ADVERTISEMENT

പനജി∙ ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിനെ റസ്റ്ററന്റിലെ പാർട്ടിക്കിടെ നിർബന്ധിച്ച് കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സൊനാലിയുടെ മരണത്തിൽ അറസ്റ്റിലായ അവരുടെ സഹായികളിൽ ഒരാളായ സുധീർ സാഗ്‌വനാണ് സൊനാലിയെ നിർബന്ധിച്ച് ‘ഒരു പാനീയം’ കുടിപ്പിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

പാർട്ടിക്കിയെ സൊനാലി ഫൊഗട്ട് കുടിച്ച പാനീയത്തിൽ സഹായികൾ സംശയകരമായ രീതിയിൽ എന്തോ പൊടി കലർത്തിയിരുന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു. നടിയുടെ അറസ്റ്റിലായ സഹായികൾ സുധീർ സാഗ്‌വൻ, സുഖ്‌വിന്ദർ വസി എന്നിവർ ഇതു സമ്മതിക്കുകയും ചെയ്തിരുന്നു. അപകടകാരിയായ രാസവസ്തുക്കൾ കലർത്തിയ പാനീയം രണ്ടുവട്ടം സൊനാലി കുടിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഈ മാസം 22ന് ഗോവയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ സൊനാലിയും സഹായികളും അന്നു രാത്രിയാണ് അഞ്ജുന ബീച്ചിലെ പാർട്ടി സ്പോട്ടുകളിൽ ഒന്നായ ‘കുർലീസ്’ റസ്റ്ററന്റിൽ എത്തിയത്.‍ 23ന് പുലർച്ചെ നാലരയോടെ സൊനാലിയെ റസ്റ്ററന്റിലെ ശുചിമുറിയിലേക്കു കൊണ്ടുപോയതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശുചിമുറിക്കുള്ളിൽ രണ്ടു മണിക്കൂറോളം മൂവരും ചെലവഴിച്ചു. സൊനാലിയെ ഇതിനു ശേഷം താമസിച്ചിരുന്ന ഹോട്ടലിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിലെത്തും മുൻപു മരിച്ചു.

ഹൃദയസ്തംഭനം മൂലമാണ് സൊനാലി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സൊനാലിയുടെ സഹോദരൻ റിങ്കു ധാക്ക ഇതിനോടു വിയോജിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു. സൊനാലിയുടെ മൃതദേഹത്തിൽ മൂർച്ചയില്ലാത്ത ആയുധം പ്രയോഗിച്ചതു മൂലമുള്ള പരുക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഗോവ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച നടത്തിയ പോസ്റ്റ്മോ‌ർട്ടത്തിലാണ് പരുക്കുകൾ കണ്ടെത്തിയത്.

സൊനാലിയുടെ സഹായികളെ കൂടാതെ ‘കുർലീസ്’ റസ്റ്ററന്റ് ഉടമ എഡ്‌വിൻ ന്യൂൺസ്, ലഹരി ഇടപാടുകാരനായ ദത്തപ്രസാദ് ഗാവോങ്കർ എന്നിവരെയും പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സുധീറിനും സുഖ്‌വിന്ദറിനുമൊപ്പം പാർട്ടിയിലുണ്ടായിരുന്ന മറ്റു 2 സ്ത്രീകളെയും റസ്റ്ററന്റിൽനിന്ന് ആശുപത്രിയിലെത്തിച്ച ടാക്സി ഡ്രൈവറെയും ചോദ്യം ചെയ്യുന്നുണ്ട്.

സൊനാലി ഫോഗട്ട്. Photo: sonali_phogat_official / Instagram
സൊനാലി ഫോഗട്ട്. Photo: sonali_phogat_official / Instagram

ഹരിയാനയിലെ ഹിസാർ സ്വദേശിയായ സൊനാലിയുടെ മൃതദേഹം വെള്ളിയാഴ്ച അവിടെ ദഹിപ്പിച്ചു. മകൾ യശോധര ചിതയ്ക്കു തീകൊളുത്തി. ടിക്ക് ടോക്കിലൂടെയാണ് സൊനാലി ആദ്യം പ്രശസ്തി നേടിയത്. പിന്നീട് റിയാലിറ്റി ഷോയിൽ താരമായി. ഇൻസ്റ്റഗ്രാമിലും ആരാധകരുണ്ട്. 2019ൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2020ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. സൊനാലിയുടെ ഭർത്താവ് സഞ്ജയ് ഫൊഗട്ടിനെ 2016ൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

English Summary: CCTV Shows Sonali Phogat Forced To Drink At Club Hours Before Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com