ADVERTISEMENT

കോട്ടയം∙ ഒരു മാസമായി സുജിത്തിന്റെ കാറിൽ ജീവനെടുക്കാന്‍ പോന്ന അപകടകാരിയായ ഒരു ‘വിഐപി’ സഞ്ചാരിയുണ്ടായിരുന്നു. ഉടമ പോലും അറിയാതെ നൂറുകണക്കിന് കിലോമീറ്റര്‍ ദൂരം നിശബ്ദനായി യാത്ര ചെയ്തു ഏറ്റവും അപകടകാരിയായ ആ സഹയാത്രികൻ. മലപ്പുറം വഴിക്കടവിൽ നിന്നാണ് ‌കൊടുംവിഷമുള്ള രാജവെമ്പാല സുജിത്തിന്റെ കാറിൽ കയറിപ്പറ്റിയത്. പിന്നീട് കൃത്യം ഒരുമാസം ഈ രാജവെമ്പാലയുടെ താമസം സുജിത്തിന്റെ കാറിലായിരുന്നു. വഴിക്കടവിൽനിന്നും കോട്ടയത്തേക്കും തുടർന്ന് പലയിടത്തേക്കും കുടുംബത്തിന്റെ കൂടെയും അല്ലാതെയും സുജിത്തിന്റെ കാർ ഓടി. അപ്പോഴൊക്കെയും ആരെയും ഉപദ്രവിക്കാതെ രാജവെമ്പാല കാറിൽ തങ്ങി. ഒടുവിൽ അയൽവാസിയുടെ വീട്ടുപരിസരത്തുനിന്നുമാണ് പാമ്പിനെ പിടികൂടിയത്.

പാമ്പിനെ പിടിച്ചതോടെ ശ്വാസം നേരെ വീണ അവസ്ഥയിലാണെന്ന് സുജിത്ത് മനോരമ ഓൺലൈനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് സുജിത്ത് പറയുന്നതിങ്ങനെ: ‘‘വഴിക്കടവിൽ കാടിനോട് ചേർന്നുള്ള പ്രദേശത്തായിരുന്നു ജോലി. ഓഗസ്റ്റ് രണ്ടിനാണ് വഴിക്കടവിൽ വച്ച് കാറിൽ പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ എത്തി പരിശോധിക്കുകയും െചയ്തു. എന്നാൽ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സർവീസ് സെന്ററിൽ കൊണ്ടുപോയി കാർ കഴുകി വൃത്തിയാക്കി. വനംകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് വണ്ടി ഏറെ നേരം സ്റ്റാർട്ട് ചെയ്തിട്ടു. അതിനുശേഷം ഓഗസ്റ്റ് അഞ്ചിനാണ് വാഹനവുമായി വഴിക്കടവിൽ നിന്നും തിരിച്ചു പോന്നത്. അപ്പോഴും വാഹനം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര പുറപ്പെട്ടത്. 

‘‘പിന്നീട് കുടുംബവുമായും പല സ്ഥലത്തും പോയി. ഏറെയും കാറിൽ ഒറ്റയ്ക്കായിരുന്നു യാത്ര. ഇതിനിടയ്ക്കും കാറിൽ പരിശോധന നടത്താറുണ്ടായിരുന്നു. നാട്ടിലെത്തി ഇരുപത് ദിവസം കഴിഞ്ഞാണ് കാറിൽ പാമ്പിന്റെ പടം കണ്ടത്. ഇതോടെ കാറിൽ പാമ്പുണ്ടെന്ന് ഉറപ്പിച്ചു. വാവ സുരേഷിനെ വിളിച്ചു വരുത്തി പരിശോധിച്ചു. കാണാതെ വന്നതോടെ സർവീസ് സെന്ററിൽ നിന്നും ആളെ വരുത്തി വാഹനം അഴിച്ചു നോക്കി. എന്നാൽ പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് വാഹനത്തിൽ നിന്നും ഇറങ്ങിപ്പോയെന്ന് ഉറപ്പായി. വീണ്ടും പത്ത് ദിവസം കഴിഞ്ഞാണ് പാമ്പിനെ അയൽവാസിയുെട വീടിന്റെ പരിസരത്ത് കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പാമ്പിനെ പിടികൂടിയതോടെയാണ് ആശ്വാസമായത്.’’

രാജവെമ്പാല വഴിക്കടവിൽനിന്നു തന്നെ എത്തിയതാകാനാണ് സാധ്യതയെന്ന് പാമ്പിനെ പിടിച്ച വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കാരനായ അബീഷ് പറഞ്ഞു. ‘‘ഈ പ്രദേശത്ത് രാജവെമ്പാലയുണ്ടാകൻ സാധ്യതയില്ല. ചൂട് കൂടിയ സ്ഥലങ്ങളിൽ ഇവയ്ക്ക് ജീവിക്കാൻ സാധിക്കില്ല. കാലാവസ്ഥയും മറ്റും മാറിയതിനാലാകാം പിടിക്കാനെത്തുമ്പോള്‍ പാമ്പ് വളരെ അക്രമകാരിയായിരുന്നു. ഒരുമാസം കറിനുള്ളിലോ പരിസരത്തോ തന്നെ കഴിഞ്ഞിരിക്കാനാണ് സാധ്യത. രാത്രിയിൽ ഇരപിടിച്ച് പകൽ എവിടെയെങ്കിലും മറഞ്ഞിരുന്നിരിക്കാം. എട്ടര അടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പ്രായം കണക്കാക്കാൻ സാധിക്കില്ല. ഗവിയിലാണ് പാമ്പിനെ തുറന്നു വിടുക’’– അബീഷ് പറഞ്ഞു.       

English Summary: King Cobra in Kottayam Arpookara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com