വീണ്ടും ‘കിങ് മേക്കർ’ ആകാൻ ലാലു; ആർജെഡി അധ്യക്ഷനായി തുടർന്നേക്കും
Mail This Article
പട്ന∙ ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഒക്ടോബർ 10നു ഡൽഹിയിൽ നടക്കും. ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നാണു സൂചന. അനാരോഗ്യം കാരണം മാറാൻ ലാലു നേരത്തേ ആലോചിച്ചിരുന്നു. മകൻ തേജസ്വി യാദവിനെ നിയോഗിക്കാനായിരുന്നു നീക്കം.
അതിനിടെയാണു ബിഹാറിലെ രാഷ്ട്രീയ മാറ്റത്തിൽ തേജസ്വി യാദവിനു ഉപമുഖ്യമന്ത്രി പദം കൈവന്നത്. തേജസ്വിക്കു ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാൽ പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം തൽക്കാലമുണ്ടാകില്ല. 1997ൽ ആർജെഡി രൂപീകരിച്ചതു മുതൽ ലാലുവാണ് ദേശീയ അധ്യക്ഷൻ.
തേജസ്വിയെ ദേശീയ അധ്യക്ഷനാക്കാനുള്ള ലാലുവിന്റെ നീക്കത്തോടു മക്കളായ മിസ ഭാരതിയും തേജ് പ്രതാപ് യാദവും വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. തേജസ്വി ദേശീയ അധ്യക്ഷനായാൽ സംസ്ഥാന അധ്യക്ഷ സ്ഥാനം തനിക്കാകണമെന്ന തേജ് പ്രതാപിന്റെ അവകാശവാദം ലാലുവും അംഗീകരിച്ചില്ല.
മുഖ്യമന്ത്രി നിതീഷ് കുമാർ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള പ്രയത്നത്തിലായതിനാൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനു സർക്കാർ കാര്യങ്ങളിൽ കൂടുതൽ ചുമതലകൾ നിറവേറ്റേണ്ടി വരും. മുന്നണിയിലെ വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ തേജസ്വിയെ ഭാവി മുഖ്യമന്ത്രിയായി അംഗീകരിച്ചു കൊണ്ടാണു നിതീഷ് മഹാസഖ്യത്തിലേക്കു തിരിച്ചെത്തിയത്.
പ്രതിപക്ഷ ഐക്യ നീക്കങ്ങളുടെ ഭാഗമായി വൈകാതെ ലാലുവും നിതീഷ് കുമാറും ഒരുമിച്ചു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തും. ദേശീയ പ്രതിപക്ഷ രാഷ്ട്രീയത്തിൽ വീണ്ടും ‘കിങ് മേക്കർ’ റോളിലെത്താനാണു ലാലുവിന്റെ ശ്രമം.
English Summary: Lalu Prasad Yadav to continue as RJD chief