ADVERTISEMENT

റാഞ്ചി∙ പരീക്ഷയ്ക്ക് മനഃപൂർവം മാർക്ക് കുറച്ചുവെന്ന് ആരോപിച്ച് അധ്യാപകനെയും സ്കൂളിലെ രണ്ട് ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർഥികൾ കെട്ടിയിട്ട് മർദിച്ചു. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അധ്യാപകൻ മാർക്ക് കുറച്ചുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. 32 വിദ്യാർഥികൾ ഉള്ള ക്ലാസിൽ 11 പേർക്ക് ഡി ഗ്രേഡ് കിട്ടിയതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. ഡി ഗ്രേഡ് തോറ്റതിനു തുല്യമാണ്. സ്കൂൾ മാനേജ്മെന്റ് പരാതി നൽകാൻ തയാറാകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അധ്യാപകനായ കുമാർ സുമൻ, ക്ലർക്ക് ലിപിക് സുനിറാം, അചിന്തോ കുമാർ മാലിക് എന്നിവരെയാണു വിദ്യാർഥികൾ മാവിൽ കെട്ടിയിട്ട് മർദ്ദിച്ചത്. മർദ്ദനത്തിൽ മൂന്നു പേർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

പരാതിപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്കൂളിലെ വിദ്യാർഥികളുടെ ഭാവി നശിക്കുമെന്നായിരുന്നു മറുപടിയെന്നു പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോടു പ്രതികരിച്ചു. സ്കൂളിലെ ക്ലർക്കിനും മർദനമേറ്റു. ഇരുവരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. 200ൽപരം വിദ്യാർഥികളാണ് സ്കൂളിലുള്ളത്. ഇവരിൽ ഭൂരിഭാഗവും അക്രമത്തിൽ പങ്കെടുത്തവരാണെന്നു പൊലീസ് പറയുന്നു. സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു മർദനത്തിനിരയായ കണക്ക് ടീച്ചർ. പിന്നീട് അകാരണമായി ഇയാളെ ആ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.

അധ്യാപകൻ മാർക്ക് നൽകുന്നതിൽ കാണിച്ച ഉദാസീനതയാണ് ഇത്രയധികം കുട്ടികൾ പരീക്ഷയിൽ തോൽക്കാൻ കാരണമെന്നാണ് വിദ്യാർഥികളുടെ വാദം. വിദ്യാർഥികൾ തോറ്റത് പ്രാക്ടിക്കൽ പരീക്ഷയ്ക്കാണോ അതോ തിയറി പേപ്പറിനാണോ എന്നു വ്യക്തമല്ലെന്നും മാർക്ക് ഷീറ്റുകൾ കാണിക്കാൻ സ്കൂൾ മാനേജ്മെന്റ് തയാറായില്ലെന്നും പൊലീസ് വെളിപ്പെടുത്തി.

അതേസമയം, പ്രാക്ടിക്കൽ പരീക്ഷയ്ക്കു ലഭിച്ച മാർക്ക് ഫലപ്രഖ്യാപനത്തിൽ പരിഗണിച്ചില്ലെന്നു പറഞ്ഞാണു വിദ്യാർഥികൾ മർദിച്ചതെന്ന് മർദനമേറ്റ അധ്യാപകൻ കുമാർ സുമൻ പ്രതികരിച്ചു. ‘‘കുട്ടികളുടെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞാണ് അവർ വിളിച്ചുവരുത്തിയത്. ഇവിടെയെത്തിയപ്പോൾ അവരുടെ മാർക്കിൽ കൃത്രിമം കാട്ടിയെന്നു കുറ്റപ്പെടുത്തി. അവരുടെ പ്രാക്ടിക്കലിന്റെ മാർക്ക് ചേർക്കാത്തതു കൊണ്ടാണ് അപ്രകാരം സംഭവിച്ചത്. സത്യത്തിൽ അത് ഹെഡ്മാസ്റ്റർ ചെയ്യേണ്ട ജോലിയായിരുന്നു. ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല’ – കുമാർ സുമൻ പറഞ്ഞു.

English Summary: Jharkhand: Students tie teachers to trees, beat them up for giving fewer marks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com