‘50 കോടി പെട്ടിയിൽ, എന്നിട്ടും 11,809 രൂപ കടക്കാരി, മാതൃകയാണ് അർപിത’: ട്രോൾ
Mail This Article
കൊൽക്കത്ത ∙ സ്കൂൾ നിയമനത്തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുൻമന്ത്രി പാർഥ ചാറ്റർജിയ്ക്കൊപ്പം അറസ്റ്റ് ചെയ്ത ബംഗാളി യുവനടിയും മോഡലുമായ അർപിത മുഖർജിയെ പരിഹസിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ ബോത്ര. കോടികളുടെ പണം ഫ്ലാറ്റിൽ ഉണ്ടായിരുന്നപ്പോഴും 11,809 രൂപയുടെ കടക്കാരിയായിരുന്നു അർപിത. നിങ്ങൾ എന്തുതന്നെ പറഞ്ഞാലും, അർപ്പിതാജി വിശ്വസ്തതയുടെ ഉദാഹരണമാണ്– ഒഡീഷ എഡിജിപിയായ (സിഐഡി) അരുൺ ബോത്ര ട്വീറ്റ് ചെയ്‌തു.
അരുൺ ബോത്രയുടെ പരിഹാസം സമൂഹമാധ്യമങ്ങളിൽ വൈറലായി. അർപിതയുടെ നാല് ഫ്ലാറ്റുകളിലായി നടത്തിയ റെയ്‍ഡിൽ ആകെ 50 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. അപ്പോഴും 11,809 രൂപ ഫ്ലാറ്റ് അറ്റകുറ്റപ്പണിക്ക് നൽകാതിരുന്നതിന് കുടിശിക വരുത്തിയവരുടേതായി ഹൗസിങ് സൊസൈറ്റി പുറത്തിറക്കിയ നോട്ടിസിൽ അർപിതയുടെ പേരുണ്ടായിരുന്നു. ഇതു പരാമർശിച്ചാണ് അരുൺ ബോത്രയുടെ പരിഹാസം.
തന്റെ ഫ്ലാറ്റുകളിൽനിന്ന് ഇഡി കണ്ടെടുത്ത പണം മുഴുവനും പാർഥ ചാറ്റർജിയുടേതെന്നായിരുന്നു അർപിതയുടെ മൊഴി. പണം സൂക്ഷിക്കാനുള്ള ഇടമായി തന്റെ ഫ്ലാറ്റുകൾ പാർഥ ഉപയോഗിക്കുകയായിരുന്നു. പാർഥ തന്റെ ഫ്ലാറ്റുകൾ മിനി ബാങ്കുകളാക്കി മാറ്റിയെന്ന് അർപിത പറഞ്ഞതായി മുതിർന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. പാർഥയുടെ ആളുകൾ ഇടയ്ക്കിടെ ഫ്ലാറ്റിൽ വരാറുണ്ടായിരുന്നുവെന്നും പണം സൂക്ഷിച്ച മുറികളിൽ തനിക്ക് ഒരിക്കലും പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അർപിത പറഞ്ഞു.
ഗൂഢാലോചനയുടെ ഇരയാണു താനെന്നും തൃണമൂൽ കോൺഗ്രസ് സ്വീകരിച്ച നടപടി ശരിയാണോയെന്ന് കാലം തെളിയിക്കുമെന്നും അറസ്റ്റിലായ പാർഥ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂൾ നിയമനക്കോഴയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത പാർഥയെ മന്ത്രിസ്ഥാനത്തുനിന്നു മുഖ്യമന്ത്രി മമത ബാനർജി നീക്കിയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി പദത്തിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്‍തു. പിടിച്ചെടുത്ത പണം തന്റേതല്ലെന്ന നിലപാടിൽ പാർഥയും ഉറച്ചു നിൽക്കുകയാണ്.
English Summary: Arpita Mukherjee has set an example...' tweet goes viral