വിമാനത്തിലെ പ്രതിഷേധം; ഫർസീൻ മജീദിനെ കാപ്പ ചുമത്തി നാടുകടത്താൻ ശുപാർശ
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ നീക്കം. ഫർസീൻ മജീദ് സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തണമെന്നും പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷണർ കലക്‌ടർക്കു ശുപാർശ നൽകി.
മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസുകളിൽ അടക്കമാണു നിർദേശം. ഫർസീൻ മജീദിനെതിരായ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽനിന്നു നാടുകടത്തണമെന്നു പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഫർസീൻ കണ്ണൂരിൽ തുടരുന്നതു ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
ജൂൺ 13ന് കണ്ണൂർ – തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് ഫർസീൻ മജീദും നവീൻ കുമാറും മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ചത്. ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയതിനു പിന്നാലെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിനു ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തുവെങ്കിലും കോടതി ജാമ്യം അനുവദിച്ചു.
English Summary: Police to impose KAAPA Act against Farzeen Majid