‘എനിക്ക് തന്ന വാക്ക് പാലിച്ചു, സന്തോഷം’; വാവ സുരേഷിനെ അഭിനന്ദിച്ച് വാസവൻ
Mail This Article
പത്തനംതിട്ട ∙ കോന്നിയിൽ ജനവാസമേഖലയിൽ എത്തിയ രാജവെമ്പാലയെ വാവ സുരേഷ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സേഫ്റ്റി ബാഗും ഹുക്കും ഒക്കെയായാണ് സുരേഷ് എത്തിയത്. വനംവകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ ആദ്യ പാമ്പുപിടിത്തം ആയിരുന്നു ഇത്. ഇതിനു പിന്നാലെ അഭിനന്ദനവുമായി മന്ത്രി വി.എൻ.വാസവൻ രംഗത്തെത്തി.
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കഴിയുമ്പോൾ തനിക്ക് നൽകിയ വാക്ക് പാലിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:
വനംവകുപ്പ് നിയമങ്ങൾ പാലിച്ച് പാമ്പുപിടിത്തം പുനരാരംഭിച്ച വാർത്ത അറിഞ്ഞു. പ്രിയ വാവ സുരേഷിന് ഒരായിരം അഭിനന്ദനങ്ങൾ. കഴിഞ്ഞ അപകടത്തിന് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ വച്ച് അദ്ദേഹം എനിക്ക് തന്ന വാക്കായിരുന്നു ഇനി പാമ്പിനെ പിടിക്കുമ്പോൾ വനം വകുപ്പ് നിയമങ്ങൾ പാലിച്ചായിരിക്കും ചെയ്യുക എന്നത്. അദ്ദേഹം ആ വാക്ക് നിറവേറ്റിയതിൽ വളരെ അധികം സന്തോഷമുണ്ട്.
പത്തനംതിട്ട കോന്നിയിൽ ജനവാസ മേഖലയിൽ എത്തിയ രാജവെമ്പാലയെ പിടിക്കാനാണ് സേഫ്റ്റ് ബാഗും ഹുക്കും ഒക്കെയായി വാവ സുരേഷ് എത്തിയതെന്ന് വായിച്ചു. വനംവകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ 'ആദ്യത്തെ പാമ്പുപിടിത്തം' ആയിരുന്നു ഇത്.
ഇനി അങ്ങോട്ടുള്ള രക്ഷാ പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ടുപോവാൻ കഴിയണമെന്ന് ആശംസിക്കുന്നു. കേരളത്തിലെ എല്ലാ അനിമൽ റെസ്ക്യൂവേഴ്സും ഈ മാതൃക പിന്തുടരണം.
English Summary: Minister VN Vasavan on Vava Suresh