പാക്ക് ഭീകര ഡ്രോണുകള് തരിപ്പണമാക്കും; 100 ആളില്ലാവിമാനം വാങ്ങാൻ വ്യോമസേന
![Unmanned Aerial Systems | UAV | Drone Photo by Fabrice COFFRINI / AFP ആളില്ലാ വിമാനം. Representational Image Photo by Fabrice COFFRINI / AFP](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/9/14/unmanned-aerial-systems-uav-afp.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെമ്പാടുമുള്ള വ്യോമത്താവളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 100 ആളില്ലാ വിമാനങ്ങൾ (അൺമാൻഡ് ഏരിയൽ സിസ്റ്റംസ്– യുഎഎസ്/യുഎവി) വാങ്ങാനൊരുങ്ങി വ്യോമസേന. ഇന്ത്യയിലെ നിർമാതാക്കളിൽനിന്നാകും യുഎവികൾ വാങ്ങുക. കഴിഞ്ഞവർഷം ജമ്മുവിലെ വ്യോമത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണു നിർണായക തീരുമാനം.
കഴിഞ്ഞവർഷം ജൂണിൽ ജമ്മുവിലുണ്ടായ ഡ്രോൺ ആക്രമണം ഇത്തരത്തിൽ രാജ്യത്തുതന്നെ ആദ്യത്തേതായിരുന്നു. ഇതോടെ സുരക്ഷാ മുൻകരുതലുകൾ വർധിപ്പിക്കേണ്ടത് അനിവാര്യമായി. സ്ഫോടകവസ്തുക്കൾ നിറച്ച 2 ഡ്രോണുകൾ പുലർച്ചെ വ്യോമതാവളത്തിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ആദ്യ ആക്രമണത്തിൽ ഹൈ സെക്യൂരിറ്റി ടെക്നിക്കൽ ഏരിയയിലെ ഒറ്റനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. 6 മിനിറ്റിനു ശേഷം സമീപമുള്ള തുറസ്സായ സ്ഥലത്ത് ഇടിച്ചിറക്കിയ രണ്ടാം ഡ്രോണും വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
ആക്രമണത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങൾക്കു പരുക്കേറ്റു. പാക്ക് ഭീകരർ ഉയർത്തുന്ന പുതിയ വെല്ലുവിളിയിലേക്കാണ് ജമ്മുവിലെ ഡ്രോൺ ആക്രമണം വിരൽചൂണ്ടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. അതിർത്തി വഴി ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരിവസ്തുക്കളും കള്ളനോട്ടും കടത്താൻ ഡ്രോണുകൾ ഉപയോഗിച്ചിരുന്ന ഭീകരർ, അതു ഭീകരാക്രമണ മാർഗമായും കണ്ടുതുടങ്ങിയത് അതീവ ഗൗരവമേറിയ വിഷയമാണെന്നു സേനാ വൃത്തങ്ങളും വ്യക്തമാക്കി.
![Predator Drone Photo by JOHN MOORE / Getty Images via AFP പ്രിഡേറ്റർ ഡ്രോൺ. ഫയൽ ചിത്രം: JOHN MOORE / Getty Images via AFP](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പഞ്ചാബിലെ അതിർത്തി ഗ്രാമങ്ങൾ, ജമ്മു കശ്മീർ അതിർത്തിയോടു ചേർന്നുള്ള വന മേഖലകൾ എന്നിവിടങ്ങളിലേക്കാണു ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങളും ലഹരിവസ്തുക്കളും കള്ളനോട്ടും എത്തിക്കുന്നത്. 200 അടി ഉയരത്തിൽ, 20 കിലോ വരെ ഭാരം ചുമന്നു പറക്കാനാകുന്ന ഡ്രോണുകളാണ് പാക്ക് ഭീകരർ ഉപയോഗിക്കുന്നത്. പാക്ക് മേഖലയിൽനിന്നു വരുന്ന ഡ്രോണുകൾ ഇന്ത്യൻ സേനാംഗങ്ങൾ വെടിവച്ചിടുകയാണു പതിവ്. കാഴ്ചയിൽ പെടാതിരിക്കാൻ, ഇവയിലധികവും രാത്രിയാണ് അതിർത്തി കടന്നെത്തുന്നത്.
155 കോടി ചെലവിട്ടു ഹൈദരാബാദ് ആസ്ഥാനമായ സെൻ ടെക്നോളജീസിന്റെ ആന്റി–ഡ്രോൺ സംവിധാനം നേരത്തേ വ്യോമസേന സ്വന്തമാക്കിയിരുന്നു. പുതിയ യുഎവി ഇടപാട് ഡ്രോൺ ആക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ സേനയെ പ്രാപ്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു ന്യൂസ്18 റിപ്പോർട്ട് ചെയ്തു. ശത്രുക്കളും ഭീകരരും അയയ്ക്കുന്ന യുഎവികളെ കണ്ടെത്താനും പ്രതിരോധിക്കാനും വേണ്ടിവന്നാൽ തിരിച്ചടിക്കാനും പുതിയ യുഎവികൾ സഹായിക്കുമെന്നാണു കണക്കുകൂട്ടൽ.
English Summary: IAF to Buy 100 UAVs to Protect Bases after Last Year’s Drone Attack on Jammu Air Force Station