സഫൂറ സര്‍ഗർ ക്യാംപസിൽ പ്രവേശിക്കരുത്: വിലക്കുമായി ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല
Mail This Article
ന്യൂഡൽഹി ∙ ഗവേഷകയും ആക്ടിവിസ്റ്റുമായ സഫൂറ സര്‍ഗറിനെ ക്യാംപസിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കി ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല. പ്രബന്ധം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ എംഫില്‍ പ്രവേശനം റദ്ദാക്കിയതിനു പിന്നാലെയാണു വിലക്ക്. സഫൂറ സംഘടിപ്പിച്ച പ്രതിഷേധങ്ങളും പ്രകടനങ്ങളുമാണു വിലക്കേര്‍പ്പെടുത്താനുള്ള കാരണമായി സര്‍വകലാശാല പറയുന്നത്.
‘‘മുന്‍ വിദ്യാർഥിനിയായ സഫൂറ സര്‍ഗര്‍ അപ്രസക്തമായ വിഷയങ്ങള്‍ക്കെതിരെ ക്യാംപസില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. ഇതുവഴി സമാധാനപരമായ അക്കാദമിക് അന്തരീക്ഷത്തെ ശല്യപ്പെടുത്തി. സമരക്കാരിൽ കൂടുതലും പുറത്തുനിന്നുള്ളവരായിരുന്നു. നിഷ്കളങ്കരായ ചില വിദ്യാർഥികളെ കൂട്ടുപിടിച്ചു സർവകലാശാലാ പ്ലാറ്റ്‌ഫോം തന്റെ രാഷ്ട്രീയ അജൻഡയ്ക്കായി ഉപയോഗിക്കാനു ശ്രമിച്ചു. സ്ഥാപനത്തിന്റെ ദൈംനംദിന പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തി’’– സഫൂറയെ വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ സർവകലാശാല വ്യക്തമാക്കി.
സഫൂറയുടെ പ്രവേശനം റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്കു സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടിസും അയച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2020 ഏപ്രിലില്‍ യുഎപിഎ പ്രകാരം സഫൂറ സര്‍ഗറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 2020 ജൂണില്‍ ഗര്‍ഭിണിയായിരുന്നതു പരിഗണിച്ചാണ് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇവർക്കു ജാമ്യം ലഭിച്ചത്.
English Summary: Jamia Milia Islamia has banned research scholar and activist Safoora Zargar from entering the campus