക്കിസ്ഥാനെയും ഇന്ത്യയുടെ സുഹൃദ് രാജ്യമായ റഷ്യയെയും ഒരേസമയം ഒപ്പം നിർത്തി കലാപകാരികളെ അടിച്ചമർത്തിയതിനെ സിരിമാവോ ബന്ദാരനായകെയുടെ നയതന്ത്ര വിജയമായാണ് ലോക മാധ്യമങ്ങൾ വിലയിരുത്തിയത്.
∙ തമിഴ് രാഷ്ട്രവാദത്തിന്റെ തുടക്കം
1972 മേയ് 22-ന് സിരിമാവോ ബന്ദാരനായകെ അതുവരെ ഉണ്ടായിരുന്ന ബ്രിട്ടിഷ് ഡൊമനിയൻ പദവി ഉപേക്ഷിച്ച് ശ്രീലങ്കയെ സ്വതന്ത്ര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചു. ‘സിലോൺ’ എന്ന പേര് ഉപേക്ഷിച്ച് ശ്രീലങ്ക എന്നത് ഔദ്യോഗിക പേരാക്കി. പുതിയ ഭരണഘടന പ്രകാരം ബുദ്ധമതത്തെ ഔദ്യോഗിക മതമാക്കിയതും സിംഹള ഭാഷയെ ഔദ്യോഗിക ഭാഷയാക്കിയതും ഫെഡറൽ സംവിധാനം ഭരണഘടനയിൽ വേണ്ടത്ര ഉൾപ്പെടുത്താത്തതും തമിഴ് ജനതയെ വീണ്ടും രോഷാകുലരാക്കി. അതിനിടയിലാണ് സ്വതന്ത്ര റിപ്പബ്ലിക് ആയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ശ്രീലങ്കയിൽ നടന്നത്.
പുതിയ ഭരണഘടനയിലും തമിഴ് ജനതയുടെ അവകാശങ്ങൾ ശ്രീലങ്കൻ സർക്കാർ അംഗീകരിക്കാത്തതിൽ പല തമിഴ് നേതാക്കളും നിരാശരായി. സർവകലാശാലാ പഠനത്തിന് സിംഹളരെക്കാൾ കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് മാത്രം പ്രവേശനം, തമിഴ് സിനിമകൾക്ക് ശ്രീലങ്കയിൽ നിരോധനം തുടങ്ങിയവയും തമിഴ് നേതാക്കളെ ചൊടിപ്പിച്ചു. 1972 മേയ് നാലിന് ശെൽവനായകം, ജി.ജി. പൊന്നുമംഗലം, സാവുമിയ മൂർത്തി, തൊണ്ടമാൻ എന്നിവരുടെ നേതൃത്വത്തിൽ ഓൾ സിലോൺ തമിഴ് കോൺഗ്രസ്, ഇല്ലങ്കൈ തമിഴ് അറസു കച്ചി, സിലോൺ വർക്കേഴ്സ് കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് (ടിയുഎൽഎഫ്) എന്ന പുതിയ മുന്നണിക്ക് രൂപം നൽകി. തമിഴ് രാഷ്ട്രവാദത്തിന്റെ തുടക്കം അവിടെയായിരുന്നു.
കലാപവും, സാമ്പത്തിക തകർച്ചയും, തൊഴിലില്ലായ്മയുംകൊണ്ട് വീർപ്പുമുട്ടിയ ശ്രീലങ്കൻ ജനത 1977 ലെ തിരഞ്ഞെടുപ്പിൽ സിരിമാവോയെ തള്ളിക്കളഞ്ഞ് യുഎൻപിക്ക് വൻ ഭൂരിപക്ഷം നൽകി. തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് 18 സീറ്റു നേടി ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി ഔദ്യോഗിക പ്രതിപക്ഷമായി. സ്വതന്ത്ര ഈഴവാദത്തിന് തമിഴ് ജനത നൽകിയ പിന്തുണയായാണ് തമിഴ് നേതാക്കൾ ഈ വിജയത്തെ വിലയിരുത്തിയത്.
∙ വീണ്ടും കലാപം, വംശഹത്യ
സ്വതന്ത്ര തമിഴ് ഈഴം എന്ന ആവശ്യം സിംഹളരിൽ കടുത്ത വിദ്വേഷം സൃഷ്ടിച്ചിരുന്നു. അക്കാലത്താണ് ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ പ്രധാന തമിഴ് വംശീയഹത്യ നടക്കുന്നത്. സിരിമാവോ ബന്ദാരനായകെയുടെ അനുയായികൾ എന്നു കരുതപ്പെടുന്ന ഏതാനും പൊലീസുകാർ ജാഫ്നയിലെ കാർണിവൽ സ്ഥലത്ത് പ്രകോപനം സൃഷ്ടിക്കുകയും വെടിവയ്പ്പ് നടത്തുകയും ചെയ്തതോടെ അവിടെയുണ്ടായിരുന്ന തമിഴ് സംഘങ്ങൾ തിരിച്ചടിച്ചു.
1977 ഓഗസ്റ്റ് 12 ന് നടന്ന ഈ സംഭവത്തെ തുടർന്ന് സിംഹള പൊലീസുകാരെ തമിഴർ ആക്രമിക്കുന്നു എന്ന വാർത്ത പടർന്നു. തുടർന്ന് തമിഴർക്കെതിരെ രാജ്യവ്യാപകമായി ആക്രമണം നടന്നു. ഓഗസ്റ്റ് 18 ന് തുടങ്ങിയ കലാപത്തിൽ ആദ്യം കൊളംബോയിലും പിന്നീട് രാജ്യത്തിന്റെ മറ്റു മേഖലകളിലും തമിഴർക്കുനേരെ ആക്രമണങ്ങളും കൂട്ടക്കൊലയും നടന്നു. പലരും വീടുകളും വ്യാപാര സ്ഥാപനങ്ങളുമുപേക്ഷിച്ച് പലായനം ചെയ്തു. കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 20 കലാപം അവസാനിച്ചപ്പോൾ അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് 300 ൽ അധികം പേർ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു. ആയിരങ്ങൾക്ക് അംഗവൈകല്യം സംഭവിച്ചു. 75,000 ത്തിൽപ്പരം തമിഴർ അഭയാർഥികളായി.
സ്വതന്ത്ര തമിഴ് ഈഴം വാദമാണ് കലാപത്തിനും വംശഹത്യയ്ക്കും കാരണമായതെന്നായിരുന്നു ഈ വിഷയത്തിൽ സർക്കാരിന്റെ പ്രതികരണം. ഇതോടെ ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പുതിയൊരു മുഖഭാവം കൈവന്നു. സായുധകലാപമാണ് വേണ്ടതെന്ന ചിന്ത തമിഴ് ചെറുപ്പക്കാരിലുണ്ടായി.
∙ ‘പുലി’കളുടെ കടന്നുവരവ്
തമിഴ് വിമോചനം ലക്ഷ്യമാക്കി തമിഴ് ഈഴം ലിബറേഷൻ ഓർഗനൈസേഷൻ (ടിഇഎൽഒ – ടെലോ), ഈഴം റെവല്യൂഷനറി ഓർഗനൈസേഷൻ ഓഫ് സ്റ്റുഡൻസ് (ഇആർഒഎസ് – ഇറോസ്) , ഈഴം പീപ്പിൾ റെവല്യൂഷനറി ലിബറേഷൻ ഫ്രണ്ട് (ഇപിആർഎൽഎഫ്), പീപ്പിൾസ് ലിബറേഷൻ ഓർഗനൈസേഷൻ ഓഫ് തമിഴ് ഈഴം (പിഎൽഒടി – പ്ലോട്ട്) തുടങ്ങിയ സംഘടനകൾ രൂപംകൊണ്ടുവെങ്കിലും വേലുപ്പിള്ള പ്രഭാകരൻ രൂപം കൊടുത്ത എൽടിടിഇയാണ് ഏറ്റവും ശക്തമായ സാന്നിധ്യം അറിയിച്ചത്. തമിഴ് വിമോചനത്തിന്റെ മുഖമായി നിറഞ്ഞുനിന്നതും വേലുപ്പിള്ള പ്രഭാകരനായിരുന്നു. ഒരേസമയം മറ്റു സായുധ സംഘടനകളുമായും, ശ്രീലങ്കൻ സേനയുമായും ഏറ്റുമുട്ടിയാണ് രക്തപങ്കിലമായ ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധ ചരിത്രത്തിൽ പ്രഭാകരൻ ഇടം നേടുന്നത്.
1954 നവംബർ 24-ന് തിരുവെങ്കടം വേലുപ്പിള്ളയുടെയും വള്ളിപുരം പാർവതിയുടെയും മകനായി ശ്രീലങ്കയിലെ വാൽവെട്ടിത്തുറയിൽ ജനിച്ച പ്രഭാകരന്റെ ജീവിതം വൈരുധ്യം നിറഞ്ഞ അനുഭവങ്ങളുടേതും പോരാട്ടങ്ങളുടേതുമായിരുന്നു. ഗാന്ധിയനായിരുന്നു പിതാവ് വേലുപ്പിള്ള. പ്രഭാകരൻ എത്തിച്ചേർന്നതാകട്ടെ സായുധപോരാട്ടത്തിന്റെ കനൽവീഥികളിലും. സ്കൂൾ വിദ്യാഭ്യാസം പകുതിവഴിയിൽ നിർത്തിയ പ്രഭാകരനെ തമിഴർ നേരിട്ട വിവേചനങ്ങളും കൂട്ടക്കൊലകളും സ്വാധീനിച്ചു. അതു പ്രതികാരദാഹമായി വളർന്നു. നേതാജി സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങുമായിരുന്നു പ്രഭാകരന്റെ ആരാധ്യപുരുഷന്മാർ. ആയുധമെടുക്കാതെ തമിഴ് ജനതയ്ക്ക് മോചനമില്ല എന്നായിരുന്നു കൗമാരത്തിൽ പ്രഭാകരന്റെ കാഴ്ചപ്പാട്.
സമാധാനപ്രിയരായ നേതാക്കളിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു പല തമിഴ് ചെറുപ്പക്കാർക്കും. അവരിൽ ചിലരുമായി ചേർന്ന്, പതിനേഴാം വയസ്സിൽ ‘തമിഴ് ന്യൂ ടൈഗേഴ്സ്’ എന്ന സംഘടന സ്ഥാപിച്ച് പ്രഭാകരൻ സായുധകലാപം എന്ന സ്വപ്നത്തിനു തുടക്കം കുറിച്ചു. ജാഫ്ന മേയറായിരുന്ന ആൽഫ്രെഡ് ദുരൈയപ്പയെ 1975 ജൂലൈ 27 ന് കൊലപ്പെടുത്തിയാണ് പ്രഭാകരൻ പ്രതികാരം തുടങ്ങിയത്. നിയമജ്ഞനും ഭരണകക്ഷിയായ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ ജാഫ്നയിലെ പ്രധാന നേതാവുമായിരുന്ന ദുരൈയപ്പെയെ വധിക്കാനുള്ള ആദ്യശ്രമം പരാജയമായിരുന്നു. പിന്നീട് ദുരൈയപ്പയും മകളും പൊന്നാലൈയിലെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ദർശനം നടത്തവേ സുരക്ഷാവലയം ഭേദിച്ചെത്തിയ ഏതാനും മുഖംമൂടിധാരികൾ ദുരൈയപ്പയെ വെടിവച്ചിട്ടു.
ശ്രീലങ്കയിലെ തമിഴ് വംശജനായിരുന്നു ദുരൈയപ്പ. രാഷ്ട്രീയവളർച്ചയ്ക്ക് തമിഴരെ ഒറ്റിക്കൊടുത്ത നേതാവായിട്ടായിരുന്നു പ്രഭാകരനും കൂട്ടരും ദുരൈയപ്പയെ വിലയിരുത്തിയിരുന്നത്. 1974-ൽ ജാഫ്ന തമിഴ് സമ്മേളന സ്ഥലത്ത് നടന്ന പൊലീസ് അതിക്രമങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി ദുരൈയപ്പയാണെന്ന വിലയിരുത്തലിലാണ് പ്രഭാകരനും സംഘവും അയാളെ വധിച്ചത്. 1976 മുതൽ ഒളിവിലിരുന്നുകൊണ്ട് ഒറ്റപ്പെട്ട ആക്രമണങ്ങളും ബോംബേറുകളും നിരന്തരമായ ബാങ്ക് കവർച്ചകളും മാത്രമായിരുന്നു തമിഴ് ന്യു ടൈഗേഴ്സ് നടത്തിയിരുന്നത്. ശക്തമായ ആക്രമണങ്ങൾ നടത്തി തമിഴ് ഈഴം സ്ഥാപിക്കുന്നതിന് ഒരു ഗറില്ലാ സംഘടന ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ പ്രഭാകരൻ തമിഴ് ന്യു ടൈഗേഴ്സ് പിരിച്ചുവിട്ടു. തുടർന്ന് 1976 മേയ് 5 ന് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം - എൽടിടിഇ (തമിഴ് ഈഴം വിടുതലൈപ്പുലികൾ) എന്ന ഗറില്ലാ സായുധ സംഘടനയ്ക്ക് രൂപം നൽകി
∙ ജയവർധനെയും തീവ്രവാദ നിരോധന നിയമവും
പ്രധാനമന്ത്രിയായ ജെ.ആർ. ജയവർധനെ സിരിമാവോ ബന്ദാരനായകെയുടെ 1972 -ലെ ഭരണഘടനാ ഭേദഗതി പിൻവലിച്ചു. പുതിയ ഭരണഘടനപ്രകാരം പ്രധാനമന്ത്രിയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുകയും പ്രസിഡൻഷ്യൽ സമ്പ്രദായം കൊണ്ടുവരികയും ചെയ്തു. തുടർന്ന് ശ്രീലങ്കയുടെ ആദ്യ പ്രസിഡന്റായി 1978 ഫെബ്രുവരി നാലിന് ജയവർധനെ സത്യപ്രതിജ്ഞ ചെയ്തു. തികഞ്ഞ തമിഴ് വിരുദ്ധനെന്ന് അറിയപ്പെട്ട ജയവർധനെ തമിഴ് തീവ്രവാദികളെ നേരിടുവാൻ തനിക്ക് കൂടുതൽ അധികാരം വേണമെന്നു വാദിച്ചുകൊണ്ട് 1979-ൽ തീവ്രവാദ നിരോധന നിയമം പ്രാബല്യത്തിൽ വരുത്തി. ആരെയും എപ്പോഴും അറസ്റ്റു ചെയ്തു ദീർഘനാൾ തടങ്കലിൽ വയ്ക്കുവാൻ പൊലീസിന് അനുമതിയും നൽകി. തമിഴ് വംശജരായ ആരെയും എപ്പോൾ വേണമെങ്കിലും തടങ്കലിൽ വയ്ക്കാം എന്നു വന്നതോടെ പൊലീസ് തമിഴ് വംശജരെ സ്ഥിരമായി വേട്ടയാടി ജയിലിലടച്ചു. ഇത് തമിഴ് വംശജരെയും തീവ്രവാദികളെയും ഒരുപോലെ പ്രകോപിപ്പിച്ചു.
തമിഴർക്കും സിംഹളർക്കുമിടയിൽ നിരന്തരം ആക്രമണപ്രത്യാക്രമണങ്ങൾ നടക്കുന്നതിനിടയിലാണ് ലോകത്തെത്തന്നെ ഞെട്ടിച്ച് വിഖ്യാതമായ ജാഫ്ന പബ്ലിക് ലൈബ്രറി സിംഹളർ കത്തിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ലൈബ്രറിയായിരുന്നു ജാഫ്ന ലൈബ്രറി. ആയിരക്കണക്കിന് പുസ്തകങ്ങളും പ്രാചീന താളിയോലകളും കൈയെഴുത്തുപ്രതികളുമടങ്ങിയ വിപുലമായ വിജ്ഞാന ശേഖരമാണ് അന്ന് കത്തിനശിച്ചത്. തമിഴരുടെ ചരിത്രവും അതോടൊപ്പം ശ്രീലങ്കയിലെ അവരുടെ അവകാശം സ്ഥാപിക്കുവാനുള്ള ധാരാളം പ്രാചീന രേഖകളും ജാഫ്ന ലൈബ്രറിയിൽ ഉണ്ടായിരുന്നതിനാലാണ് സിംഹളർ ലൈബ്രറി കത്തിച്ചതെന്നായിരുന്നു അന്നത്തെ വിലയിരുത്തലുകൾ.
∙ ചോരവീണു കറുത്ത ജൂലൈ
തമിഴ് –സിംഹള സംഘർഷ പരമ്പരയ്ക്കിടയിലാണ് ‘ബ്ലാക്ക് ജൂലൈ’ എന്നറിയപ്പെട്ട വംശീയഹത്യ ശ്രീലങ്കയിൽ നടക്കുന്നത്. എൽടിടിഇയുടെ സ്ഥാപകനേതാക്കളിലൊരാളായ ചാൾസ് ആന്റണിയെ ശ്രീലങ്കൻ സേന വെടിവച്ച് കൊന്നിരുന്നു. പ്രഭാകരന്റെ ഏറ്റവും വിശ്വസ്തനും ഏറ്റവും അടുത്ത അനുയായിയുമായിരുന്നു ചാൾസ് ആന്റണി. അതിനു പകരംവീട്ടാൻ ജാഫ്ന പ്രാദേശിക കമാൻഡർ കിട്ടുവിനെ പ്രഭാകരൻ ചുമതലപ്പെടുത്തി. 1983 ജൂലൈ 23 ശനിയാഴ്ച രാത്രിയിൽ കിട്ടുവിന്റെ നേതൃത്വത്തിലുള്ള എൽടിടിഇ സംഘം ജാഫ്നയ്ക്കു സമീപമുള്ള തിരുനെൽവേലിയിൽവച്ച് സൈനിക വാഹനത്തിനു നേരെ ബോംബെറിയുകയും വെടിയുതിർക്കുകയും ചെയ്തു. 15 സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനു പ്രതികാരം ചെയ്യാൻ 1983 ജൂലൈ 24 ഞായറാഴ്ച തിരുനെൽവേലിയിലെത്തിയ സൈനികസംഘം 51 കൊലപ്പെടുത്തി.
എൽടിടിഇ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ശരീരങ്ങൾ കൊളംബോയിലെ സെമിത്തേരിയിൽ അടക്കം ചെയ്യുവാനായിരുന്നു ജയവർധനെ സർക്കാരിന്റെ തീരുമാനം. സൈനികരുടെ മരണത്തിൽ കോപാകുലരായ ആയിരക്കണക്കിന് സിംഹളർ സെമിത്തേരിയിൽനിന്നു നഗര പ്രാന്തപ്രദേശമായ ബോറെല്ല എന്ന സ്ഥലത്തേക്ക് പോകുകയും തമിഴർക്കു നേരേ വലിയ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പതിനായിരത്തോളം പേർ പങ്കെടുത്ത ഈ ആക്രമണങ്ങളിൽ തമിഴ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. തമിഴ് വ്യാപാരസ്ഥാപനങ്ങൾ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. പലസ്ഥലങ്ങളിലും തമിഴരെ കൂട്ടത്തോടെ നിർത്തി ടാറൊഴിച്ചും പെട്രോളൊഴിച്ചും കത്തിച്ചു. തമിഴരുടെ വീടുകളും വ്യാപകമായി അഗ്നിക്കിരയാക്കി. ഭ്രാന്തുപിടിച്ച ജനക്കൂട്ടം നിരായുധരായ സഹജീവികളെ ഭ്രാന്തമായ ആവേശത്തോടെ കൊന്നൊടുക്കുന്ന ദിനങ്ങളുടെ തുടക്കമായിരുന്നു ആ ഞായറാഴ്ച. പൊലീസ് സ്ഥലത്തെത്തി നിരവധി തവണ ആകാശത്തേക്ക് വെടിവച്ചതോടെ ബോറെല്ലയിൽനിന്നു പിൻവാങ്ങിയ കലാപകാരികൾ സമീപ പ്രദേശങ്ങളിലേക്ക് സംഘടിച്ച് നീങ്ങി അവിടെയും കൊള്ളിവയ്പ്പും കൂട്ടക്കൊലയും നടത്തി.
തന്റെ ഔദ്യോഗിക വസതിക്കുമുന്നിൽ നൂറുമീറ്റർ മാത്രമകലെ തമിഴരുടെ വ്യാപാര സ്ഥാപനങ്ങൾ കത്തിയമരുന്നതു കണ്ടുകൊണ്ടാണ് പ്രസിഡന്റ് ജയവർധനെ ജൂലൈ 25 തിങ്കളാഴ്ച രാവിലെ കണ്ണു തുറക്കുന്നത്. രാവിലെ 9.30-നു സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം ജയവർധനെ വിളിച്ചു ചേർത്തു. യോഗം സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടിരിക്കുന്ന അവസരത്തിൽ പ്രധാനമന്ത്രി പ്രേമദാസയും മറ്റു പല മന്ത്രിമാരും സിംഹളനേതാക്കളും കൊളംബോയുടെ വിവിധ ഭാഗങ്ങളിലെത്തി സിംഹളർക്ക് തമിഴരെ ആക്രമിക്കുവാനുള്ള പുതിയ നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. സർക്കാരിലെ ഒരു വിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും ഭരണകക്ഷി നേതാക്കളും സൈന്യവുമെല്ലാം ചേർന്ന ആസൂത്രിത നീക്കമായിരുന്നു ബ്ലാക്ക് ജൂലൈ എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഔദ്യോഗിക പദവിയിലിരിക്കുന്ന മന്ത്രിമാരുടെയും പാർട്ടിനേതാക്കളുടെയും ഈ കലാപ ആഹ്വാനങ്ങൾ.
∙ കൊളംബോ വിറങ്ങലിച്ച ദിനം
ഒരു രാത്രിയും പകലും നീണ്ടുനിന്ന ആക്രമണങ്ങൾ കൊളംബോയെ പിടിച്ചുലച്ചപ്പോഴും തീരുമാനമെടുക്കാൻ മടിച്ചുനിന്ന ജയവർധനെ ഭരണകൂടം കലാപകാരികൾക്ക് ആവശ്യത്തിന് സമയം പരോക്ഷമായി അനുവദിച്ചു നൽകിയ ശേഷം വൈകിട്ട് ആറു മുതൽ കൊളംബോയിൽ മാത്രം കർഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു. അപ്പോഴേക്കും ഒരു പകൽകൊണ്ട് കലാപം ഗ്രാന്റ് പാസ്സ്, കനാൽ റോഡ്, സിനമോൺ ഗാർഡൻസ് എന്നീ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു. വഴിയിൽകണ്ട തമിഴ് വംശജരെ തിരഞ്ഞു പിടിച്ചു കൊന്നുകൊണ്ട് മുന്നേറിയ കലാപകാരികൾ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ വീടും ആക്രമിച്ചു കൊള്ളയടിച്ചു.
ആ പകൽ കൊളംബോ തെരുവുകളിലുടനീളം കൊലചെയ്യപ്പെട്ട തമിഴരുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. ജയിലിലും സിംഹളർ തമിഴരെ വേട്ടയാടി. വെലികട ജയിലിൽ സിംഹള തടവുകാർ സംഘടിച്ച് തമിഴ് തടവുകാരെ ആക്രമിക്കുകയും 35 പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഈ ജയിൽ കലാപത്തിൽ തമിഴ് ഈഴം ലിബറേഷൻ ഓർഗനൈസേഷൻ സ്ഥാപകനേതാക്കളും ജയിലിലെ രാഷ്ട്രീയത്തടവുകാരുമായിരുന്ന സെൽവരാജ യോഗചന്ദ്രൻ (കുട്ടിമാണി), നടരാജ തങ്കവേലു (തങ്ക ദുരൈ) എന്നിവരുംകൊല്ലപ്പെട്ടു.
തുടർന്നുള്ള ദിവസങ്ങളിൽ കൊള്ളയും കൊള്ളിവയ്പ്പും കാൻഡി, ഹാട്ടൺ, നവാൻപെട്ടി, പസ്സാര തുടങ്ങിയ ഇടങ്ങളിലേക്കും വ്യാപിച്ചു. തമിഴ് വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. സർക്കാർ ശ്രീലങ്കയിലാകമാനം കർഫ്യു പ്രഖ്യാപിച്ചു. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസും പട്ടാളവും സംയുക്തമായി മാർച്ചും നടത്തി. എങ്കിലും കലാപത്തിനും ആക്രമണങ്ങൾക്കും ശമനമുണ്ടായില്ല.
ജൂലൈ 28 വ്യാഴാഴ്ച രാവിലെ പ്രസിഡന്റ് ജയവർധനെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സ്ഥിതിഗതികൾ ചർച്ചചെയ്തു. തുടർന്ന് അദ്ദേഹം ടെലിവിഷൻ പ്രസംഗത്തിലൂടെ കലാപം അവസാനിപ്പിക്കുവാൻ ജനത്തോട് അഭ്യർഥിച്ചു. കലാപകാരികളെ ന്യായീകരിച്ചും തമിഴരെ കുറ്റപ്പെടുത്തിയുമുള്ള പ്രസംഗമായിരുന്നു ജയവർധനെ നടത്തിയത്. സ്വാതന്ത്ര തമിഴ് രാജ്യവാദമാണ് സിംഹളരെ പ്രകോപിപ്പിച്ചതെന്നായിരുന്നു കലാപത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തൽ. 2,500 വർഷം പഴക്കമുള്ള ശ്രീലങ്കയെ വിഭജിക്കുവാൻ സിംഹളജനത അനുവദിക്കുകയില്ലെന്നും അങ്ങനെ ഒരു വിഭജന നീക്കത്തെ സർക്കാർ അടിച്ചമർത്തുകതന്നെ ചെയ്യുമെന്നും ജയവർധനെ വ്യക്തമാക്കി.
കലാപത്തിന്റെ കാരണങ്ങൾ തമിഴ് വംശജരുടെ തലയിൽ കെട്ടിവയ്ക്കുമ്പോഴും അവരുടെ ന്യായമായ അവകാശങ്ങളെപറ്റി ഒരു പരാമർശവും ജയവർധനെ നടത്തിയില്ല. അവകാശങ്ങൾക്കു വേണ്ടി പതിറ്റാണ്ടുകളായി സമാധാനപരമായി പ്രക്ഷോഭങ്ങൾ നടത്തിയിരുന്ന തമിഴ് ജനത എന്തുകൊണ്ട് സ്വതന്ത്രരാജ്യം എന്ന വാദത്തിലേക്ക് കടക്കേണ്ടിവന്നു എന്ന കാര്യത്തിലും അദ്ദേഹം നിശബ്ദത പാലിച്ചു.
∙ രാജ്യം വിട്ടൊഴിഞ്ഞ തമിഴ്വംശജർ
ജൂലൈ 29 വെള്ളിയാഴ്ച രാവിലെ മുതൽ കൊളംബോ പ്രത്യക്ഷത്തിൽ ശാന്തമായിരുന്നു. ദിവസങ്ങൾക്ക് ശേഷം അന്നാണ് തമിഴർ ഒളിയിടങ്ങളിൽനിന്നു പുറത്തിറങ്ങിയത്. പലരും ബന്ധുക്കളെയും സുഹൃത്തുക്കളെയും തേടി പലയിടങ്ങളിൽ അലഞ്ഞു നടന്നു. ഈ സമയത്താണ് ഗ്യാസ് വർക്ക് തെരുവിൽ രണ്ടു സിംഹള യുവാക്കൾ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. വെടിവച്ചത് തമിഴ് പുലികളാണെന്നും അവർ സമീപത്തെ ആദം അലി കെട്ടിടത്തിൽ ഒളിച്ചിരിക്കുകയാണെന്നുമുള്ള കിംവദന്തി പരന്നതിനെ തുടർന്ന് പട്ടാളവും പൊലീസും രംഗത്തെത്തി. പട്ടാളം ഹെലികോപ്റ്ററിൽനിന്ന് പുലികൾ ഒളിച്ചിരിക്കുന്നു എന്നു കരുതപ്പെടുന്ന ഭാഗങ്ങളിലേക്കെല്ലാം വെടിയുതിർത്തു. തുടർന്ന് പൊലീസ് കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറിയെങ്കിലും തമിഴ് പുലികളെ കണ്ടെത്തുവാനായില്ല.
പൊലീസും പട്ടാളവും ചേർന്നു നടത്തിയ ഈ നീക്കം പുതിയ കിംവദന്തിക്ക് ഇടയാക്കി. പട്ടാളവും പുലികളുമായി വലിയ ഏറ്റുമുട്ടലുകൾ നടക്കുകയാണെന്ന വ്യാജവാർത്ത കൊളംബോയിൽ അതിവേഗം പടർന്നു. ഇതറിഞ്ഞ് ഭയചകിതരായ തമിഴർ കിട്ടിയ വാഹനങ്ങളിൽ കയറി പ്രാണരക്ഷാർത്ഥം നഗരം വിടുവാൻ തുടങ്ങി. എതിരെ ഏതു നിമിഷവും അടുത്ത ആക്രമണമുണ്ടാകുമെന്നവർക്ക് അറിയാമായിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ അതിൽ പലരും പുലികളെ നേരിടുവാൻ തെരുവിൽ ആയുധങ്ങളുമായി കാത്തുനിന്ന സിംഹളരുടെ മുന്നിലാണ് ചെന്നുപെട്ടത്. കണ്ണിൽ കണ്ട തമിഴരെയെല്ലാം സിംഹളർ കൊലപ്പെടുത്തി.
മാതാര ജില്ലയിലേക്കും കേഗല്ല ജില്ലയിലേക്കും കലാപം പടർന്നു പിടിച്ചതായുള്ള വാർത്തകൾ പ്രചരിക്കവേ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം വിദേശകാര്യമന്ത്രി പി.വി. നരസിംഹറാവു കൊളംബോയിലെത്തി. കാൻഡി ഉൾപ്പെടെയുള്ള കലാപബാധിതപ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ നോക്കിക്കണ്ടു. തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ്, വിദേശകാര്യ മന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുകയും തമിഴരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കലാപം എത്രയും വേഗം അവസാനിപ്പിക്കുവാൻ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെടുകയും ചെയ്തു
ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ ജൂലൈ 30 ശനിയാഴ്ചയോടെ കലാപം ഏകദേശം കെട്ടടങ്ങിത്തുടങ്ങിയിരുന്നു. തമിഴരിൽ ഭൂരിഭാഗവും വടക്കു കിഴക്കൻ മേഖലകളിലേക്ക് പലായനം ചെയ്തതും അഭയാർത്ഥി ക്യാംപുകളിൽ അഭയം പ്രാപിച്ചതും കലാപം ശമിക്കുവാനുള്ള പ്രധാന കാരണങ്ങളായി. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി കമ്യുണിസ്റ്റ് പാർട്ടി ഓഫ് ലങ്ക, ജനത വിമുക്തി പെരുമന, നവസമ സമാജ പാർട്ടി എന്നീ സംഘടനകളെ സർക്കാർ നിരോധിച്ചു. കലാപത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നു സർക്കാർ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നു.
രാജ്യാന്തര ഏജൻസികളുടെ കണക്കുകൾ അനുസരിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3,000 ത്തിലധികം ആളുകൾ ബ്ലാക്ക് ജൂലൈ കലാപത്തിൽ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു 18,000-ത്തിൽപ്പരം വീടുകളും ആയിരക്കണക്കിന് വാണിജ്യസ്ഥാപനങ്ങളും വാഹനങ്ങളും തകർക്കപ്പെട്ടു. ലക്ഷക്കണക്കിന് തമിഴ് വംശജർ കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി. ഈ കലാപത്തിൽ ഇരകളായവർക്ക് ഒരു നഷ്ടപരിഹാരവും കിട്ടിയില്ല എന്നുമാത്രമല്ല കലാപകാരികൾക്കെതിരെ നിയമനടപടികളൊന്നും കൈക്കൊണ്ടതുമില്ല.
(പരമ്പര തുടരും)
English Summary: Sri Lanka Economic Crisis and the History of the Island - Special Web Series-4
(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)