ബിഎംസി മാത്രമല്ല, ഉദ്ധവിന്റെ തകർച്ച ലക്ഷ്യം; ഒരുമിക്കുമോ രാജ് താക്കറെയും ബിജെപിയും?
Mail This Article
എംഎൻഎസ് തലവൻ രാജ് താക്കറെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തിങ്കൾ രാവിലെ മുംബൈയിലെ സാഗർ ബംഗ്ലാവിൽ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി അഭ്യൂഹങ്ങൾ. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത പ്രഹരം ഏൽപ്പിച്ച് വിജയം ഉറപ്പാക്കാനുള്ള നീക്കമാണിതെന്ന് റിപ്പോർട്ടുകളുണ്ട്. 55 ശിവസേന എംഎൽഎമാരിൽ 40 പേരുടെ പിന്തുണയാണ് ഏക്നാഥ് ഷിൻഡെയ്ക്ക് ഉള്ളത്. എന്നാൽ സാധാരണ ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്ന വാദമാണ് ഉദ്ധവ് പക്ഷം ഉയർത്തുന്നത്. സംസ്ഥാനത്തെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന റാലികളും മറ്റുമായി ഉദ്ധവ് വിഭാഗം സജീവമായി രംഗത്തുമുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ ബിഎംസി തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് ഉദ്ധവ് പക്ഷത്തെ പാടെ തകർക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് സൂചന.
ശിവ്‌തീർഥിലേക്ക് നേതാക്കളുടെ ഒഴുക്ക്
ശസ്ത്രക്രിയയ്ക്കുശേഷം രാജ് താക്കറെ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്ന സമയമാണിത്. ഫഡ്നാവിസിനെ ഔദ്യോഗിക വസതിയായ സാഗർ ബംഗ്ലാവിൽ പോയാണ് താക്കറെ കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടുവെന്നാണ് വിവരം. അതിന്റെ തലേ രാത്രി ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ താക്കെറെയുടെ ശിവ്‌തീർഥ് എന്ന വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുളെയും രാജ് താക്കറെയെ കാണുമെന്നാണു റിപ്പോർട്ട്. നേരത്തേ പലപ്പോഴും പല ബിജെപി നേതാക്കളും രാജിനെ കാണാനെത്തിയിരുന്നെങ്കിലും ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇവയുടെ രാഷ്ട്രീയ പ്രാധാന്യം വർധിച്ചത്.
അടുത്തിടെയായി പല യോഗങ്ങളിലും ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണ് രാജ് സ്വീകരിച്ചിരിക്കുന്നത്. ബിഎംസി തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരുപാർട്ടികളും തമ്മിൽ സഖ്യമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണു സൂചന. എന്നാൽ എംഎൻഎസുമായുള്ള സഖ്യസാധ്യത മുൻപ് പലവട്ടം ബിജെപി തള്ളിയിട്ടുള്ളതുമാണ്. സാധാരണയായി എല്ലാ രാഷ്ട്രീയ നേതാക്കന്മാരും രാജിനെ ശിവ്‌തീർഥ് എന്ന വസതിയിൽ എത്തിയാണു കണ്ടിരുന്നത്. പക്ഷേ, തിങ്കളാഴ്ച ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാജ്, സാഗർ ബംഗ്ലാവിലേക്കു പോയി. അതു രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയുമായി. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ച് ഇരുപക്ഷങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലക്ഷ്യം ബിഎംസി മാത്രമല്ല, ഉദ്ധവിനെ തകർക്കാൻ രാജ്?
ഉദ്ധവിനെ തകർക്കണമെങ്കിൽ ഏക്നാഥ് ഷിൻഡെ വിഭാഗത്തെ മാത്രം കൂടെനിർത്തിയിട്ട് കാര്യമില്ലെന്നു ബിജെപിക്ക് അറിയാം. അതിനുള്ള തുറുപ്പുചീട്ടാണ് രാജ് താക്കറെയും എംഎൻഎസും. ഹിന്ദുത്വ വിഷയത്തിൽ ശരദ് പവാറിനെയും ഉദ്ധവിനെയും ലക്ഷ്യമിട്ട് രാജ് നടത്തിയ പ്രസ്താവനകൾ പലപ്പോഴും വിവാദമായിരുന്നു. എംഎൻഎസിനെ ഉപയോഗിച്ചു ഹിന്ദുത്വ വികാരം വീണ്ടും ഉണർത്തി ബിഎംസി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ബിജെപിക്കു കഴിയുമെന്ന വിലയിരുത്തലുണ്ട്.
മൂപ്പതോളം വർഷമായി ബിഎംസി ശിവസേനയുടെ കൈയിലാണ്. ഏഷ്യയിലെ ഏറ്റവും സമ്പന്ന നഗരസഭയാണ് ബിഎംസി. 37,000 കോടി രൂപയുടേതാണു വാർഷിക ബജറ്റ്. സംസ്ഥാനത്ത് എൻസിപി – കോൺഗ്രസ് സഖ്യം ഭരിച്ചപ്പോഴും ബിഎംസി ശിവസേനയുടെ കൈയിൽ ഭദ്രമായിരുന്നു. 2017ലെ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സീറ്റ് തർക്കത്തെത്തുടർന്ന് ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. അന്ന് 84 സീറ്റുമായി ശിവസേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. 82 സീറ്റുമായി ബിജെപിയും കോൺഗ്രസ് (31), എൻസിപി (7), എംഎൻഎസ് (6) എന്നിവർ പിന്നിലുമായി എത്തി. മേയർ പദവിയെച്ചൊല്ലി തർക്കമുണ്ടാക്കാതെ ശിവസേനയ്ക്ക് ബിജെപി വിട്ടുകൊടുത്തു. ഇതിനുമുൻപത്തെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിൽനിന്ന് 51 സീറ്റാണ് 2017ൽ ബിജെപിക്ക് കൂടുതലായി ലഭിച്ചത്. അന്നുമുതൽ ഇരുകക്ഷികളുമായുണ്ടായിരുന്ന ഉരസലുകൾ നിയമസഭാ തിരഞ്ഞെടുപ്പോടെ പുറത്തുവരികയും എൻസിപിയും കോൺഗ്രസുമായി ചേർന്നു ശിവസേന സർക്കാർ രൂപീകരിക്കുകയും ചെയ്തു. അതിനിടെ എംഎൻഎസിന്റെ ആറു വിജയികൾ പിന്നീടു ശിവസേനയിൽ ചേരുകയും ചെയ്തു.
കൂടിക്കാഴ്ച എന്തിനാണെന്നതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും സഖ്യ സാധ്യത തള്ളിക്കളയാനാകില്ലെന്നാണു വിവരം. ഔദ്യോഗികമായി സഖ്യം പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ തീരുമാനം ആയില്ലെങ്കിലും സീറ്റ് പങ്കിടലും മറ്റും സംസാരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. 31 മുതൽ ആരംഭിക്കുന്ന ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ മുംബൈ സന്ദർശിക്കുമ്പോൾ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ വന്നേക്കാം.
അതേസമയം, എംഎൽഎമാരും എംപിമാരും അടക്കം കൈവിട്ടിട്ടും പാർട്ടി തന്നെ കൈവിട്ടുപോയേക്കാവുന്ന സ്ഥിതി ആയിട്ടും ജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ലെന്നു കാണിക്കാനുള്ള തത്രപ്പാടിലാണ് ഉദ്ധവ് താക്കറെ പക്ഷം. അതുകൊണ്ടുതന്നെ ബിഎംസി തിരഞ്ഞെടുപ്പിൽ അവർക്കു ജയിച്ചേ പറ്റൂ. മറാഠ സംഘടനയായ സംഭാജി ബ്രിഗേഡുമായി അടുത്തിടെ ഉദ്ധവ് വിഭാഗം സഖ്യം രൂപീകരിച്ചിരുന്നു. പ്രമുഖ വിശ്വഹിന്ദു പരിഷത് നേതാവ് ഉദ്ധവ് കദം അടുത്തിടെ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നതും ഈ ലക്ഷ്യത്തിലേക്കുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
എന്നാൽ ബിഎംസിയിൽ മാത്രമല്ല, താനെയിലും മറ്റു പ്രമുഖ നഗരങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിലും ഉദ്ധവ് താക്കറെക്കെതിരെ കടുത്ത പോരാട്ടം നടത്താനാണ് ഏക്നാഥ് ഷിൻഡെ – ബിജെപി തീരുമാനം. ജൂണിൽ നടന്ന എംഎൽസി തിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും എംഎൻഎസിന്റെ ഏക എംഎൽഎ പിന്തുണച്ചത് ബിജെപിയെ ആയിരുന്നെന്നത് യാദൃച്ഛികമാണെന്നു കരുതാനാവില്ല.
English Summary: MNS-BJP alliance soon? Raj Thackeray goes to meet Devendra Fadnavis