രാജ്ഞിയുടെ സംസ്കാര സമയം ശബ്ദം പാടില്ല; 100 വിമാനങ്ങൾ റദ്ദാക്കി ബ്രിട്ടിഷ് എയർവേയ്സ്
Mail This Article
ലണ്ടൻ∙ ഔദ്യോഗിക ബഹുമതികളോടെ എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നടക്കുന്ന സമയം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്നുള്ള 100 വിമാനങ്ങളുടെ സർവീസ് ബ്രിട്ടിഷ് എയർവേയ്സ് റദ്ദാക്കി. മറ്റു വിമാനങ്ങളുടെ സമയക്രമം മാറ്റുകയും ചെയ്തു. എലിസബത്ത് രാജ്ഞിയുടെ സംസ്കാര സമയത്ത് വിമാനങ്ങൾ സർവീസ് നടത്തുമ്പോഴുണ്ടാകുന്ന ശബ്ദം കുറയ്ക്കാൻ വേണ്ടിയാണിത്. തിങ്കളാഴ്ചയാണ് സംസ്കാരം.
ഈ പുനഃക്രമീകരണം ഹീത്രോ വിമാനത്താവളത്തിലെ 15% സർവീസുകളെ ബാധിക്കും. പ്രാദേശിക സമയം പകൽ 11.40 മുതൽ 12.10 വരെ അരമണിക്കൂർ നേരം വിമാനസർവീസുകൾ ഒന്നുമുണ്ടാകില്ല. സംസ്കാരത്തിന്റെ അവസാന സമയം രണ്ടു മിനിറ്റ് നിശബ്ദത പാലിക്കും ഈ സമയവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മാത്രമല്ല, രാജ്ഞിയുടെ ഭൗതികശരീരവുമായി പ്രദക്ഷിണം നടക്കുമ്പോൾ ഉച്ചകഴിഞ്ഞ് 1.45 മുതൽ 35 മിനിറ്റു നേരം ഹീത്രോയിൽ വിമാനങ്ങള്‍ ഇറങ്ങാൻ അനുവദിക്കില്ല. പ്രദക്ഷിണം വിൻഡ്സർ കാസിലിലേക്ക് അടുക്കുമ്പോൾ വൈകുന്നേരം 3.05ന് ഒരു മണിക്കൂർ 40 മിനിറ്റ് നേരം വിമാനങ്ങൾ പുറപ്പെടുന്നതിനും വിലക്കുണ്ടാകും. സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്ന രാത്രി 9 മണി വരെ വിമാന സർവീസുകളിൽ നിയന്ത്രണം ഉണ്ടാകും.
ബുദ്ധിമുട്ട് ഉണ്ടായ ഉപയോക്താക്കൾക്ക് മറ്റു മാർഗങ്ങൾ സ്വീകരിക്കുകയോ റീഫണ്ട് സ്വീകരിക്കുകയോ ചെയ്യാമെന്ന് എയർലൈൻ വക്താവ് അറിയിച്ചു. രാജ്ഞിയുടെ മൃതദേഹം ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് വെസ്റ്റ്മിനിസ്റ്റർ ഹാളിലേക്കു കൊണ്ടുവന്നപ്പോൾ ബുധനാഴ്ചയും വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
English Summary: British Airways Scrap 100 Flights To Cut Noise For Queen's Funeral