അനിൽ ചൗഹാൻ പുതിയ സംയുക്ത സേനാ മേധാവി; ബിപിൻ റാവത്തിന് പിൻഗാമി
Mail This Article
ന്യൂഡൽഹി∙ ലഫ്. ജനറൽ (റിട്ട.) അനിൽ ചൗഹാൻ പുതിയ സംയുക്ത സേനാ മേധാവി. കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന അനിൽ ചൗഹാൻ, കഴിഞ്ഞ വർഷമാണ് സൈന്യത്തിൽനിന്ന് വിരമിച്ചത്. പ്രഥമ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച് 9 മാസങ്ങൾക്കുശേഷമാണ് നിയമനം.
കരസേനയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ആയും അനിൽ ചൗഹാന് പ്രവർത്തനപരിചയമുണ്ട്. നാഗാലാൻഡിലെ ദിമാപുർ ആസ്ഥാനമായുള്ള സേനാ കമാൻഡ് (സ്പിയർ കോർ) മേധാവിയുമായിരുന്നു. സൈനിക സേവനത്തിലെ മികവിനു അദ്ദേഹത്തിനു കീർത്തിചക്ര നൽകിയിരുന്നു. കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
2020 ജനുവരിയിൽ ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ചുമതലയേറ്റ ജനറൽ ബിപിൻ റാവത്ത്, തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് കഴിഞ്ഞ ഡിസംബർ 8നാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും മരിച്ചു.
English Summary: Centre appoints Lt Gen Anil Chauhan as new CDS