വംശീയ യുദ്ധം ഇല്ലാതാക്കിയത് ഒരുലക്ഷം പേരെ; ചോരക്കളി ഒടുങ്ങിയ ശ്രീലങ്ക കടക്കെണിയിൽ കുടുങ്ങി
Mail This Article
തൊണ്ണൂറുകളിൽ മരതകദ്വീപിനെ ചുവപ്പിച്ചത് ചോരയായിരുന്നു. സിംഹളർക്കും തമിഴർക്കുമിടയിൽ പതിറ്റാണ്ടുകൾ നീണ്ട സംശയവും അകൽച്ചകളും വെറുപ്പും കുടിപ്പകയുമായപ്പോൾ എൽടിടിഇയും ശ്രീലങ്കൻ സൈന്യവും ചോരപ്പുഴയൊഴുക്കി. നേതാക്കളും നിരപരാധികളുമൊക്കെ മരിച്ചുവീണു. എൽടിടിഇയെ തകർത്ത് അധികാരമുറപ്പിച്ച രാജപക്സെമാരുടെ കാലത്ത് ദ്വീപുരാഷ്ട്രം കടത്തിന്റെ നടുക്കയത്തിലായി. കരകയറാൻ ഒരു പിടിവള്ളിക്കായി പിടയുകയാണ് ശ്രീലങ്കയിപ്പോൾ.
ഒന്നാം ഭാഗം: ക്ഷോഭമടങ്ങാതെ ലങ്ക; ‘അരി വില’ ഹർത്താൽ, കുടുംബവാഴ്ച
രണ്ടാം ഭാഗം: ബന്ദാരനായകെയെ വെടിവച്ചിട്ട ബുദ്ധസന്യാസി; ലങ്കയിൽ ‘സിംഹള മാത്രം’ എന്ന ദുർഭൂതം
മൂന്നാം ഭാഗം: ലങ്ക പിടിക്കാൻ മാർക്സിസം, ലെനിനിസം!
നാലാം ഭാഗം: ചോരവീണു കറുത്ത ആ ജൂലൈ; കൊളംബോ നടുങ്ങിയ ദിനങ്ങൾ, പുലികളുടെ കടന്നുവരവ്
അഞ്ചാം ഭാഗം: സ്വന്തമായി വ്യോമസേനയുള്ള എൽടിടിഇ; പുലിപ്പകയിൽ ഇന്ത്യയുടെ നെഞ്ചിലേറ്റ മുറിവ്
നാഥനില്ലാത്ത മരതകദ്വീപ് പരമ്പ വായിക്കാം പരമ്പരയുടെ അവസാനഭാഗം
രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് എൽടിടിഇയോടുള്ള മനോഭാവത്തിൽ മാറ്റം വന്നിരുന്നു. അക്കാലത്ത് ജാഫ്നയെ വീണ്ടും തന്റെ നിയന്ത്രണത്തിലാക്കുകയായിരുന്നു പ്രഭാകരൻ. സ്വന്തം പൊലീസും കോടതിയുമടക്കം പുനഃസ്ഥാപിച്ച് എൽടിടിഇ വീണ്ടും ഭരണം തുടങ്ങിയെങ്കിലും പ്രഭാകരന്റെ ഏകാധിപത്യം തമിഴ് ജനതയിലും എൽടിടിഇയിലുമുള്ള ഒരു വിഭാഗത്തിൽ അസംതൃപ്തിയുടെ വിത്തുകൾ പാകിക്കഴിഞ്ഞിരുന്നു. തങ്ങളല്ല രാജീവ് വധത്തിന്റെ ഉത്തരവാദികളെന്ന് എൽടിടിഇ ആവർത്തിച്ചെങ്കിലും തെളിവുകളുടെ ബലത്തിൽ ആ വാദങ്ങളെ പല രാജ്യങ്ങളും തള്ളിപ്പറഞ്ഞു. ഒരു തീവ്രവാദ സംഘടനയായി പല രാജ്യങ്ങളും അവരെ സംശയിച്ചു തുടങ്ങി. 1992 ൽ ഇന്ത്യ എൽടിടിഇയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. ഇത് അവരുടെ ഫണ്ട് ശേഖരണത്തെ ബാധിച്ചു. 1993 ലെ മേയ്ദിന റാലിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസ കൊല്ലപ്പെട്ടതോടെ എൽടിടിഇയും പ്രഭാകരനും ലോകത്തിനുമുന്നിൽ വീണ്ടും പ്രതിക്കൂട്ടിലായി.
ചന്ദ്രികയുടെ യുദ്ധങ്ങൾ
1994 ൽ ബന്ദാരനായകെയുടെയും സിരിമാവോ ബന്ദാരനായകെയുടെയും മകൾ ചന്ദ്രിക കുമാരതുംഗെ ശ്രീലങ്കയുടെ അഞ്ചാമത്തെ പ്രസിഡന്റായി അധികാരമേറ്റതോടെ എൽടിടിഇയുമായി നിരവധി സമാധാന ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചർച്ചകൾ പൊളിഞ്ഞതോടെ എൽടിടിഇ ശ്രീലങ്കൻ നാവിക സേനയുടെ ഏതാനും കപ്പലുകൾ ആക്രമിച്ചു. ജാഫ്നയിലേക്ക് സൈന്യത്തെ അയച്ചാണ് ചന്ദ്രിക തിരിച്ചടിച്ചത്. കടുത്ത പോരാട്ടത്തിലൂടെ ശ്രീലങ്കൻ സേന ജാഫ്ന ഭാഗികമായി പിടിച്ചെടുത്തെങ്കിലും 1998 നും 2000 നുമിടയിൽ ഈ പ്രദേശങ്ങൾ എൽടിടിഇ തിരിച്ചു പിടിച്ചു.
1999 ലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ചന്ദ്രിക കുമാരതുംഗെയ്ക്കെതിരെ പുലികളുടെ വധശ്രമമുണ്ടായി എങ്കിലും അവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ കുമാരതുംഗെയുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും വീണ്ടും പ്രസിഡന്റ് ആകുകയും ചെയ്തു. 1991 ൽ ജാഫ്നയിലേക്കുള്ള ഗേറ്റ്‌വേ ആയ എലിഫന്റ് പാസ് പിടിച്ചെടുക്കാൻ എൽടിടിഇ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും നിരവധി പോരാളികളെ നഷ്ടമാകുകയും ചെയ്തിരുന്നു. ചന്ദ്രിക കുമാരതുംഗെ രണ്ടാം തവണയും അധികാരത്തിലെത്തിയതോടെ എലിഫന്റ് പാസിന് വേണ്ടിയുള്ള രണ്ടാം യുദ്ധം എൽടിടിഇ 2000 ഏപ്രിൽ 22-ന് ആരംഭിക്കുകയും ശ്രീലങ്കൻ സേനയ്ക്ക് കടുത്ത സൈനിക നഷ്ടം വരുത്തിക്കൊണ്ട് എലിഫന്റ് പാസ് പിടിച്ചെടുക്കുകയും ചെയ്തു. 2001 ജൂൺ 24 ന് കടുനായകെ രാജ്യാന്തര വിമാനത്താവളം ആക്രമിച്ച് നിരവധി സൈനിക, യാത്രാവിമാനങ്ങൾ നശിപ്പിച്ചു. ഈ ആക്രമണം ശ്രീലങ്കയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ടൂറിസം വരുമാനത്തിൽ മാത്രം 15.5 ശതമാനം കുറവുണ്ടായി. 2001 ൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നതോടെ ചന്ദ്രികയെ പരാജയപ്പെടുത്തി റനിൽ വിക്രമസിംഗെ അധികാരത്തിൽ വന്നു. പുലികൾ സമാധാനസന്നദ്ധത അറിയിച്ചതോടെ നോർവെയുടെ നേതൃത്വത്തിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കിയെങ്കിലും അതും അധികനാൾ നിലനിന്നില്ല.
പുലികൾ തളർന്നു തുടങ്ങുന്നു
2001 സെപ്റ്റംബർ 11 ന് നടന്ന യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് യുഎസ് രാജ്യാന്തര ഭീകരസംഘടനകളുടെ പട്ടികയിൽ എൽടിടിഇയെയും ഉൾപ്പെടുത്തി. തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ എൽടിടിഇയെ നിരോധിച്ചു. അതോടെ എൽടിടിഇയുടെ ഫണ്ടുപിരിവിൽ ഗണ്യമായ കുറവുണ്ടായി. അവരുടെ നയതന്ത്ര നീക്കങ്ങൾക്കും നിരോധനം തിരിച്ചടിയായി.
2004 ജൂലൈയിൽ, എൽടിടിഇ യുടെ കിഴക്കൻ പ്രദേശത്തെ കമാൻഡർ കേണൽ കരുണ ആയിരക്കണക്കിന് പോരാളികളോടൊപ്പം സംഘടന വിട്ടത് പ്രഭാകരനു വലിയ തിരിച്ചടിയായി. വടക്കു കിഴക്കൻ പ്രദേശത്തെ പോരാളികളായിരുന്നു എൽടിടിഇയുടെ യുദ്ധമുഖത്തെ മുന്നേറ്റങ്ങൾ പ്രധാനമായും നടത്തിയിരുന്നത്. കരുണയുടെയും കൂട്ടരുടെയും പിൻവാങ്ങൽ എൽടിടിഇയുടെ പ്രഹരശേഷിയുടെ നല്ലൊരു പങ്കും നഷ്ടമാകുവാൻ കാരണമായി. കരുണ തന്നെ ഒരിക്കൽ പറഞ്ഞത്, തങ്ങൾ സംഘടന ഉപേക്ഷിച്ചതോടെ എൽടിടിഇ യുടെ പ്രഹരശേഷി 70% കുറഞ്ഞുവെന്നാണ്. അതോടെ വടക്കു കിഴക്കൻ മേഖലയിലെ സ്വാധീനം ഏറെക്കുറെ പൂർണമായിത്തന്നെ എൽടിടിഇ യ്ക്ക് നഷ്ടപ്പെട്ടു. 2004-ലെ സുനാമിയും എൽടിടിഇയ്ക്ക് ഏറെ നഷ്ടങ്ങൾ വരുത്തിവച്ചു. നിരവധി കേഡറുകളെയാണ് സുനാമി തിരകളിൽ പ്രഭാകരന് നഷ്ടപ്പെട്ടത് .വലിയൊരു ശതമാനം ആയുധങ്ങളും ഉപയോഗശൂന്യമായി.
രാജപക്സെയുടെ യുദ്ധങ്ങൾ
സിംഹള ദേശീയതയെ ആളിക്കത്തിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട മഹിന്ദ രാജപക്സെ 2005 നവംബർ 19 ന് ശ്രീലങ്കൻ പ്രസിഡന്റായി അധികാരമേറ്റതോടെ ശ്രീലങ്കൻ ആഭ്യന്തരസംഘർഷം പുതിയ തലത്തിലേക്ക് പ്രവേശിച്ചു. തികഞ്ഞ ചൈനീസ് പക്ഷപാതിയായ രാജപക്സെ എൽടിടിഇയെ തകർക്കാൻ ചൈനീസ് സഹായം തേടി. ചൈനവൽക്കരണത്തിനായി ശ്രീലങ്കയുടെ കവാടങ്ങൾ തുറന്നുകൊടുത്ത രാജപക്സെയെ സൈനികപരമായും നയതന്ത്രപരമായും സഹായിക്കുവാൻ ചൈനയും മുന്നോട്ടുവന്നു. ചൈനയുടെ സുഹൃത്തായ പാക്കിസ്ഥാന്റെ സഹായവും മഹേന്ദ്ര രാജപക്സെ ഉറപ്പിച്ചു. ദശലക്ഷക്കണക്കിനു ഡോളറിന്റെ അത്യന്താധുനിക ആയുധങ്ങളും വിമാനങ്ങളും ഹെലികോപ്റ്ററുകളും റഡാറുകളും ചൈനയിൽനിന്നു രാജപക്സെ സർക്കാർ വാങ്ങിക്കൂട്ടി. ലങ്കൻ സൈനികർക്ക് ഗറില്ലാ യുദ്ധമുറ നേരിടുവാനുള്ള പരിശീലനവും ചൈനയിൽനിന്നു ലഭിച്ചു. അതോടെ ശ്രീലങ്കൻ സേന പുതിയ പുലിവേട്ടയ്ക്ക് തുടക്കം കുറിച്ചു.
പുലികൾക്ക് ആയുധവുമായെത്തിയ പതിനൊന്നോളം കപ്പലുകൾ ശ്രീലങ്കൻ സേന പിടിച്ചെടുത്തത് സുനാമിയിൽ തകർന്നടിഞ്ഞ എൽടിടിഇ നാവികസേനയെ ഏറെക്കുറെ പൂർണമായും തകർത്തു. കര, വ്യോമ യുദ്ധങ്ങളിൽ പുലിത്താവളങ്ങൾ തകർക്കപ്പെട്ടു. ശ്രീലങ്കൻ സേന ഇരച്ചുകയറിയപ്പോൾ തമിഴ് മേഖലകളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ പതിനായിരങ്ങൾ മരിച്ചുവീണു. പുലികൾക്കെതിരെയുള്ള പോരാട്ടം എന്നതിലുപരി തമിഴ് വംശീയ ഉന്മൂലനം എന്ന നിലയിലേക്ക് യുദ്ധം മാറി. ശ്രീലങ്കയിലെ ആഭ്യന്തര പോരാട്ടം എന്ന നിലയിൽ പല ലോകരാജ്യങ്ങളും അതിനെതിരെ കണ്ണടച്ചു നിന്നപ്പോൾ, പതിറ്റാണ്ടുകൾ നീണ്ടു നിന്ന ചോരക്കളിയുടെ അവസാന അധ്യായത്തിന് ശ്രീലങ്കൻ സേന തുടക്കം കുറിക്കുകയായിരുന്നു.
ചോരക്കളിയുടെ ഒടുക്കം
ഗത്യന്തരമില്ലാതെ എൽടിടിഇ വെടിനിർത്തലിന് തയാറാണെന്ന് പ്രഖ്യാപിച്ചു. യുദ്ധത്തിൽ പരുക്കേറ്റവർക്ക് അടിയന്തര സഹായം നൽകണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും അഭ്യർഥിച്ചെങ്കിലും മഹീന്ദ്ര രാജപക്സെ അതു തള്ളിക്കളഞ്ഞു. ഗത്യന്തരമില്ലാതെ, സിവിലിയന്മാരുടെ അഭയസ്ഥാനമായ നോൺ ഫയർ സോണിലേക്കു കടന്ന എൽടിടിഇ കേഡർമാർക്കു നേരെ ശ്രീലങ്കൻ സേന അവിടെയും ആക്രമണം തുടർന്നതോടെ പുലികളുടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു. നൂറുകണക്കിന് എൽടിടിഇ പോരാളികൾ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. പലരും പ്രാണരക്ഷാർഥം കടൽത്തീരം ലക്ഷ്യമാക്കി ഓടിയെങ്കിലും അവരെയും ശ്രീലങ്കൻ സേന വെടിവച്ചുകൊന്നു. കടൽത്തീരത്തേക്ക് ഓടിയവരിൽ പലരും സൈനികശക്തി വർധിപ്പിക്കുവാനായി എൽടിടിഇ ഭീഷണിപ്പെടുത്തി സൈന്യത്തിൽ ചേർത്ത തമിഴ് കുട്ടികളായിരുന്നു എന്നും പറയപ്പെടുന്നു.
2009 മേയ് 17 ന് എൽടിടിഇ ഔദ്യോഗികമായി പരാജയം സമ്മതിച്ചു. മേയ് 18 ന് ആ വാർത്തയും എത്തി. നോൺ ഫയർ സോണിൽനിന്ന് ആംബുലൻസിൽ രക്ഷപ്പെടുവാൻ ശ്രമിച്ച പ്രഭാകരനെയും കൂട്ടാളികളെയും ശ്രീലങ്കൻ സൈന്യം വെടിവച്ച് കൊന്നിരിക്കുന്നു. പ്രഭാകരനൊപ്പമുണ്ടായിരുന്ന ഭാര്യ മതിവദനി, മകൾ ദ്വാരക എന്നിവരും കൊല്ലപ്പെട്ടു. എന്നാൽ പ്രഭാകരന്റെ ഇളയ മകൻ 12 വയസ്സുമാത്രം പ്രായമുള്ള ബാലചന്ദ്രനെ സൈന്യം കസ്റ്റഡിയിൽ വച്ചുകൊല്ലുകയായിരുന്നു എന്ന വാർത്ത ഏറെ വിവാദങ്ങൾക്കും തിരികൊളുത്തി. മൂത്ത മകൻ ചാൾസ് ശ്രീലങ്കൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ ദിവസങ്ങൾക്കുമുൻപ് കൊല്ലപ്പെട്ടിരുന്നു. എൽടിടിഇ യുടെ പ്രധാന നേതാക്കളായ സി.നടേശൻ, എസ്.പുലിദേവൻ, രമേശ് തുടങ്ങിയവരും യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിതീകരിച്ചതോടെ പുലികളുടെ സമ്പൂർണ പരാജയം അംഗീകരിക്കപ്പെടുകയായിരുന്നു.
2009 മേയ് 19 ന് പ്രസിഡന്റ് മഹീന്ദ്ര രാജപക്സെ പ്രഭാകരൻ കൊല്ലപ്പെട്ടതായും പതിറ്റാണ്ടുകൾ നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിച്ചതായും പ്രഖ്യാപിച്ചു. സിംഹളർ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആ വിജയം ആഘോഷിച്ചു. 2009 ൽ യുഎൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം ഒരുലക്ഷത്തിലധികം പേരാണ് ഈ വംശീയ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
രാജപക്സെമാരും ചൈനീസ് കെണിയിെല ലങ്കയും
പുലികൾക്കുമേൽ വിജയം സ്ഥാപിക്കുവാൻ കഴിഞ്ഞതോടെ ചോദ്യം ചെയ്യാനാകാത്ത നേതാവായി വളർന്ന രാജപക്സെയുടെ ഭരണം ഏകാധിപത്യത്തിലും കുടുംബാധിപത്യത്തിലുമമർന്നു. ചൈനയിൽനിന്നു വൻ വായ്പകൾ സ്വീകരിച്ച് വികസനനായകൻ എന്ന പ്രതിച്ഛായയും സൃഷ്ടിച്ചു. ഭൂരിപക്ഷ സിംഹള വോട്ടുകളുടെ ബലത്തിൽ 2010 ൽ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൊടികുത്തിവാണതോടെ 2015 ലെ തിരഞ്ഞെടുപ്പിൽ രാജപക്സെ പരാജയപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്നതും തോൽവിയുടെ കാരണമായി. 2020 ഓഗസ്റ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്താൻ കഴിഞ്ഞ മഹിന്ദ രാജപക്സെയ്ക്ക് ഒടുവിൽ കുടുംബാധിപത്യവും സാമ്പത്തിക തകർച്ചയും സൃഷ്ടിച്ച ജനരോഷം ഭയന്ന് ഒളിവിൽ പോകേണ്ട ഗതികേടുമുണ്ടായി. മഹിന്ദ രാജപക്സെ ഭരണരംഗത്തുനിന്നും മാറിയിട്ടും ജനങ്ങൾ ശാന്തരായില്ല. 2022 ജൂലൈ 9 നു മഹിന്ദ രാജപക്സെയുടെ സഹോദരനും ശ്രീലങ്കൻ പ്രസിഡന്റുമായ ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനമുപേക്ഷിച്ച് ഒളിച്ചോടിയിട്ടും കലാപങ്ങൾ ശ്രീലങ്കയിൽ ശമിക്കുന്നുമില്ല. അഴിമതിവീരന്മാർ കട്ടുമുടിച്ച രാജ്യത്തിലെ ജനങ്ങൾ പട്ടിണി കൊണ്ടലയുമ്പോൾ കലാപങ്ങളും തുടർകലാപങ്ങളുമല്ലാതെ മറ്റെന്തുവഴിയാണ് അവർക്കു മുന്നിലുള്ളത് ?
ഒരിക്കൽ വീരനായകനായി തോളിലേറ്റിയ ശ്രീലങ്കൻ ജനത തന്നെ രാജപക്സെയ്ക്കും കുടുംബത്തിനുമെതിരെ തിരിയുകയായിരുന്നു. ജനാധിപത്യത്തിനകത്തെ കുടുംബാധിപത്യമായിരുന്നു ശ്രീലങ്കയിൽ. ഭരണത്തിന്റെ അവസാന നാളുകളിൽ ഗോതബയ രാജപക്സെ പ്രസിഡന്റ്, മഹീന്ദ്ര രാജപക്സെ പ്രധാനമന്ത്രി, ബാസിൽ രാജപക്സെ ധനമന്ത്രി, ചമൽ രാജപക്സെ ആഭ്യന്തര മന്ത്രി, നമൻ രാജപക്സെ കായികമന്ത്രി, ശശീന്ദ്ര രാജപക്സെ കൃഷി മന്ത്രി, എന്നിങ്ങനെയായിരുന്നു അവസ്ഥ. മന്ത്രിസ്ഥാനങ്ങൾക്ക് പുറമെ എംപിസ്ഥാനങ്ങളിലും ഉന്നത ഉദ്യോഗങ്ങളിലുമെല്ലാം രാജപക്സെ കുടുംബങ്ങൾ നിറഞ്ഞാടിയെങ്കിലും രാജ്യത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല.
സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു കാര്യത്തിലും സ്വയം പര്യാപ്തത ആർജ്ജിക്കുവാൻ കഴിയാത്ത രാജ്യമാണ് ശ്രീലങ്ക. വോട്ടു ബാങ്ക് രാഷ്ട്രീയത്തിനും അധികാരമത്സരത്തിനുമപ്പുറം ദീർഘവീക്ഷണത്തോടെ രാജ്യത്തെ നയിക്കുവാൻ ശ്രീലങ്ക ഭരിച്ച ഒരു ഭരണാധികാരിയും ശ്രമിച്ചിരുന്നില്ല. ഒരു ഭരണാധികാരി ദേശസാത്കരണം നടത്തുമ്പോൾ തുടർന്നുവരുന്ന ഭരണാധികാരി സ്വകാര്യവൽക്കരണം നടത്തും. തത്വദീക്ഷയില്ലാത്ത മത്സരബുദ്ധിയോടെ നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ ശ്രീലങ്കയുടെ വികസനത്തിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു. പ്രകൃതി സമ്പത്തും മാനവശേഷിയും, വികസന സാധ്യതയുമുണ്ടായിട്ടും വീക്ഷണബോധമില്ലാത്ത ഭരണാധികാരികൾ നയിക്കുന്ന ബനാന റിപ്പബ്ലിക് ആയിരുന്നു ശ്രീലങ്ക.
ഭക്ഷ്യോൽപാദനത്തിലും, പാലുല്പാദനത്തിലും ഏറെ പിന്നിലായിരുന്നു ശ്രീലങ്ക. പാലിന്റെ 75 ശതമാനവും ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുമായിരുന്നു ശ്രീലങ്ക ഇറക്കുമതി ചെയ്തിരുന്നത്. അയൽ രാജ്യത്തിന്റെ ഈ ദുരവസ്ഥ പരിഹരിക്കാൻ ഇന്ത്യയുടെ മുൻകയ്യിൽ,
1997-ൽ ഇന്ത്യയുടെ മിൽക്ക് മാൻ എന്നറിയപ്പെട്ട ഡോ.വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ഇന്ത്യ-ശ്രീലങ്ക സംയുക്ത സംരംഭമായി അമുൽ മാതൃകയിൽ പാൽ ഉത്പന്നങ്ങളുടെ ഉൽപാദനം ആരംഭിച്ചു. ശ്രീലങ്കയിലെ പാൽ ഇറക്കുമതി അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അധികം താമസിയാതെ , ശ്രീലങ്കയിലെ ഇറക്കുമതി ലോബിയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഈ സംരംഭം തകർത്തു. ശ്രീലങ്കയെ സ്വയം പര്യാപ്തമാക്കാൻ പോയ ഇന്ത്യയ്ക്കുണ്ടായതാകട്ടെ കോടികളുടെ നഷ്ടവും.
കോവിഡ് മൂലം സാമ്പത്തിക രംഗത്ത് ഉടലെടുത്ത നിശ്ചലാവസ്ഥയും ഭക്ഷ്യസ്വയംപര്യാപ്തമല്ലാത്ത ശ്രീലങ്കയിൽ രാസവളത്തിനു പകരം ജൈവവളം വ്യാപകമാക്കിയതും ഇന്ധന വിലവർധനവും വിദേശ നാണ്യശേഖരം വർധിപ്പിക്കുവാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം 15 ശതമാനമായി കുറച്ചതുമൊക്കെ ആ രാജ്യത്തെ തകർത്തു. ദീർഘ വീക്ഷണമില്ലാതെ രാജ്യത്തെ നയിച്ച ഭരണാധികാരികളുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു രാജപക്സെ കുടുംബം. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ ശ്രീലങ്കയ്ക്കുണ്ടായ കടബാധ്യതയിൽ ഭൂരിപക്ഷവും രാജപക്സെ കുടുംബ ഭരണകാലത്തുണ്ടായതാണ്. 2015-2019-ൽ സിരിസേന ഭരണകാലത്ത് മൊത്തം കടബാധ്യത 42 ശതമാനമായിരുന്നെങ്കിൽ ഭരണ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ 71 ശതമാനമായി കടബാധ്യത ഉയർന്നിരുന്നു. 2005 നു ശേഷം കൂടുതൽ കാലവും ശ്രീലങ്ക ഭരിച്ചത് രാജപക്സെ കുടുംബമായിരുന്നു. രണ്ടേകാൽക്കോടിയോളം മാത്രം ജനസംഖ്യയുള്ള ശ്രീലങ്കയുടെ വിദേശകടം ഇന്ന് 50 ബില്യൻ ഡോളറാണ്. ഉത്പാദനക്ഷമത പ്രകടിപ്പിക്കാതെ ഭക്ഷ്യധാന്യങ്ങൾ, പാൽ, ഇന്ധനം, സിമന്റ്, ഇരുമ്പ് തുടങ്ങി ഉപ്പു തൊട്ടു കർപ്പൂരം വരെ ഇറക്കുമതി ചെയ്ത് ശീലിച്ച ഒരു രാജ്യത്തിന്റെ ദുര്യോഗമാണ് ഇന്ന് ശ്രീലങ്കൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ചേർത്തുനിർത്തുന്ന ഇന്ത്യ
ഇന്ത്യയുമായി അസ്ഥിരമായ സൗഹൃദമാണ് ശ്രീലങ്ക എക്കാലവും പുലർത്തിയിരുന്നത്. ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം കിട്ടിയനാൾ മുതൽ മാറിമാറി വരുന്ന ഭരണാധികാരികൾ തങ്ങളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ഇന്ത്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു. ശ്രീലങ്കയെ എക്കാലവും ചേർത്തു നിർത്തുവാനാഗ്രഹിച്ച ഇന്ത്യ പരിഭവങ്ങളെല്ലാം മറന്നുകൊണ്ട് പ്രതിസന്ധി കാലങ്ങളിലെല്ലാം ശ്രീലങ്കക്കൊപ്പം നിന്നു. പത്തൊൻപതാം നൂറ്റാണ്ടുമുതൽ ശ്രീലങ്കയിൽ കുടിയേറിയ തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ പൗരത്വം ഡി.എസ്. സേനാനായകെ റദ്ദാക്കി. സിംഹളരും തമിഴരും ഇന്ത്യയിൽ നിന്നും കുടിയേറിയവരായിരുന്നു എന്ന ബോധം പോലും മറന്നുകൊണ്ടാണ് സേനാനായകെ ഈ തീരുമാനം കൈക്കൊണ്ടത്. ഈ അവസരത്തിൽ അനാഥരായ തമിഴ് വംശജരെ പുനരധിവസിപ്പിക്കുവാൻ ഇന്ത്യ മുന്നോട്ടുവരികയായിരുന്നു.
1964-ൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലത്ത് ശാസ്ത്രി –സിരിമാവോ കരാറിലും ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ദിര-സിരിമാവോ കരാറിലും തമിഴ് വംശജരുടെ സംരക്ഷണാർഥം ഇന്ത്യ ഒപ്പുവച്ചു. ഈ രണ്ടു കരാറുകൾ പ്രകാരം ആറുലക്ഷം പേർക്കാണ് ഇന്ത്യ പൗരത്വം കൊടുത്തത്. ചൈനയുടെയും ഉത്തര കൊറിയയുടെയും സഹായത്തോടെ 1971-ൽ ജനത വിമുക്തി പെരുമന സായുധ വിപ്ലവം ആരംഭിച്ചപ്പോൾ ശ്രീലങ്ക മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുടേയും സഹായം തേടി. ഇന്ത്യ അടിയന്തരമായി വലിയ സൈനികസഹായം തന്നെ ശ്രീലങ്കയ്ക്കു നൽകി. കൊളംബോ തുറമുഖത്തിന്റെ സംരക്ഷണവും നാവിക സംരക്ഷണവുമുൾപ്പെടെ ഗണ്യമായ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയത്. എന്നാൽ 1971 ലെ ഇന്ത്യ –പാക്കിസ്ഥാൻ യുദ്ധസമയത്ത് പാക്ക് യുദ്ധവിമാനങ്ങൾക്ക് ബംഗ്ലദേശിലേക്ക് പോകുവാനായി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം കൊളംബോ വിമാനത്തത്താവളത്തിൽ ശ്രീലങ്ക കൊടുത്തു.
ഇന്ത്യയ്ക്ക് അവകാശപ്പെടാമായിരുന്ന കച്ചിത്തീവ് ദ്വീപ് അവകാശമുന്നയിച്ചപ്പോൾ ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തു. ശ്രീലങ്കൻ കരാറിനെ തുടർന്ന് 1987 ൽ ശ്രീലങ്കയുടെ അഭ്യർഥനപ്രകാരമെത്തിയ ഇന്ത്യൻ സൈന്യത്തെ പരസ്യമായി അപമാനിച്ച് തിരിച്ചയയ്ക്കുകയും ചെയ്തു. 1200-ൽപ്പരം ഇന്ത്യൻ ജവാന്മാർ ശ്രീലങ്കയുടെ അഖണ്ഡത നിലനിർത്തുവാൻ വേണ്ടി നടത്തിയ ജീവത്യാഗത്തെപ്പോലും മുഖവിലയ്ക്കെടുത്തില്ല. ഇങ്ങനെ വലുതും ചെറുതുമായ നിരവധി അടിയൊഴുക്കുകൾ നിറഞ്ഞ സൗഹൃദങ്ങൾക്കിടയിലാണ് ശ്രീലങ്ക സാമ്പത്തിക തകർച്ചയെയും, കലാപത്തെയും തുടർന്ന് സഹായ അഭ്യർഥനയുമായി ഇന്ത്യയെ സമീപിച്ചത്. അപ്പോഴും കൈയയച്ച് സഹായിക്കുവാൻ ഇന്ത്യ ഒരു വൈമുഖ്യവും കാണിച്ചില്ല. കാരണം ഇന്ത്യയ്ക്ക് ഏറ്റവും തന്ത്രപ്രധാനവും, വൈകാരിക ബന്ധവുമുള്ളതുമായ രാജ്യമാണ് ശ്രീലങ്ക. തുടർന്നും ഇന്ത്യ ശ്രീലങ്കയെ കൂടുതൽ ചേർത്ത് നിർത്തുവാനാകും സാധ്യത.
(അവസാനിച്ചു)
(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)
English Summary: Sri Lanka Economic Crisis and the History of the Island - Special Web Series-6