ലണ്ടൻ ∙ ബോറിസ് ജോൺസനു ശേഷം ആര് എന്ന ചോദ്യത്തിന്റെ ചൂടിലാണ് കൺസർവേറ്റീവ് പാർട്ടിയും ബ്രിട്ടനിലെ രാഷ്ട്രീയ വൃത്തങ്ങളും. അതിനൊപ്പം അന്തരീക്ഷവും ചൂടുപിടിക്കുകയാണ്. ഉഷ്ണതരംഗപ്രഭാവത്തിൽ പൊള്ളുകയാണ് ബ്രിട്ടന്.
രാജ്യത്തെ പല മേഖലകളിലും ഇതുവരെ രേഖപ്പെടുത്താത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വാരാന്ത്യത്തിൽ രാജ്യത്ത് പലയിടത്തും മഴ ലഭിച്ചേക്കുമെന്ന കാലാവസ്ഥാ പ്രവചനമാണ് ഇതിനിടെ ആശ്വാസം പകരുന്നത്.
ലിങ്കൻഷെറിലെ കോനിങ്സ്ബൈയിൽ ചൊവ്വാഴ്ച 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ലണ്ടനിലെ ഹീത്രോയിൽ ഇതേസമയം രേഖപ്പെടുത്തിയത് 40.2 ഡിഗ്രി സെൽഷ്യസ്. ഇതാദ്യമായാണ് ഇത്തരത്തിൽ നാൽപത് ഡിഗ്രിക്കു മേൽ ഉയർന്ന താപനില രാജ്യത്ത് രേഖപ്പെടുത്തുന്നത്.
2019 ജൂലൈയിൽ കേംബ്രിജിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രിയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. താപനിലയിലെ വർധനയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പലയിടത്തും തീപിടിത്തവും ഉണ്ടായി.
സ്പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഉഷ്ണതരംഗത്തിന്റെ പ്രഭാവത്തിലാണ്. ഈ രാജ്യങ്ങളിലും കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ, പരമാവധി വീടുകളിൽത്തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary: Heat wave United Kingdom and Europe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.