‘ഹെലിക്കോപ്റ്റർ നിഷേധിച്ചു, പതാക ഉയർത്തലും...; വിവേചനമെന്ന് തെലങ്കാന ഗവർണർ
Mail This Article
ഹൈദരാബാദ്∙ സ്ത്രീയായതിനാൽ തനിക്കെതിരെ തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നെന്ന ആരോപണവുമായി ഗവർണർ തമിഴിസൈ സൗന്ദരരാജൻ. സർക്കാരിന്റെ ഹെലിക്കോപ്റ്റർ പോലും തനിക്ക് അനുവദിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്താനും ഗവർണറുടെ സന്ദേശം നൽകുന്നതിനുള്ള അവസരവും സർക്കാർ നിഷേധിച്ചെന്നും അവർ ആരോപിച്ചു.
‘‘എപ്പോഴൊക്കെ എനിക്ക് ജനങ്ങളുമായി സമ്പർക്കം വരുന്ന പരിപാടികൾ വരുമോ അപ്പോഴൊക്കെ എന്തെങ്കിലുമൊരു ബുദ്ധിമുട്ട് സൃഷ്ടിക്കും. വനിതാ ഗവർണറോട് എങ്ങനെയൊക്കെ വിവേചനം കാട്ടാമെന്ന ചരിത്രമാണ് സംസ്ഥാനം എഴുതുന്നത്’’ – ഗവർണർ സ്ഥാനത്ത് മൂന്നു വർഷം തികയ്ക്കുന്ന അവസരത്തിൽ പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
‘‘മുളുഗു ജില്ലയിലെ സമക്ക സരക്കയിൽ (ഗോത്ര ഉത്സവം) പങ്കെടുക്കാൻ സർക്കാരിനോട് ഹെലിക്കോപ്റ്റർ ആവശ്യപ്പെട്ടിരുന്നു. റോഡ് മാർഗമുള്ള യാത്രയ്ക്ക് 8 മണിക്കൂറോളം എടുക്കുന്നതിനാലാണ് ഹെലികോപ്റ്റർ ചോദിച്ചത്. എന്നാൽ അവസാന നിമിഷം വരെ ഹെലിക്കോപ്റ്റർ അനുവദിക്കുമോ ഇല്ലയോ എന്ന് അവർ അറിയിച്ചില്ല. അതേത്തുടർന്ന് പിറ്റേന്ന് രാവിലെ കാറിൽ പോകേണ്ടിവന്നു. വൈകിട്ടു നാലു മണിക്ക് അവസാനിക്കുന്ന ചടങ്ങിൽ ഒരു വിധത്തിലാണ് എത്താനായത്.
ഒരാളെ കുറ്റപ്പെടുത്താനല്ല ഇക്കാര്യം പറയുന്നത്. ഗവർണറുടെ ഓഫിസ് ബഹുമാനിക്കപ്പെടണം. ഇതുമാത്രമല്ല, റിപ്പബ്ലിക് ദിനത്തിൽ ഗവർണറുടെ സന്ദേശം അറിയിക്കുന്നതിനുള്ള അവസരം നിഷേധിച്ചു. പതാക ഉയർത്താനുള്ള അവസരവും നിഷേധിക്കപ്പെട്ടു. ഇപ്പോൾപ്പോലും എവിടെപ്പോയാലും പ്രോട്ടോക്കോൾ പൂർണമായി പാലിക്കപ്പെടുന്നില്ല. കലക്ടർ വരാറില്ല. എനിക്ക് പ്രശ്നമില്ല. പക്ഷേ, പദവിക്ക് ബഹുമാനം തരണം.
വിവേചനങ്ങൾ തളർത്തില്ല. പുരുഷന്മാരെക്കാൾ അധികം ഞാൻ ജോലി ചെയ്യാറുണ്ട്. സ്ത്രീയാണെന്നതുകൊണ്ട് ഏതെങ്കിലും അലോട്ട്മെന്റ് കൊണ്ടോ സംവരണം കൊണ്ടോ എനിക്കൊന്നും വേണ്ട. സ്ത്രീത്വത്തെ ബഹുമാനിക്കണം. ഇപ്പോൾ പറ്റുന്നിടത്തോളം കാറിലോ ട്രെയിനിലോ ആണ് യാത്ര’’ – അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണറുടെ ആരോപണങ്ങളോട് ടിആർഎസോ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരോ പ്രതികരിച്ചില്ല. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷയായിരുന്ന തമിഴിസൈ സൗന്ദരരാജന്റെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന ഉന്നയിക്കുന്നവരുമുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ടിആർഎസ് ഭരിക്കുന്ന സംസ്ഥാന സർക്കാരും തമ്മിൽ ഭിന്നതകളുണ്ട്. 2024ലെ തിരഞ്ഞെടുപ്പിൽ മോദിയെ എതിർക്കാന്‍ പ്രതിപക്ഷത്തെ ഒരുക്കുന്ന നീക്കങ്ങളാണ് കെസിആറിൽനിന്ന് ഉണ്ടാകുന്നത്.
English Summary: Video: "Denied Chopper, Flag-Hoisting..." - Telangana Governor Alleges Sexism By KCR Government