ADVERTISEMENT

കഴിഞ്ഞ രണ്ടു ദശകത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് പാക്കിസ്ഥാന്റെ കറൻസിയായ രൂപ. ഇതോടെ ശ്രീലങ്കയ്ക്കു പിന്നാലെ വിദേശ കടം തിരിച്ചടയ്ക്കാനാകാതെ പാക്കിസ്ഥാനും തകരുകയാണോയെന്ന ഭീതിയിലാണ് രാജ്യം. നിലവിൽ ഒരു ഡോളറിന് 228 എന്ന നിരക്കിലാണ് പാക്കിസ്ഥാൻ രൂപ ഇടിഞ്ഞു നിൽക്കുന്നത്. 1998 ഒക്ടോബറിനുശേഷം ഇത്രയും താഴ്ന്ന നിലവാരത്തിൽ പാക്കിസ്ഥാൻ രൂപയെത്തുന്നത് ആദ്യമാണ്. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) 1.2 ബില്യൻ യുഎസ് ഡോളർ വായ്പ അനുവദിച്ചെങ്കിലും രാജ്യത്തിന്റെ വായ്പാ തിരിച്ചടവു പ്രതിസന്ധിയെ നേരിടാൻ ഇതു പോരെന്നാണ് രൂപയുടെ പുതിയ നിലവാരം വ്യക്തമാക്കുന്നത്. (22ാം തവണയാണ് ഐഎംഎഫ് പാക്കിസ്ഥാന് വായ്പ അനുവദിക്കുന്നത്).

വിദേശകടം തിരിച്ചടവിൽ വന്ന പ്രതിസന്ധിയാണ് ശ്രീലങ്കയെ തകർത്തത്. പിന്നാലെ അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയ്ക്ക് ഒളിച്ചോടേണ്ടി വരികയായിരുന്നു. ഇതുതന്നെയാണ് പാക്കിസ്ഥാനും അഭിമുഖീകരിക്കുന്നത്. ഭക്ഷണവും ഇന്ധനവും അടക്കം അടിസ്ഥാന കാര്യങ്ങൾപോലും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യ കരുതൽശേഖരം പാക്കിസ്ഥാന് ഇല്ല. സ്ഥിതി അതീവ സങ്കീർണമാകുമ്പോൾ വൻ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ ഇറങ്ങിയേക്കാം.

ഓഹരിവിപണിയിലെ ചലനങ്ങൾ നിരീക്ഷിക്കുന്നവർ. കറാച്ചിയിലെ പാക്കിസ്ഥാൻ സ്റ്റോക് എക്സ്ചേഞ്ചിനു(പിഎസ്എക്സ്) മുന്നിൽനിന്ന് 2022 ജൂലൈ 19ന് എടുത്ത ചിത്രം. (Photo by Rizwan TABASSUM / AFP)
ഓഹരിവിപണിയിലെ ചലനങ്ങൾ നിരീക്ഷിക്കുന്നവർ. കറാച്ചിയിലെ പാക്കിസ്ഥാൻ സ്റ്റോക് എക്സ്ചേഞ്ചിനു(പിഎസ്എക്സ്) മുന്നിൽനിന്ന് 2022 ജൂലൈ 19ന് എടുത്ത ചിത്രം. (Photo by Rizwan TABASSUM / AFP)

ശ്രീലങ്കയുടെ സമാന അവസ്ഥയിലൂടെ കടന്നുപോയിട്ടും ഇത്തരം പ്രതിഷേധവും മറ്റും ഒഴിവാക്കാൻ പാക്കിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഷഹബാസ് ഷരീഫിന്റെ സർക്കാരിന് രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിൽ എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയുമെന്നു കണ്ടറിയണം. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ അവിടെനിന്നുള്ള തീവ്രവാദ ഭീഷണിയും ഇമ്രാൻ ഖാന്റെ ഭരണത്തിനു പിന്നാലെയുള്ള പ്രശ്നങ്ങളും തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും വിദേശനാണ്യ കരുതൽ ശേഖരത്തിലെ വൻ കുറവും പാക്കിസ്ഥാനു കുരുക്കായിരിക്കുകയാണ്. കൈയയച്ചു വായ്പ നൽകാനല്ലാതെ കടക്കെണിയിൽനിന്നു കരകയറ്റാൻ ഇപ്പോഴത്തെ അടുത്ത സുഹൃത്തായ ചൈന പോലും ശ്രമിക്കുന്നില്ല. കുളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നതുപോലെ ഇമ്രാൻ ഖാനും കളത്തിലുണ്ട്. പാപ്പരാകുമോ പാക്കിസ്ഥാൻ? ഐഎംഎഫിന്റെ വായ്പയ്ക്ക് രക്ഷയുടെ കേവലമൊരു കച്ചിത്തുരുമ്പെങ്കിലും ആകാൻ സാധിക്കുമോ? എന്താണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്?

ഇമ്രാൻ ഖാൻ (ഇടത്), പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷഹബാസ് ഷരീഫ് ദേശീയ അസംബ്ലിയിൽ പ്രസംഗിക്കുന്നു. ചിത്രം. റോയിട്ടേഴ്‌സ്.
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.

ചൈനയുടെ ‘കടക്കെണി’: ഹംബൻതോട്ട പാഠം

ശ്രീലങ്കയിൽ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ മണ്ഡലമായ ഹംബൻതോട്ടയിൽ ചൈനീസ് സഹകരണത്തോടെ തുറമുഖം നിർമിക്കുകയും പിന്നീട് കടം തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ സ്വപ്നപദ്ധതിയായ തുറമുഖം 99 വർഷത്തേക്ക് ചൈനയ്ക്കു കൈമാറേണ്ടി വരികയും ചെയ്തു. വികസ്വര രാജ്യങ്ങളെ കടക്കെണിയിൽപ്പെടുത്തി തങ്ങൾക്കു വിധേയരാക്കാനുള്ള ചൈനയുടെ പദ്ധതിയാണിതെന്നു വിലയിരുത്തപ്പെടുന്നു. സമാന അവസ്ഥയിലൂടെയാണു പാക്കിസ്ഥാനും കടന്നുപോകുന്നതെന്നു വിദഗ്ധർ പറയുന്നു.

2015 മുതലുള്ള ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി), മറ്റു വികസന പദ്ധതികളിലെ നിക്ഷേപങ്ങൾ, ബലൂചിസ്താൻ പ്രവിശ്യയിലെ ഗ്വാദർ തുറമുഖ വികസനം തുടങ്ങിയവയിലൂടെയാണ് പാക്കിസ്ഥാനിലേക്ക് ചൈനയുടെ നിക്ഷേപം ഒഴുകിയിരിക്കുന്നത്. രാഷ്ട്രീയമായി അസ്ഥിരമാക്കപ്പെട്ടതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും പാക്കിസ്ഥാനെ വലയ്ക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്, നാണ്യപ്പെരുപ്പം പിടിവിട്ടുപോയി. അതിനൊപ്പമാണ് പാക്കിസ്ഥാനി രൂപയ്ക്കു വന്ന ഇടിവ്.

ചൈനയുടെ റോളെന്ത്?

അടുത്തിടെ പാക്കിസ്ഥാന്റെ സാമ്പത്തിക സര്‍വേ റിപ്പോർട്ട് (2021–22) പുറത്തുവന്നപ്പോൾ 87.7 ‌ബില്യൻ ഡോളറാണ് നിലവിലെ കടമെന്ന് വ്യക്തമായി. പാക്കിസ്ഥാന് ഏറ്റവും കൂടുതൽ വായ്പ നൽകിയിരിക്കുന്നത് ചൈന – 14.5 ബില്യൻ യുഎസ് ഡോളർ, എഡിബി (ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്) – 14 ബില്യൻ യുഎസ് ഡോളർ, ലോക ബാങ്ക് – 18.1 ബില്യൻ യുഎസ് ഡോളർ എന്നിവരാണ്. എന്നാൽ ഇതിൽപ്പെടാതെ പുറത്തുവിടാത്ത വായ്പകളും ചൈന നൽകിയിട്ടുണ്ട്. ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് (എസ്എഎഫ്ഇ) പാക്കിസ്ഥാന് വായ്പ നൽകിയിട്ടുണ്ട്. സാമ്പത്തിക സർവേയിൽ 7 ബില്യൻ യുഎസ് ഡോളർ എന്നാണു പറഞ്ഞിരിക്കുന്നത്. എന്നാൽ ബജറ്റ് രേഖകളില്‍ ഇതു വ്യക്തമാക്കിയിട്ടില്ല. ഈ വായ്പകളിൽ തുക കൂട്ടി നൽകിയിരിക്കാനുള്ള സാധ്യതയുമുണ്ട്.

മറ്റു വാണിജ്യ ബാങ്കുകളിൽനിന്ന് 8.77 ബില്യൻ യുഎസ് ഡോളർ വായ്പയും എടുത്തിട്ടുണ്ട്. ഇതിൽ പടിഞ്ഞാറൻ ഏഷ്യയിൽനിന്നുള്ള ബാങ്കുകളും ചൈനയിൽനിന്നുള്ള ബാങ്ക് ഓഫ് ചൈന, ഐസിബിസി, ചൈന ഡവലപ്മെന്റ് ബാങ്ക് എന്നീ ബാങ്കുകളും ഉൾപ്പെടുന്നു. 2016–17 മുതൽ 2020–21 വരെ മൂന്നു ചൈനീസ് ബാങ്കുകളും ചേർന്ന് 11.48 ബില്യൻ യുഎസ് ഡോളറിന്റെ ഹ്രസ്വകാല വായ്പകൾ നൽകിയിരുന്നു. എന്നാൽ ഇവ തിരിച്ചടച്ചോ, ബാക്കി എത്രയുണ്ട് എന്നതിലൊന്നും വ്യക്തതയില്ല. പലിശ നിരക്കുകളെക്കുറിച്ചും വ്യക്തതയില്ല. എഡിബി‌, ലോകബാങ്ക് എന്നിവർ 3% പലിശയ്ക്കു വായ്പ നൽകുമ്പോൾ ചൈനീസ് ബാങ്കുകളുടെ പലിശ 5.5 മുതൽ 6 ശതമാനം വരെയാണ്. തിരിച്ചടവു കാലാവധി വളരെക്കുറവായിരിക്കും. ലോക ബാങ്കിന്റെയും എഡിബിയുടെയും വായ്പാ തിരിച്ചടവ് കാലാവധി 25–30 വർഷങ്ങളാണ്.

ഇമ്രാൻ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയിലെ വനിതാ അംഗങ്ങൾ രാജ്യത്തെ നാണ്യപ്പെരുപ്പത്തിനെതിരെ പ്രതിഷേധിക്കുന്നു. 2022 ജൂൺ 11ന് കറാച്ചിയിൽനിന്ന് എടുത്ത ചിത്രം. (Photo by Rizwan TABASSUM / AFP)
ഇമ്രാൻ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയിലെ വനിതാ അംഗങ്ങൾ രാജ്യത്തെ നാണ്യപ്പെരുപ്പത്തിനെതിരെ പ്രതിഷേധിക്കുന്നു. 2022 ജൂൺ 11ന് കറാച്ചിയിൽനിന്ന് എടുത്ത ചിത്രം. (Photo by Rizwan TABASSUM / AFP)

ജർമനി, ജപ്പാൻ, ഫ്രാൻസ് എന്നിവ നൽകുന്ന ഉഭയകക്ഷി വായ്പകൾക്ക് പലിശ ഒരു ശതമാനത്തിനു താഴെയാണ്. പക്ഷേ ചൈന നൽകുന്ന ഉഭയകക്ഷി വായ്പയ്ക്കു പലിശ 3 മുതൽ 3.5 ശതമാനം വരെയാണ്. കഴിഞ്ഞ രണ്ടുവർഷം പാക്കിസ്ഥാൻ മറ്റു രാജ്യങ്ങൾക്കു പലിശയിനത്തിൽ നൽകിയത് 7.6 ദശലക്ഷം യുഎസ് ഡോളറാണെങ്കിൽ ചൈനയ്ക്ക് ഈ ഇനത്തിൽ നൽകേണ്ടിവന്നത് 400 ദശലക്ഷം യുഎസ് ഡോളറാണ്.

കടം എഴുതിത്തള്ളുമോ ചൈന?

കടക്കെണിയിൽപ്പെട്ടുഴലുന്ന അവസ്ഥയിൽനിന്ന് പാക്കിസ്ഥാനു പുറത്തുവരണമെങ്കിൽ ചൈന വിചാരിക്കണം. പലിശനിരക്ക് കുറയ്ക്കാനും തിരിച്ചടവു കാലാവധി ദീർഘിപ്പിക്കാനും ചെറിയ കടങ്ങൾ എഴുതിത്തള്ളാനും ചൈന തയാറാകണം. എന്നാൽ അവരുണ്ടാക്കിയ പ്രശ്നത്തിൽനിന്ന് പാക്കിസ്ഥാനെ രക്ഷിക്കാൻ ചൈന തയാറായില്ലെങ്കിൽ മറ്റു രാജ്യങ്ങൾ മുന്നോട്ടുവരുമെന്നു തോന്നുന്നില്ല. ചൈനയ്ക്കു വേണ്ടി എന്തിനാണു തങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുന്നത് എന്ന ചിന്തയാണ് അവർക്ക്. അതേസമയം, പാക്കിസ്ഥാന്റെ വായ്പ ചൈന എഴുതിത്തള്ളാൻ തയാറായാൽ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങൾക്കു നൽകിയ വായ്പകളും എഴുതിത്തള്ളാൻ ചൈനയ്ക്കുമേൽ സമ്മർദമുണ്ടാകാം.

കറാച്ചിക്ക് സമീപം കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലത്തുനിന്നുള്ള ചിത്രം. 2022 ജൂൺ 22ന് എടുത്തത്. (Photo by Asif HASSAN / AFP)
കറാച്ചിക്ക് സമീപം കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലത്തുനിന്നുള്ള ചിത്രം. 2022 ജൂൺ 22ന് എടുത്തത്. (Photo by Asif HASSAN / AFP)

സുഹൃത്തുക്കളെ വെറുപ്പിച്ച്, ഒറ്റയ്ക്കു തുഴഞ്ഞ്

ഭരണകൂടത്തിന്റെ ദുർഭരണം, ആസൂത്രണമില്ലാതെ പദ്ധതി നടപ്പാക്കൽ, രാഷ്ട്രീയ അസ്ഥിരത, അയൽ രാജ്യങ്ങളുമായുള്ള മോശം ബന്ധം തുടങ്ങിയവയും സാമ്പത്തിക പ്രതിസന്ധിക്കൊപ്പം പാക്കിസ്ഥാനിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 2018 ൽ പട്ടാളത്തിന്റെ ശക്തമായ പിന്തുണയോടെ അധികാരത്തിൽവന്ന ഇമ്രാൻ ഖാൻ സർക്കാർ 2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുകയായിരുന്നു. പരമ്പരാഗതമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സൗദി അറേബ്യയും തുർക്കിയുമായുള്ള ബന്ധം മോശമായി. പാക്കിസ്ഥാന്റെ അവശ്യ സമയത്ത് ഓടിയെത്തിയിരുന്നവരായിരുന്നു അവർ. ഇമ്രാന്റെ കാലയളവിൽ സിപിഇസി പദ്ധതിയുടെ പുരോഗതിക്കു വന്ന കാലതാമസം ചൈനയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. ഇതോടെ, പ്രതിസന്ധി വന്നപ്പോൾ ഉറ്റവരാരുമില്ലാതെ ഒറ്റയ്ക്കു തുഴയേണ്ട അവസ്ഥയിലായി പാക്കിസ്ഥാൻ.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ മിർപുർ ഖാസ് നഗരത്തിൽ മാങ്ങാ വിൽക്കുന്ന തെരുവു കച്ചവടക്കാരൻ. 2022 ജൂൺ 15ലെ ചിത്രം. (Photo by Rizwan TABASSUM / AFP)
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ മിർപുർ ഖാസ് നഗരത്തിൽ മാങ്ങാ വിൽക്കുന്ന തെരുവു കച്ചവടക്കാരൻ. 2022 ജൂൺ 15ലെ ചിത്രം. (Photo by Rizwan TABASSUM / AFP)

യുഎസുമായുള്ള ബന്ധവും മോശം അവസ്ഥയിലെത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാനെ പിന്തുണയ്ക്കുന്ന പാക്ക് നടപടിയിൽ യുഎസ് രോഷാകുലരാണ്. ജോ ബൈഡൻ അധികാരത്തിലെത്തിയശേഷം ലോക നേതാക്കളുമായി നടത്തിയ പതിവു ഫോൺ സംഭാഷണത്തിൽ ഇമ്രാൻ ഖാനെ വിളിച്ചതുപോലുമില്ല. യുഎസിനെ പ്രകോപിപ്പിച്ച് ഈ ഫെബ്രുവരിയിൽ ഇമ്രാൻ റഷ്യ സന്ദർശിക്കുകയും ചെയ്തു. യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ച ദിവസമായിരുന്നു ഇമ്രാന്റെ സന്ദർശനം. തന്നെ പുറത്താക്കിയതിനു പിന്നിൽ യുഎസിന്റെ ഗൂഢാലോചനയാണെന്നും ഇമ്രാൻ പറഞ്ഞുവച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം നട്ടംതിരിഞ്ഞുനിൽക്കുമ്പോഴാണ് ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഐഎംഎഫിന്റെ വായ്പ ലഭ്യമാകാൻ കടുത്ത നിബന്ധനകളാണ് പാക്കിസ്ഥാന് അംഗീകരിക്കേണ്ടിവന്നത്. ചെലവുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ഇന്ധന വില, നികുതി ശേഖരണം തുടങ്ങിയ വർധിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ നീക്കങ്ങൾ ഷഹബാസ് സർക്കാരിന്റെ പൊതുജനപിന്തുണ കുറയ്ക്കുകയാണ് ചെയ്തത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബജറ്റിൽ എല്ലാ മേഖലകളിലേക്കുമുള്ള വെട്ടിച്ചുരുക്കലുകൾ വന്നപ്പോൾ പക്ഷേ, സൈന്യത്തിന് 11% വർധനവാണ് ബജറ്റിൽ വരുത്തിയതെന്നതും ഇതിനൊപ്പം ചേർത്തുവായിക്കണം. ഇമ്രാന്റെ ആരോപണങ്ങളും സർക്കാരിനെതിരായ തീപ്പൊരി പ്രസംഗങ്ങളും അടുത്തുതന്നെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഷഹബാസ് സർക്കാരിന്റെ കാര്യം പരുങ്ങലിലാക്കിയിരിക്കുകയാണ്. അടുത്തിടെ ഷഹബാസ് ഷരീഫിന്റെ ശക്തികേന്ദ്രമായ പഞ്ചാബ് പ്രവിശ്യയിൽ നടത്തിയ ഉപതിരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടി മെച്ചപ്പെട്ട നേട്ടം കരസ്ഥമാക്കിയിരുന്നു. മാത്രമല്ല, എപ്പോഴൊക്കെ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഐഎംഎഫിലേക്ക് ഓടുക എന്നത് പാക്കിസ്ഥാന്റെ സ്വഭാവമാണ്. നിരന്തരം ഇതാവർത്തിക്കപ്പെടുമ്പോൾ, ഐഎംഎഫ് അല്ല അതിനു ശാശ്വത പരിഹാരമെന്നു പാക്കിസ്ഥാൻ മനസ്സിലാക്കേണ്ടതുണ്ട്.

English Summary: China’s role in Pakistan’s economic crisis, Is Pakistan the next Sri Lanka?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com