മങ്കിപോക്സ്: പുരുഷന്മാര് ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ഡബ്ല്യുഎച്ച്ഒ
Mail This Article
ജനീവ∙ മങ്കിപോക്സ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുരുഷന്മാര്‍ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ്. പഠനം അനുസരിച്ച് 98 ശതമാനത്തോളം രോഗബാധിതരും ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ ആണ്. ലൈംഗികബന്ധത്തിലൂടെയാണ് ഇവർക്കു രോഗം പടരുന്നത്. ഇക്കൂട്ടരില്‍ മാത്രമേ രോഗം വരുകയുള്ളു എന്നു പറയാനാകില്ലെന്നും സംഘടനാ മേധാവി അറിയിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ അടുത്ത നിര്‍ദേശം.
‘മറ്റ് പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ പങ്കാളികളുടെ എണ്ണം കുറയ്ക്കുക. പുതിയ പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ വിവരങ്ങൾ പരസ്പരം കൈമാറണം. പിന്നീടു രോഗം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ പങ്കാളിയെ അറിയിക്കാൻ സഹായകമാകും.’ – ടെഡ്രോസ് പറഞ്ഞു.
അതേസമയം, രാജ്യത്ത് മങ്കിപോക്സ് വാക്സീന്‍ വികസിപ്പിക്കാന്‍ മരുന്ന് കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി. രാജ്യത്ത് മങ്കിപോക്സ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണു തീരുമാനം. കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
English Summary: Amid Monkeypox Surge, WHO Urges "Reducing Number Of Sexual Partners"