‘ഇതു യുദ്ധത്തിനുള്ള സമയമല്ല’: പുട്ടിനോട് മോദി; പുകഴ്ത്തി യുഎസ് മാധ്യമങ്ങൾ
Mail This Article
വാഷിങ്ടൻ∙ഇപ്പോൾ യുക്രെയ്നുമായി യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങൾ. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന മോദി–പുട്ടിൻ കൂടിക്കാഴ്ചയാണ് യുഎസ് മാധ്യമങ്ങൾ ഏറ്റെടുത്തത്.
‘പ്രധാനമന്ത്രി മോദി യുക്രെയ്നിലെ യുദ്ധത്തിൽ പുട്ടിനെ വിമർശിച്ചു’ എന്ന തലക്കെട്ടിലാണ് യുഎസ് ദിനപത്രമായ വാഷിങ്ടൻ പോസ്റ്റ് വാർത്ത നൽകിയത്. ‘‘അതിശയകരമായ പരസ്യവിമർശനത്തിൽ, മോദി പുട്ടിനോട് പറഞ്ഞു: ‘ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല, ഇതിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഫോണിൽ സംസാരിച്ചിച്ചിരുന്നു. 69കാരനായ റഷ്യൻ ഭരണാധികാരി (പുട്ടിൻ) എല്ലാ കോണുകളിൽനിന്നും അസാധാരണമായ സമ്മർദ്ദത്തിന് വിധേയനാകുന്നെന്ന് ഇതു കാണിക്കുന്നു.’’– വാഷിങ്ടൻ പോസ്റ്റിലെ വാർത്തയിൽ പറയുന്നു.
പ്രധാനമന്ത്രി മോദിക്ക്, പുട്ടിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, ‘‘യുക്രെയ്നിലെ സംഘർഷത്തിൽ നിങ്ങൾ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചു ഞാൻ മനസ്സിലാക്കുന്നു. ഇത് എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. നിർഭാഗ്യവശാൽ, എതിർപക്ഷം (യുക്രെയ്ൻ നേതൃത്വം) ചർച്ച ഉപേക്ഷിക്കുകയും ‘യുദ്ധഭൂമിയിൽ’ സൈനിക മാർഗങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കും.’’
ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും കൂടിക്കാഴ്ച നടത്തിയത്. വാഷിങ്ടൻ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ് തുടങ്ങിവയുടെ ഓൺലൈൻ എഡിഷനുകളിലും മോദി–പുട്ടിൻ കൂടിക്കാഴ്ച പ്രധാന വാർത്തയായി.
‘ഇപ്പോൾ യുദ്ധത്തിന്റെ യുഗമല്ലെന്ന് ഇന്ത്യയുടെ നേതാവ് പുട്ടിനോട് പറഞ്ഞു’– എന്നായിരുന്നു ന്യൂയോർക്ക് ടൈംസ് വാർത്തയുടെ തലക്കെട്ട്. ‘കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു. ഇരുനേതാക്കളും തങ്ങളുടെ ദീർഘകാല ചരിത്രത്തെക്കുറിച്ചു പരാമർശിച്ചു. മോദി അഭിപ്രായം പറയുന്നതിന് മുൻപു തന്നെ യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക തനിക്ക് മനസ്സിലായെന്ന് പുട്ടിൻ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യൻ പ്രസിഡന്റുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ അഭിപ്രായങ്ങൾ തുറന്നുപറയാതിരുന്നപ്പോൾ മോദി, വളരെ വ്യക്തമായി കാര്യങ്ങൾ ബോധിപ്പിച്ചതായും ന്യൂയോർക്ക് ടൈംസ് വാർത്തയിൽ പറയുന്നു.
English Summary: US Media Praises PM Modi Telling Putin It's Not A Time For War In Ukraine