ADVERTISEMENT

ന്യൂഡൽഹി∙ കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട സാമ്പത്തികത്തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഉൾപ്പെടെ ചോദ്യം ചെയ്തതിനു പിന്നാലെ ഇഡി കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമാരംഗത്തുള്ള നാല് പേർ സുകാഷ് ചന്ദ്രശേഖറിനെ ജയിലിലെത്തി സന്ദർശിച്ചതായാണു കുറ്റപത്രത്തിൽ പറയുന്നത്. നികിത തംബോലി, ചാഹത് ഖന്ന, സോഫിയ സിങ്, അരുഷ പാട്ടീൽ എന്നീ നടികളാണു തിഹാർ ജയിലിലെത്തി സുകാഷിനെ സന്ദർശിച്ചത്.

സുകാഷിന്റെ അനുയായി പിങ്കി ഇറാനി വഴിയാണ് ഇവർ ജയിലിലെത്തിയത്. വിവിധ പേരുകളിലാണു സുകാഷിനെ പിങ്കി ഈ നടികൾക്കു പരിചയപ്പെടുത്തിയത്. സന്ദർശിച്ചതിനു പകരമായി പണവും മറ്റു വിലകൂടി സമ്മാനങ്ങളും ഈ നടിമാർക്കു സുകാഷ് സമ്മാനിച്ചതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. ജയിലിനുള്ളിൽ വൻ സുഖസൗകര്യങ്ങളാണു സുകാഷിന് ഒരുക്കിയിരുന്നതെന്നാണ് നടികൾ ഇഡിക്കു നൽകിയ മൊഴിയിൽ പറയുന്നത്.

‘ഓഫിസ്’ എന്ന പേരിൽ സുകാഷ് ഉപയോഗിച്ചിരുന്ന മുറിയിലെത്തിയാണ് ഇവർ സന്ദർശനം നടത്തിയത്. ധാരാളം ഗാഡ്‌ജറ്റുകൾ, ടിവി, പ്ലേ സ്റ്റേഷൻ, എസി, ആപ്പിൾ ബ്ലൂടൂത്ത് സ്പീക്കറുകൾ, ലാപ്‌ടോപ്പുകൾ, ഒരു സോഫ, കൂളർ, ഫ്രിജ്, ഫോണുകൾ, റോളക്സ് വാച്ചുകൾ, വിലകൂടിയ ബാഗുകൾ തുടങ്ങിയവ ഇവിടെയുണ്ടായിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.

∙ നികിത തംബോലി

ബിഗ് ബോസ് ഫെയിം നികിത തംബോലിയുടെ മൊഴിപ്രകാരം ‘ശേഖർ’ എന്ന പേരിലാണ് പിങ്കി ഇറാനി, സുകാഷിനെ പരിചയപ്പെടുത്തിയത്. ദക്ഷിണേന്ത്യൻ നിർമാതാവും സുഹൃത്തുമാണെന്നാണു പറഞ്ഞിരുന്നത്. രണ്ടു തവണ നികിത സുകാഷിനെ തിഹാർ ജയിലിനുള്ളിൽ കണ്ടുമുട്ടിയതായി കുറ്റപത്രത്തിൽ പറയുന്നു. 2018 ഏപ്രിലിലെ ആദ്യ സന്ദർശനത്തിൽ, പിങ്കി ഇറാനി സുകാഷിൽനിന്ന് 10 ലക്ഷം രൂപ പണമായി സ്വീകരിച്ചു, അതിൽ 1.5 ലക്ഷം നികിതയ്ക്കു നൽകി.

Nikita-Tamboli-15
നികിത തംബോലി

ഇതിനു രണ്ടോ മൂന്നോ ആഴ്‌ചയ്‌ക്കു ശേഷം, നികിത ഒറ്റയ്ക്കു സുകാഷിനെ കാണാൻ പോയപ്പോൾ രണ്ടു ലക്ഷം രൂപയും ഒരു വിലകൂടിയ ബാഗും നൽകി. 2021 ഡിസംബർ 15നാണ് ഇഡി നികിതയുടെ മൊഴി രേഖപ്പെടുത്തിയത്. 2018ൽ വാട്സാപ് വഴിയാണ് പിങ്കി തന്നെ സമീപിച്ചതെന്നും സിനിമ കോർഡിനേറ്ററും നിർമാതാവുമാണെന്നാണു പറഞ്ഞിരുന്നതെന്നും നികിത ഉദ്യോഗസ്ഥരോടു പറഞ്ഞു.

∙ ചാഹത് ഖന്ന

ദക്ഷിണേന്ത്യൻ ചാനലിന്റെ ഉടമയായ ശേഖർ റെഡ്ഡി എന്നാണു സുകാഷിനെ പിങ്കി തനിക്കു പരിചയപ്പെടുത്തിയതെന്ന് നടി ചാഹത് ഖന്ന ഇഡിക്കു നൽകിയ മൊഴിയിൽ പറയുന്നു. ബഡേ അച്ചേ ലഗ്‌തേ ഹേ എന്ന സീരിയലിലൂടെയാണു ചാഹത് ഖന്ന പ്രശസ്തയായത്.

Chahat-Khanna-15
ചാഹത് ഖന്ന

2018 മേയിലാണ് ചാഹത്, സുകാഷിനെ തിഹാർ ജയിലിനുള്ളിലെ ഓഫിസിൽ സന്ദർശിച്ചത്. ഇതിനു പകരമായി നടിക്ക് രണ്ടു ലക്ഷം രൂപയും വാച്ചും പിങ്കി ഇറാനി നൽകി. 2018ൽ, ഏഞ്ചൽ എന്ന പേരിലാണ് പിങ്കി ചാഹത് ഖന്നയെ സമീപിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2021 ഡിസംബർ 16നാണ് ചാഹത്തിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയത്.

∙ സോഫിയ സിങ്

ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് സുകാഷ് ചന്ദ്രശേഖറിനെ കാണാൻ പിങ്കി തന്നെ സമീപിച്ചതെന്നാണ് നടി സോഫിയ സിങ് ഇഡി ഉദ്യോഗസ്ഥർക്കു നൽകിയ മൊഴി. ശേഖർ റെഡ്ഡി എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. രണ്ടു തവണ സോഫിയ സിങ് തിഹാർ ജയിലിൽവച്ച് സുകാഷ് ചന്ദ്രശേഖറിനെ കണ്ടിരുന്നു.

Sophia-Singh-15
സോഫിയ സിങ്

2018 മേയിലെ ആദ്യ സന്ദർശനത്തിനുശേഷം, സുകാഷ് സോഫിയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ നിക്ഷേപിച്ചു. 15 ദിവസത്തിനു ശേഷം, സുകാഷ് ചന്ദ്രശേഖറിനെ കാണാൻ സോഫിയ ഒറ്റയ്ക്കു പോയി. അപ്പോൾ ഒരു വിലകൂടി ബാഗും സോഫിയയുടെ അക്കൗണ്ടിലേക്ക് 1.5 ലക്ഷം രൂപയും സുകാഷ് നൽകിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു.

∙ അരുഷ പാട്ടീൽ

സുകാഷ് ചന്ദ്രശേഖറിനെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലെന്നും വാട്സാപ്പിൽ ചാറ്റു ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് നടി അരുഷ പാട്ടീൽ നൽകിയ മൊഴി. 2020 ഡിസംബറിൽ ഏഞ്ചൽ അഥവാ അഫ്രീൻ എന്നയാളാണ് തന്നെ സുകാഷിനു പരിചയപ്പെടുത്തിയെന്നാണ് അരുഷ പറയുന്നത്. ഇതു പിങ്കി ഇറാനി തന്നെയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സുകാഷിൽനിന്ന് 5.20 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും അതിൽ ഒരു ലക്ഷം പിങ്കി ഇറാനിക്ക് കൈമാറിയെന്നും 2022 ജനുവരി 3ന് ഇഡിക്ക് നൽകിയ മൊഴിയിൽ അരുഷ പറഞ്ഞു.

English Summary: 4 female actors met conman Sukesh in Tihar jail, received money, expensive gifts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com