ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ശനിയാഴ്ച; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജിഎസ്ടി, കേന്ദ്രപദ്ധതികളിൽ തുക അനുവദിക്കുന്നതിലെ കാലതാമസം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
ബംഗാൾ മുൻമന്ത്രി പാർഥ ചാറ്റർജിയുടെ അറസ്റ്റും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചർച്ചയായതായാണ് വിവരം. മമതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാർഥ ചാറ്റർജിയെ ഇഡി അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന നിതി ആയോഗ് യോഗത്തിലും പങ്കെടുക്കുന്നുണ്ട്.
കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടി നേതാക്കളെയും മമത സന്ദർശിച്ചേക്കും. ശനിയാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് അൽവയ്ക്കു വോട്ട് ചെയ്യാതെ വിട്ടുനിൽക്കുമെന്ന് അറിയിച്ച തൃണമൂലിന്റെ മനസ്സുമാറ്റാനുള്ള ശ്രമം പ്രതിപക്ഷ കക്ഷികൾ നടത്തിയേക്കും.
English Summary: West Bengal CM Mamata Banerjee meets Prime Minister Narendra Modi