തലമുടിയിൽ പിടിച്ച് വലിച്ചു, വലിച്ചിഴച്ചു; ശ്രീനിവാസിന് ഡൽഹി പൊലീസിന്റെ മർദനം– വിഡിയോ
Mail This Article
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ചും മുടിയിൽ പിടിച്ച് വലിച്ചും ‘കൈകാര്യം ചെയ്ത്’ ഡൽഹി പൊലീസ്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനാണ് ക്രൂരമർദ്ദനമേറ്റത്. ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീനിവാസിനെ തലമുടിയിൽ കുത്തിപ്പിടിച്ച് വാഹനത്തിലേക്ക് തള്ളിക്കയറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വാർത്താ ഏജൻസിയായ എഎൻഐയും വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
നാഷനൽ ഹെറൾഡ് കേസിൽ രണ്ടാം ദിവസവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണ് തലസ്ഥാനത്ത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്കു വഴിവച്ചത്. ഇതിനിടെയാണ് ശ്രീനിവാസിനെ ഡൽഹി പോലീസ് കാറിൽ നിന്ന് വലിച്ചിറക്കി മുടിയിൽ പിടിച്ച് വലിച്ചിഴച്ചത്. അവിടെ തടിച്ചുകൂടിയ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ച ശ്രീനിവാസിനെ പോലീസ് അവരുടെ കാറിനുള്ളിലേക്ക് തള്ളിയിടുന്നതും കാണാം.
‘എന്തുകൊണ്ടാണ് നിങ്ങൾ എന്നെ അടിക്കുന്നതെ’ന്ന് ശ്രീനിവാസ് പൊലീസുകാരോട് ചോദിക്കുന്നുണ്ട്. അവർ പിന്നീട് ശ്രീനിവാസിനെ ശാന്തനാക്കാൻ ശ്രമിക്കുന്നുമുണ്ട്. ശ്രീനിവാസ് പുറത്തേക്ക് ഇറങ്ങാതിരിക്കാൻ ചില ഉദ്യോഗസ്ഥർ കാറിന്റെ ഡോർ അമർത്തി അടയ്ക്കുന്നതും കാണാം. ഒടുവിൽ അദ്ദേഹം കാറിൽ കയറുമ്പോൾ, ഓഫീസർമാരിൽ ഒരാൾ കഴുത്തിൽപ്പിടിച്ച് കാറിലേക്ക് തള്ളുന്നതും കാണാം.
വിഡിയോ വലിയ തരത്തിലുള്ള വിമർശനങ്ങൾക്കാണ് വഴിവച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും അതിനുശേഷം നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
English Summary: Youth Congress chief BV Srinivas pulled by hair, manhandled by cops during protest against ED