ഭർതൃവീട്ടിൽ ലക്ഷ്മി മരിച്ചതിൽ ദുരൂഹതയെന്ന് കുടുംബം; ‘ആവശ്യപ്പെട്ട സ്വർണവും പണവും നൽകി’
Mail This Article
കൊല്ലം∙ ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍. അടൂർ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ളയാണു മരിച്ചത്. വിദേശത്തു നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവിന്റെ മൊഴി.
ചടയമംഗലം മണ്ണാംപറമ്പ് പ്ലാവിള വീട്ടിൽ കിഷോറിന്റെ ഭാര്യ എൻജിനീയറിങ് ബിരുദധാരി ലക്ഷ്മിയുടെ മരണത്തിലാണ് ദുരൂഹത. ഒരു വര്‍ഷം മുന്‍പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തില്‍നിന്ന് കഴിഞ്ഞദിവസം രാവിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. എന്നാലിതില്‍ ദുരൂഹതയുണ്ടെന്നാണ് ലക്ഷ്മിയുടെ വീട്ടുകാരുടെ ആരോപണം.
വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നു. കിരണിന്റെ വീട്ടിൽ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. മൃതദേഹം പഴകുളത്തെ വീട്ടില്‍ സംസ്കരിച്ചു. പരാതിയില്‍ ചടയമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്.
English Summary: Kollam Lakshmi Pillai death case updates