ADVERTISEMENT

മുംബൈ∙ അനാഥരെ വിശേഷിപ്പിക്കാൻ ‘അനാഥൻ’ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ സാമൂഹിക അപമാനമില്ലെന്ന് ബോംബെ ഹൈക്കോടതി. അനാഥൻ എന്ന വാക്ക് മാറ്റി സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കാൻ ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ സ്വനാഥ് ഫൗണ്ടേഷൻ നൽകിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് മാധവ് ജാംധർ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്.

‘‘മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ നേരത്തേതന്നെ കരുതൽ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ നിസ്സഹായനായ, ഇല്ലായ്മയുള്ള കുട്ടിയാണന്ന തോന്നലുണ്ടാകും സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ സ്വയം പര്യാപ്തതയുള്ള, ആത്മവിശ്വാസമുള്ള കുട്ടിയായി കണക്കാക്കപ്പെടും’’ – ഹർജിയിൽ പറയുന്നു.

എന്നാൽ, അനാഥൻ എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നു കോടതി പറഞ്ഞു.‘‘അതു മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സാമൂഹിക അപമാനമാകുമെന്ന വാദത്തോടു യോജിക്കുന്നില്ല. അതു മാറ്റേണ്ട ആവശ്യമില്ല’’. സന്നദ്ധസംഘടനയുടെ പേരായ സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കുകയാണോ വേണ്ടതെന്നും ഹർജിക്കാരനോടു കോടതി ചോദിച്ചു.

‘‘അനാഥൻ എന്നുപയോഗിക്കുന്നതിൽ എന്ത് അപമാനമാണ് ഉള്ളത്. ഇംഗ്ലിഷ് വാക്ക് ഓർഫൻ എന്നാണ്. ഹിന്ദി, മറാഠി, ബംഗാളി ഭാഷയിലൊക്കെ അനാഥൻ എന്ന വാക്കിന്റെ പര്യായം ആണ് ഉപയോഗിക്കുന്നത്. വാക്ക് മാറ്റണമെന്നു പറയാൻ ഹർജിക്കാരൻ ആരാണ്? ഭാഷയെക്കുറിച്ച് അയാൾക്ക് എന്തറിയാം?’’ – കോടതി ചോദിച്ചു.

അതേസമയം, ഇത്തരം കുട്ടികളെ വിശേഷിപ്പിക്കാൻ മറ്റൊരു പേര് ഉപയോഗിക്കണമെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ ഉദയ് വാരുൻജികർ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു.

English Summary: No stigma attached to the word 'anaath' (orphan), no need to change it: HC dismisses PIL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com