ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി; മുസോളിനിക്ക് ശേഷം തീവ്രവലത് സർക്കാർ?
Mail This Article
റോം ∙ ഇറ്റലിയിൽ ജോർജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‍സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാകും ഇറ്റലി മധ്യ-വലതുപക്ഷ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നത്. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലെത്തുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വോട്ടെടുപ്പിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മെലോനി എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന സർക്കാർ ആയിരിക്കും അധികാരത്തിൽ വരികയെന്നു പ്രതികരിച്ചു.
സഖ്യകക്ഷികൾ വിശ്വാസവോട്ടിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജിവച്ചിരുന്നു. തുടർന്നാണു രാജ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആറ് മാസം കഴിഞ്ഞ് നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെയായതും ഇക്കാരണത്താലാണ്. വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. 227 മുതൽ 257 സീറ്റുകൾ വരെ വലതുപക്ഷ സഖ്യം നേടുമെന്നാണ് പ്രവചനം. ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരത്തിലേറുക.
ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി. ഇവരുൾപ്പെടുന്ന മുന്നണി അധികാരത്തിലെത്തിയാൽ ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തിൽ വരികയെന്നാണു വിലയിരുത്തൽ.
മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും. 15 വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ഇടമുണ്ട്. ഇറ്റലിയിലെ പിയാചെൻസ നഗരത്തിൽ 55 വയസ്സുകാരിയായ യുക്രെയ്‌ൻ സ്ത്രീ ലൈംഗിക അതിക്രമത്തിനിരയാകുന്ന വിഡിയോ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പങ്കുവച്ച് മെലോനി പുലിവാൽ പിടിച്ചിരുന്നു.
English Summary: Giorgia Meloni: Italy's far right set to win election - exit polls