സുകാഷ് കേസ്: നടി ജാക്വിലിൻ ഹാജരായി, പിങ്കി ഇറാനിയുമായി ഒരുമിച്ചിരുത്തി ചോദ്യംചെയ്യും
Mail This Article
ന്യൂഡൽഹി∙ കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടിയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്തു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നടിയെ ചോദ്യംചെയ്തത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഡൽഹി മന്ദിര്‍ മാര്‍ഗിലെ ഓഫിസില്‍ ജാക്വിലിൻ ചോദ്യംചെയ്യലിനായി ഹാജരായത്.
ജാക്വിലിനെ സുകേഷിന് പരിചയപ്പെടുത്തി നല്‍കിയെന്ന് പറയുന്ന പിങ്കി ഇറാനിയും ബുധനാഴ്ച ചോദ്യചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
സുകേഷുമായുള്ള ബന്ധം, ലഭിച്ച സമ്മാനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായ ചോദ്യാവലി ജാക്വിലിൻ ഫെർണാണ്ടസിനായി ഡൽഹി പൊലീസ് തയാറാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അടുത്ത രണ്ടു ദിവസം കൂടി ചോദ്യം ചെയ്യൽ നീളാൻ സാധ്യതയുണ്ടെന്നും ഡൽഹിയിൽ തന്നെ താമസിക്കുന്നതിനുള്ള സൗകര്യം കണ്ടെത്തണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ശ്രീലങ്കൻ സ്വദേശിനിയായ ജാക്വിലിൻ, 2009ലാണു ബോളിവുഡ് സിനിമയിലെത്തിയത്. കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖറുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നു വ്യക്തമായതിനെ തുടർന്ന്, ഇഡി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ജാക്വിലിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജാക്വിലിന് സുകാഷ് നിരവധി സമ്മാനങ്ങൾ നൽകിയതായും ഇഡി കണ്ടെത്തിയിരുന്നു. മലയാളി നടി ലീന മരിയ പോളും സുകാഷും ചേർന്നു നടത്തിയ വൻ സാമ്പത്തികത്തട്ടിപ്പുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary: Actor Jacqueline Fernandez Questioned In Rs. 200-Crore Extortion Case