ഗുലാം നബിക്ക് പിന്നാലെ ആനന്ദ് ശര്‍മയും കോൺഗ്രസ് വിടുമോ? അഭ്യൂഹം ശക്തം
Mail This Article
ന്യൂഡൽഹി ∙ ഗുലാം നബി ആസാദിനു പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശര്‍മയും പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. അടുത്തിടെ, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആനന്ദ് ശർമ രാജിവച്ചിരുന്നു. ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജിവച്ചതിനു പിന്നാലെയായിരുന്നു ആനന്ദ് ശർമയുടെ രാജി.
ഗുലാം നബി ആസാദ് കശ്മീരിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ഗുലാം നബിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിൽനിന്ന് രാജിവച്ച കശ്മീരിലെ 8 പ്രമുഖ നേതാക്കൾ പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിെജപിയുമായി ധാരണ ഉണ്ടാക്കുമെന്നും സൂചനയുണ്ട്.
മുന്‍ മന്ത്രിയും പിസിസി വൈസ് പ്രസിഡന്‍റുമായ ജി.എം.സരൂരി, പിസിസി വൈസ് പ്രസിഡന്‍റും എംഎല്‍എയുമായ ഹാജി അബ്ദുൽ റഷീദ്, മുന്‍ എംഎല്‍എ മുഹമ്മദ് അമീന്‍ ഭട്ട്, മുന്‍ എംഎല്‍എയും അനന്ത് നാഗ് ഡിസിസി പ്രസിഡന്‍റുമായ ഗുൽഡസാര്‍ അഹമ്മദ് വാനി, മുന്‍ എംഎല്‍എ ചൗധരി മുഹമ്മദ് അക്രം തുടങ്ങിയവരടക്കമാണ് രാജിവച്ചത്.
രാജിക്കത്തിൽ ഗുലാം നബി ആസാദ്, രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത് കോൺഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഒളിഞ്ഞും തെളിഞ്ഞുമൊക്കെ പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബത്തിനെതിരെ ഇത്ര ശക്തമായ പരസ്യവിമര്‍ശനം ആദ്യമാണ്. ജി–23 ഉയര്‍ത്തിയ കലാപം വന്‍ പൊട്ടിത്തെറിയിലേക്ക് പോകുന്നതിന്‍റെ തുടക്കമാണ് ഗുലാം നബിയുടെ രാജിയെന്നും വിലയിരുത്തലുണ്ട്.
ബിജെപി പാളയത്തിലേക്കാണ് ഗുലാം നബിയുടെ പോക്കെന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. രാജ്യസഭാംഗത്വം അവസാനിച്ചശേഷവും ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ തുടരാന്‍ ഗുലാം നബിക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയതും കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനൊപ്പം ചൂണ്ടിക്കാട്ടുന്നു.
English Summary: Anand Sharma likely resign from Congress