പ്രളയത്തിൽ വലഞ്ഞ് പാക്കിസ്ഥാൻ; സ്വാറ്റിൽ ഒലിച്ചുപോയത് 24 പാലങ്ങൾ, 50 ഹോട്ടലുകൾ
Mail This Article
ഇസ്‌ലാമാബാദ്∙ കനത്ത മഴയെത്തുടർന്ന് പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ ചൊവ്വാഴ്ച വരെ ‘മഴ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു. സ്വാറ്റ് നദി വലിയതോതിൽ കരകവിഞ്ഞ് ഒഴുകുമെന്ന മുന്നറിയിപ്പും പ്രവിശ്യയുടെ ദുരന്തനിവാരണ വിഭാഗം നൽകി. സ്വാറ്റ് മേഖലയിൽ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയി.
ബലൂചിസ്താനിലും സിന്ധ് പ്രവിശ്യയിലും 30 ദശലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. മരണം 1000 ആയെന്നും ദശലക്ഷക്കണക്കിനു പേർക്ക് സാമ്പത്തിക സഹായം വേണ്ടതുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാറ്റ്, ഷംഗ്‌ള, മിംഗോറ, കോഹിസ്താൻ മേഖലകളിൽ മിന്നൽ പ്രളയങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രളയബാധിത മേഖലകളിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൈന്യത്തെ വിളിക്കാൻ പാക്ക് സർക്കാർ തീരുമാനിച്ചു. നിലവിൽ 982 പേർ പ്രളയം മൂലം മരിച്ചതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽമാത്രം 45 പേരാണ് മരിച്ചത്.
English Summary: Pak Flood Situation to Worsen as Rivers Indus, Swat Continue to Swell, Death Toll Inches Towards 1,000