ഹത്രസിന് പിന്നാലെ വര്‍ഗീയ കലാപത്തിന് പദ്ധതി; സമാഹരിച്ചത് 120 കോടി രൂപ: ഇഡി
Mail This Article
ന്യൂഡൽഹി ∙ പോപ്പുലര്‍ ഫ്രണ്ടിനെതിരെ (പിഎഫ്ഐ) കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഹത്രസ് സംഭവത്തിന് പിന്നാലെ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാലുപേര്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നും ലക്നൗ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹത്രസ് സംഭവത്തിന് പിന്നാലെ സമുദായ സൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയ കലാപത്തിനും നീക്കമുണ്ടായി. പോപ്പുലര്‍ ഫ്രണ്ട് അംഗവും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.എ.റൗഫ് ഷെരീഫ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കി. ഇവര്‍ക്ക് വിദേശത്തുനിന്ന് 1.36 കോടി രൂപയുടെ ധനസഹായം ലഭിച്ചു. മലയാളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഷെഫീഖ് പായം ഖത്തറിലെ സജീവ പിഎഫ്ഐ അംഗമായിരുന്നു. ഷെഫീഖ് വഴി റൗഫിന് പണമയച്ചു. സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ 4 പേരുടെ ഹത്രസിലേക്കുള്ള യാത്ര ഗൂഢലക്ഷ്യത്തോടെയായിരുന്നു. സമുദായ സൗഹാര്‍ദം തകര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. വഴിമധ്യേ യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഏതാണ്ട് 120 കോടിയോളം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചത്. ആയിരത്തിലധികം അക്കൗണ്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതുണ്ട്. 2020ലെ ഡല്‍ഹി കലാപത്തിലും വിദേശ ഫണ്ടിങ്ങുണ്ടായി. കലാപം ആളിക്കത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായും ഇഡി പറയുന്നു. ഷെഫീഖ് പായം ഉള്‍പ്പെടെയുള്ളവര്‍ ഒക്ടോബര്‍ മൂന്നുവരെ ഇഡിയുടെ കസ്റ്റഡിയിലാണ്.
English Summary: Enforcement directorate against PFI