ലഡാക്കിൽ ഇന്ത്യ-ചൈന സേന പിൻമാറ്റം തുടങ്ങി; നേർക്കുനേർ ഇനി ഡെസ്പാങ്ങിൽ മാത്രം
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന സൈനികർ നേർക്കുനേർനിന്ന ഗോഗ്ര - ഹോട്സ്പ്രിങ്‌സ് മേഖലയിൽനിന്ന് സൈനിക പിൻമാറ്റം തുടങ്ങി. ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചു തുടങ്ങി. ഇരുരാജ്യങ്ങളും നടത്തിയ 16ാം കമാൻഡർ തല ചർച്ചകൾക്കൊടുവിലാണു നടപടി.
ഉസ്ബെക്കിസ്ഥാനിൽ അടുത്തയാഴ്ച ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും എത്തുന്നുണ്ട്. ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനു മുന്നോടിയായി സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു വിലയിരുത്തുന്നു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക വിശദീകരണമില്ല.
കിഴക്കൻ ലഡാക്കിൽ ഇനി സൈനികർ നേർക്കുനേർ നിൽക്കുന്നത് ഡെസ്പാങ്ങിൽ മാത്രമാണ്. 2020ന് മുൻപ് എങ്ങനെയായിരുന്നോ ആ സ്ഥിതിയിലേക്ക് ചൈനീസ് സേന പിന്മാറുമെന്നാണ് കരുതുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
English Summary: LAC Standoff: Indian, Chinese Troops Begin Disengaging at Gogra-Hotsprings