ADVERTISEMENT

കൊച്ചി∙ ആലുവയിൽനിന്നു പേട്ടയിലേക്ക് ഉച്ചയ്ക്കു രണ്ടരയ്ക്കു പുറപ്പെട്ട മെട്രോ ട്രെയിനിന്റെ അവസാന കോച്ചിൽ ഒരു ആൾക്കൂട്ടം. കാര്യമറിയാൻ അടുത്തു കൂടിയവരിൽ ചിലർ ആദ്യം നാണിച്ച് ഓടിയകന്നു, മറ്റു ചിലർ കൗതുകത്തോടെ നോക്കി, ചിലർ മുഖത്തോടു മുഖം നോക്കി, പിന്നെ പതിയെ ആൾക്കൂട്ടത്തിന്റെ ഭാഗമായി. ഓടുന്ന മെട്രോ ട്രെയിനിൽ ലൈവ് ചർച്ചയ്ക്ക് ആദ്യമായി കൊച്ചി മെട്രോ സാക്ഷിയായി. മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ഹൈബി ഈഡൻ എംപി നടപ്പാക്കുന്ന ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതിയുടെ ഭാഗമായി ‘ആർത്തവവും അറുപതും’ എന്ന വിഷയത്തിലാണ് ഓടുന്ന മെട്രോ ട്രെയിനിനുള്ളിൽ തുറന്ന ചർച്ച സംഘടിപ്പിച്ചത്.

ആർത്തവ കാലത്ത് വയറുവേദനയ്ക്ക് പകരം തലവേദനയാണെന്ന് പലതവണ പലരോടും കള്ളം പറയേണ്ടി വന്നതും പാഡ് ഇല്ലാത്തതിനെ തുടർന്ന് അനുഭവിച്ച വിഷമതകളും പുറത്ത് ആരോടും പറയാൻ കഴിയാതെ വേദനയും ക്ഷീണവും കടിച്ചമർത്തേണ്ടി വന്ന അനുഭവങ്ങളും പലരും പങ്കുവച്ചു. കാലം ഏറെ മാറിയെന്നും ആർത്തവത്തെ കുറിച്ചും സ്ത്രീകളെ ബാധിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും പരസ്യമായി ചർച്ച ചെയ്യാൻ സമൂഹം തയാറായതാണ് കപ്പ് ഓഫ് ലൈഫ് പദ്ധതി ആരംഭിച്ചതിലൂടെ കൈവന്ന നേട്ടമെന്നു മോഡറേറ്ററായ മാധ്യമപ്രവർത്തക ശ്രീജ ശ്യാം പറഞ്ഞു.

ആർത്തവവും അറുപതും എന്ന വിഷയത്തിൽ മെട്രോ ട്രെയിനിനുള്ളിൽ നടന്ന ചർച്ചയിൽനിന്ന്.
ആർത്തവവും അറുപതും എന്ന വിഷയത്തിൽ മെട്രോ ട്രെയിനിനുള്ളിൽ നടന്ന ചർച്ചയിൽനിന്ന്.

കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഉദ്ദേശ്യം പൂർണതോതിലല്ലെങ്കിലും ലക്ഷ്യം കണ്ടതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. മുത്തൂറ്റ് ഫിനാൻസ് ഭാഗമായ ഏറ്റവും മികച്ച സിഎസ്ആർ പദ്ധതികളിൽ ഒന്നാണ് കപ്പ് ഓഫ് ലൈഫ് പദ്ധതിയെന്ന് മുത്തൂറ്റ് ഫിനാൻസ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം.ജോർജ് പറഞ്ഞു.

ആർത്തവം തുടങ്ങി ആർത്തവവിരാമം വരെയുള്ള അനുഭവങ്ങളും അറിവുകളും മാനസിക സംഘർഷങ്ങളുമെല്ലാം 20 വയസ്സുകാരി മുതൽ 60 വയസ്സുകാരി വരെ ചർച്ച ചെയ്തു. കൊച്ചി നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ പൊതുസമൂഹത്തിൽ ചർച്ചയാക്കുന്നതിനും മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള സാമൂഹ്യ വിഷയങ്ങൾ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുന്നതിനുമാണ് കൊച്ചി മെട്രോ വേദിയാക്കിയത്.

Cup of Life | Kochi Metro | Hibi Eden
ആർത്തവവും അറുപതും എന്ന വിഷയത്തിൽ മെട്രോ ട്രെയിനിനുള്ളിൽ നടന്ന ചർച്ചയിൽനിന്ന്.

സെന്റ് തെരേസാസ് കോളജ് ഡീൻ ഡോ. നിർമല പത്മനാഭൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചി മിലൻ പ്രതിനിധി ഷഹീന നിസാർ, ഡബ്ല്യുഐസിസിഐ പ്രതിനിധി ഷന സൂസൻ, ദന്തഡോക്ടർ അഷ്‌ന ഹനീഷ്, ടാനിയ ജോയ്, യുവ സംരംഭക നൗറീൻ ഐഷ, ഐഎംഎ കൊച്ചിൻ പ്രസിഡന്റ് ഡോ. മരിയ വർഗീസ്, ഡോ. ജുനൈദ് റഹ്മാൻ, ഡോ. അഖിൽ സേവ്യർ മാനുവൽ എന്നിവർ ചർച്ചയിൽ പങ്കാളികളായി. എറണാകുളം ജില്ലാ ഭരണകൂടം, ഐഎംഎ കൊച്ചി ശാഖ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് കപ്പ് ഓഫ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപയാണ് മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ ഫണ്ടിൽ നിന്നു പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

English Summary: Cup of Life project Live Talk at Kochi Metro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com