ഡെൻസിയെ കഴുത്തുഞെരിച്ച് കൊന്നതോ?; മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ
Mail This Article
ചാലക്കുടി∙ അബുദാബിയിൽ രണ്ടരവർഷം മുൻപ് കൊല്ലപ്പെട്ട ഡെൻസിയുടെ മൃതദേഹം വിശദ പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിലേക്കു മാറ്റി. ലഭ്യമായ മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇന്ന് വൈകിട്ടു തന്നെ മൃതദേഹം ചാലക്കുടി സെന്റ് ജോസഫ് പള്ളിസെമിത്തേരിയിൽ തിരിച്ചെത്തിച്ച് അടക്കം ചെയ്യും.
രാവിലെ ഒൻപതോടെ പള്ളി സെമിത്തേരിയിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. ഡെൻസിയെ കഴുത്തുഞെരിച്ച് കൊന്നു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റീ പോസ്റ്റുമോർട്ടം. മൃതദേഹം പുറത്തെടുക്കുമ്പോൾ അസ്ഥികൾ മാത്രമായ നിലയിലായിരുന്നു. വിശദപരിശോധനയ്ക്കു വേണ്ടി രാവിലെ 11.15ഓടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. റിപ്പോർട്ട് ലഭിക്കാൻ ഒരു മാസമെങ്കിലും സമയമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെൻസി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെൻസിയെയും 2020 മാർച്ച് 5നാണ് അബുദാബിയിൽ മരിച്ച നിലയിൽ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനം. ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാൻ, കുത്രാടൻ അജ്മൽ, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിൻ നൽകിയ നിർദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്നും ഇവർ മൊഴി നൽകിയിരുന്നു. ഒരാഴ്ച മുൻപു ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
English Summary: Re-postmortem of Dency who died in Abu dhabi