കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: വഫ ഫിറോസിന്റെ വിടുതൽ ഹർജി വിധി പറയുന്നത് മാറ്റി
Mail This Article
തിരുവനന്തപുരം∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കോലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി പറയുന്നത് അടുത്ത മാസം 14 ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തിങ്കളാഴ്ച കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനും വിടുതൽ ഹർജി സമർപ്പിച്ചിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശ്രീറാമിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശം ഇല്ല എന്നാണ്. ഇതു കാരണം തനിക്കെതിരെയുള്ള പൊലീസ് കേസ് നിലനിൽക്കില്ലന്നും ഇത് ഒരു സാധാരണ മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് എന്നും ശ്രീറാം വാദിച്ചു. വിടുതൽ ഹർജിയിൽ തർക്കം ഉണ്ടെങ്കിൽ ഇത് സമർപ്പിക്കാൻ സർക്കാരിനോട് ജഡ്ജി സനിൽ കുമാർ നിർദേശിച്ചു. കേസ് പരിഗണിച്ചപ്പോൾ രണ്ടാം പ്രതി വഫ കോടതിൽ ഉണ്ടായിരുന്നു. ഒന്നാം പ്രതി ശ്രീറാം ജോലി തിരക്ക് കാരണം ഹാജരായില്ല എന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെടുന്നത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടർ കൂടിയായ ശ്രീറാം രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ പരിശോധന നടത്താൻ സമ്മതിക്കാത്തതിനാൽ 10 മണിക്കൂറിനുശേഷം നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. രക്ത പരിശോധന വൈകിപ്പിക്കാൻ പൊലീസ് ഒത്തുകളിച്ചതായും ആരോപണം ഉയർന്നു.
മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. 50 കിലോമീറ്റർ വേഗപരിധിയുള്ള വെള്ളയമ്പലം–മ്യൂസിയം റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ അലക്ഷ്യമായും അപകടകരമായും കാർ ഓടിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 2020 ഫെബ്രുവരിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതു പോലും ഏറെ സമ്മർദങ്ങൾക്കൊടുവിലായിരുന്നു. എന്നാൽ മൂന്നു പ്രാവശ്യം സമൻസ് അയച്ചിട്ടും പ്രതികൾ നഗരത്തിൽ ഉണ്ടായിട്ടും കോടതിയിൽ ഹാജരായില്ല. നാലാം തവണ ഹാജരായി ജാമ്യവും നേടി. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണു പൊലീസ് ഹാജരാക്കിയത്. 100 സാക്ഷി മൊഴികളുമുണ്ട്.
മദ്യപിച്ച് അമിത വേഗത്തിലും അപകടകരമായും വാഹനമോടിച്ചാൽ അപകടമുണ്ടായി യാത്രക്കാർക്കും കാൽനടക്കാർക്കും മരണം സംഭവിക്കാമെന്നും പൊതുമുതൽ നശിക്കുമെന്നും ബോധ്യമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്നു കുറ്റപത്രത്തിൽ പറയുന്നു. 2020 ഫെബ്രുവരി മൂന്നിനു പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കുകയായിരുന്നു.
English Summary: Verdict on remission petition of wafa firoz in accident death of KM Basheer