കേരളത്തിലെ ആ ഒരു വോട്ട് ആരുടെ?; ഞെട്ടി മുന്നണികള്: എതിര്വോട്ട് ചോര്ത്തി വിജയം
Mail This Article
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമു ചരിത്ര വിജയം നേടിയപ്പോൾ പ്രതിപക്ഷ നിരയിൽ അപ്രതീക്ഷിത വോട്ടു ചോർച്ച. പ്രധാന സംസ്ഥാനങ്ങളിലെല്ലാം എൻഡിഎയ്ക്കുള്ള അംഗസംഖ്യയെക്കാൾ എംഎൽഎമാരുടെ വോട്ടുനേടാൻ ദ്രൗപതി മുർമുവിനായി. എൻഡിഎയ്ക്കു പുറത്തുള്ള ഒട്ടേറെ കക്ഷികൾ പല സംസ്ഥാനത്തും പിന്തുണച്ചതോടെ പതിനഞ്ചാം രാഷ്ട്രപതിയായി മുൻ ജാർഖണ്ഡ് ഗവർണർ മുർമുവിന്റെ വിജയം സുനിശ്ചിതമായിരുന്നെങ്കിലും, യശ്വന്ത് സിൻഹയെ പിന്തുണച്ച പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിൻഹയ്ക്ക് വോട്ടു ചോർന്നത് സംയുക്ത പ്രതിപക്ഷത്തിനു ക്ഷീണമായി. പ്രതീക്ഷിച്ചതിലും വോട്ടു നേടിയ മുർമുവിന് മൊത്തം വോട്ടിന്റെ 64.03 ശതമാനമുണ്ട്. (676,803). അതേസമയം, 2017 ൽ റാംനാഥ് കോവിന്ദ് നേടിയ 65.55 ശതമാനത്തെക്കാൾ 1.51 ശതമാനം കുറവാണെങ്കിലും അതിന് കാരണങ്ങൾ പലതാണ്.
2017 നു ശേഷം വിവിധ സംസ്ഥാനങ്ങളിലുണ്ടായ രാഷ്ട്രീയ മാറ്റത്തിന്റെയും പാർട്ടികളുടെ എംഎൽഎമാരുടെ എണ്ണത്തിന്റെയും വ്യത്യാസമാണ് ഈ വോട്ടുനിലയിലും പ്രതിഫലിച്ചത്. പിന്തുണ പ്രഖ്യാപിക്കാത്ത കക്ഷികളിൽനിന്ന് 17 എംപിമാരും 104 എംഎൽഎമാരും എൻഡിഎ സ്ഥാനാർഥിക്കു വോട്ട് ചെയ്തെന്നാണ് നിഗമനം. മുർമുവിനു വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച കക്ഷികൾക്കെല്ലാമായി 525 എംപിമാരുണ്ട്. ബിജെപിയുടെ രണ്ടു പേർ ഉൾപ്പെടെ എട്ടു പേർ വോട്ട് ചെയ്തില്ല. 15 വോട്ട് അസാധുവായി. എന്നിട്ടും 540 വോട്ട് നേടാനായത് പ്രതിപക്ഷ നിരയിലെ വലിയ വോട്ടുചോർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഞെട്ടലോടെ കേരള മുന്നണികൾ
എൽഡിഎഫും യുഡിഎഫും ഒരു പോലെ എതിർക്കുന്ന എൻഡിഎക്ക് കേരളത്തിൽനിന്ന് ഒരു വോട്ടു കിട്ടിയത് ഇരുമുന്നണികളെയും ഞെട്ടിച്ചു. എൻഡിഎക്ക് ഒരംഗം പോലും ഇല്ലാതിരുന്നിട്ടും മുർമുവിനു വോട്ട് ചെയ്തതാരെന്നത് വരും ദിവസങ്ങളിൽ വലിയ ചർച്ചയാവും. പ്രതിക്കൂട്ടിലാവുന്നത് ഏതു മുന്നണിയാണെന്നത് എല്ലാവരും ഉറ്റുനോക്കുമ്പോൾ, ജനതാദളിന്റെ മറുപടിക്ക് ഏറെ പ്രസക്തിയുണ്ട്. അതോ മുഖ്യകക്ഷികളിൽനിന്നു തന്നെയാണോ വോട്ട് ചോർന്നതെന്നറിയാൻ കേരളത്തിന് ആകാംക്ഷയുണ്ട്; പ്രത്യേകിച്ച് മോദി സർക്കാരിനെതിരെ ഇരു മുന്നണികളും നിരന്തരം പോരാടുമ്പോൾ.
പ്രതിപക്ഷ വോട്ട് കൊയ്ത് മുർമു
വോട്ടുമൂല്യം കൂടുതലുള്ള യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ എൻഡിഎയ്ക്ക് കഴിഞ്ഞ തവണത്തെക്കാൾ എംഎൽഎമാർ കുറഞ്ഞതു മൂലമാണ്, പ്രതിപക്ഷ വോട്ടുകൾ ഏറെ നേടിയിട്ടും വോട്ടുശതമാനം കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നേടിയതിനൊപ്പം എത്താതെ പോയത്. എന്നാൽ ഈ സംസ്ഥാനങ്ങളിലെല്ലാം നിലവിലെ എൻഡിഎ അംഗസംഖ്യയെക്കാൾ വോട്ട് മുർമു നേടിയത് പ്രതിപക്ഷത്തിനു തിരിച്ചടിയായി. ആം ആദ്മി കൂടി പിന്തുണച്ചതോടെ യശ്വന്ത് സിൻഹയ്ക്ക് നാലു ലക്ഷത്തിലധികം വോട്ടു കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും മൂല്യം കാൽ ലക്ഷത്തോളം കുറഞ്ഞു.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ജാർഖണ്ഡ്, ബംഗാൾ, ബിഹാർ, അസം സംസ്ഥാനങ്ങളിൽ മുർമു പ്രതിപക്ഷ വോട്ടിൽ നേട്ടം കൊയ്തത് സംയുക്ത സ്ഥാനാർഥിയെ നിർത്തിയ പ്രതിപക്ഷത്തിന് ആഘാതമായി. യുപിയിൽ എൻഡിഎക്ക് 273 അംഗങ്ങൾ മാത്രമുള്ളപ്പോൾ 287 വോട്ട് മുർമുവിന് കിട്ടിയത് എസ്പി വോട്ടുകൾ ഏറെ ചോർന്നതിന്റെ സൂചനയാണ്. അതേസമയം 2017 ൽ, 403 ൽ 335 വോട്ടാണ് യുപി കോവിന്ദിനു നൽകിയത്. ബിജെപിക്ക് 112 അംഗങ്ങൾ മാത്രമുള്ള ഗുജറാത്തിൽ 121 വോട്ടുകൾ മുർമു നേടി. 132 ബിജെപി അംഗങ്ങൾ ഉള്ള മധ്യപ്രദേശിൽ 5 വോട്ട് അസാധുവായിട്ടും 146 വോട്ടും മുർമു നേടിയപ്പോൾ, തൃണമൂലിന് 221 അംഗങ്ങളുള്ള ബംഗാളിൽ പോൾ ചെയ്ത 291 വോട്ടിൽ 216 എണ്ണം മാത്രമാണ് സിൻഹയ്ക്ക് കിട്ടിയത്. 4 വോട്ട് അസാധുവുമായി.
മണ്ണിന്റെ മകൾ എന്ന സ്നേഹത്തോടെ ഒഡീഷയും ജാർഖണ്ഡും ദ്രൗപദിക്കു വാരിക്കോരി വോട്ടുനൽകി. ഒഡീഷയിൽ 147 ൽ 137 പേർ മുർമുവിനെ പിന്തുണച്ചപ്പോൾ 9 പേർ മാത്രമാണ് എതിർത്തത്. ജാർഖണ്ഡിൽ 79 ൽ 70 പേർ പിന്തുണച്ചപ്പോൾ കോൺഗ്രസിന്റെ പോലും വോട്ട് ചോർന്നു എന്നു വേണം കരുതാൻ. എൻഡിഎക്ക് 75 പേർ മാത്രമുള്ള അസമിൽ 124 ൽ 104 വോട്ട് മുർമു നേടിയപ്പോൾ കോൺഗ്രസ് വോട്ടിൽ വലിയ ചോർച്ചയാണ് ഉണ്ടായത്.
രാജസ്ഥാനിൽ 5 വോട്ട് കൂടുതൽ നേടിയ മുർമുവിന് മഹാരാഷ്ട്രയിൽ 181 വോട്ട് നേടാനായി. ഗോവയിൽ 12 വോട്ട് സിൻഹ നേടിയതും കൂറുമാറ്റ ഭീഷണിയിൽ ഉലയുന്ന കോൺഗ്രസിന് ഏറെ ആശ്വാസമായി. തെലങ്കാനയിൽ 117 ൽ 113 വോട്ട് സിൻഹ നേടിയപ്പോൾ, ആന്ധ്രയിലെ എല്ലാ വോട്ടും മുർമു സ്വന്തമാക്കി. നാഗാലാൻഡിലും സിക്കിമിലും എല്ലാ വോട്ടും മുർമു നേടി. കോൺഗ്രസും ആം ആദ്മിയും തുണച്ച പഞ്ചാബിലും ഡൽഹിയിലും കാര്യമായ കണക്കു മാറ്റങ്ങൾ ഉണ്ടായില്ല.
ലോക്സഭയിലും രാജ്യസഭയിലുമായി ദേശീയ ജനാധിപത്യ സഖ്യത്തിനു വൻ ഭൂരിപക്ഷമുണ്ടെങ്കിലും പല വലിയ സംസ്ഥാനങ്ങളുടെയും ഭരണം ബിജെപി ഇതര കക്ഷികൾക്കായത് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ സ്ഥാനാർഥിയാക്കി നവ തന്ത്രം പരീക്ഷിച്ച് വളരെ വേഗമാണ് എൻഡിഎ പ്രതിസന്ധി മറികടന്നത്.
ടിആർഎസ് ഇത്തവണ എതിർപക്ഷത്ത്
കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രംനാഥ് കോവിന്ദിനെ പിന്തുണച്ച തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) ഇത്തവണ യശ്വന്ത് സിൻഹയ്ക്കായി വൻ പോരാട്ടമാണ് നടത്തിയത്. എന്നാൽ സിൻഹയ്ക്കായി ആദ്യം രംഗത്തു വന്ന ശിവസേന, ജെഎംഎം, ജനതാദൾ തുടങ്ങിയവരെല്ലാം പിന്നീട് മുർമുവിനായി രംഗത്തു വന്നത് പ്രതിപക്ഷത്തിന്റെ പരാജയം പ്രതീക്ഷിച്ചതാക്കി.
കഴിഞ്ഞ തവണ പോൾ ചെയ്ത 1069358 ൽ 702,044 വോട്ട് കോവിന്ദിന് കിട്ടിയപ്പോൾ എതിരാളി മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന് 367,314 വോട്ടാണ് കിട്ടിയത്. പാർലമെന്റംഗങ്ങളിൽ 522 പേർ കോവിന്ദിന് വോട്ടു ചെയ്തപ്പോൾ 225 വോട്ടാണ് മീരയ്ക്കു ലഭിച്ചത്. സംസ്ഥാനങ്ങളിൽ രാജസ്ഥാൻ (200 ൽ 166 വോട്ട്), മഹാരാഷ്ട്ര (288 ൽ 208) എന്നിവിടങ്ങളിൽ കിട്ടിയ നല്ല ശതമാനം വോട്ട് കോവിന്ദിന്റെ വിജയം തിളക്കമുളളതാക്കി. ഗുജറാത്തിൽ 182ൽ 132 ഉം ഹരിയാനയിൽ 90 ന 73 കോവിന്ദ് നേടി. ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ത്രിപുര ഒഴികെ എല്ലായിടത്തും കോവിന്ദിന് മികച്ച വോട്ടു നേടാൻ കഴിഞ്ഞിരുന്നു .
English Summary: Presidential Poll: Droupadi Murmu gets one vote in Kerala