രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്ന് സ്മൃതി ഇറാനി; മറുപടിയുമായി കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞയാഴ്ച കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിന് തെളിവുസഹിതം മറുപടിയുമായി കോൺഗ്രസ്. സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന വിഡിയോയ്ക്കൊപ്പം, രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്ന വിഡിയോ കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
വിവേകാനന്ദനെ ആദരിക്കുന്നത് രാഹുൽ ഗാന്ധിക്ക് സ്വീകാര്യമല്ലെന്ന് സ്മൃതി ഇറാനി വിഡിയോയിൽ പറയുന്നു. അതിനു മറുവശത്തുള്ള വിഡിയോയിൽ കൂപ്പുകൈകളോടെ വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയെ കാണാം. രാഹുൽ ഗാന്ധി വിവേകാനന്ദന്റെ പ്രതിമയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നതും വിഡിയോയിലുണ്ട്.
‘‘എന്തൊരു വിഡ്ഢിത്തമാണ് ചെയ്യുന്നത്. വിഡ്ഢികളായവരെ ദൈവം അനുഗ്രഹിക്കട്ടെ’’ എന്ന് വിഡിയോയ്ക്കൊപ്പം കോൺഗ്രസ് വക്താവ് പവൻ ഖേര ട്വീറ്റ് ചെയ്തു. സ്മൃതി ഇറാനിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. ബിജെപി നുണകൾ പ്രചരിപ്പിക്കുന്നതിൽ വിശ്വസിക്കുന്നുവെന്നും കാര്യങ്ങൾ വ്യക്തതയോടെ കാണാൻ സ്മൃതി ഇറാനിക്ക് പുതിയ കണ്ണട ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: After Smriti Irani's Charge, Congress's 'Fact-Check' Video